കൊല്ലം: കോര്‍പ്പറേഷനില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി അട്ടിമറിക്കാന്‍ നീക്കം. ഗുണഭോക്താക്കളുടെ മുന്‍ഗണനാക്രമം മറി കടന്ന് ഇഷ്ടക്കാര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള ചില കൗണ്‍സിലര്‍മാര്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് വിവാദമാകുന്നത്. വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരൈ പരാതികളുമായി മേലധികാരികളെ സമീപിച്ചിരിക്കുകയാണ് മേയറടക്കമുള്ളവര്‍.
എസ്‌സി പ്രൊമോട്ടര്‍മാരടക്കമുള്ളവരാണ് സമ്മര്‍ദ്ദം നേരിടുന്നത്. കോര്‍പ്പറേഷന്‍ സെക്രട്ടറി കൈമാറിയ പട്ടിക മുന്‍ഗണനാ ക്രമത്തില്‍ അംഗീകരിച്ച് നടപ്പാക്കേണ്ട കാര്യമേ ഉള്ളൂ എന്നിരിക്കെയാണ് രാഷ്‌ട്രീയ സമ്മര്‍ദ്ദവുമായി മേയറടക്കമുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ നിന്നും 75 പേര്‍ക്കും പട്ടികജാതി വകുപ്പിന്റെ ഫണ്ടില്‍ നിന്നും 48 പേര്‍ക്കുമാണ് ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപ വീതം നല്‍കുന്നത്. ലൈഫ് പദ്ധതിയുടെ നിലവിലെ പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതിനെ മറികടന്ന് ചില കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവരുടെ പട്ടികയുമായി എത്തുന്നതാണ് പ്രശ്‌നമാകുന്നത്.
മൂന്ന് സെന്റ് ഭൂമിയാണ് വാങ്ങേണ്ടത്. 23801 രൂപയാണ് വരുമാന പരിധി. നേരത്തെ പലര്‍ക്കും പണം അനുവദിച്ചിരുന്നു. ശേഷിച്ച ഗുണഭോക്താക്കളുടെ മുന്‍ഗണനാക്രമം അനുസരിച്ചാകും ഭൂമി വാങ്ങാന്‍ പണം അനുവദിക്കുക. വികലാംഗര്‍, വിധവകള്‍ തുടങ്ങി പ്രയാസമനുഭവിക്കുന്നവരാണ് മുന്‍ഗണനയില്‍ പെടുക. ഈ വര്‍ഷം പണം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ നേരത്തെ സമര്‍പ്പിച്ച രേഖകള്‍ ശരിയാണോയെന്ന് വീണ്ടും പരിശോധിച്ച ശേഷമേ ഗുണഭോക്താക്കളെ അന്തിമമായി തെരഞ്ഞെടുക്കു.
നിലവിലെ ലൈഫ് ലിസ്റ്റ് പ്രകാരം 219 പട്ടികജാതി കുടുംബങ്ങളാണ് നഗരത്തില്‍ ഭവനരഹിതരായുള്ളത്. നേരത്തെ വാര്‍ഡ് സഭകള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നത്. ലൈഫ് പട്ടിക നിലവില്‍ വന്നതിന് ശേഷമാണ് അതില്‍ നിന്നും തെരഞ്ഞെടുത്ത് തുടങ്ങിയത്. കുടുംബത്തിലെ ആര്‍ക്കും സ്വന്തം പേരില്‍ ഭൂമി ഉണ്ടാകരുതെന്നാണ് പ്രധാന മാനദണ്ഡം. വിധവകള്‍, വികലാംഗര്‍, ഗുരുതര രോഗമുള്ളവര്‍, സ്ത്രീകള്‍ മാത്രമുള്ള കുടുംബം എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: