ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്തത് ആസൂത്രതമല്ലെന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എല്ലാവരേയും കുറ്റവിമുക്തരാക്കുന്നെന്നുമുള്ള ലക്‌നൗ സിബിഐ കോടതിയുടെ വിധിയില്‍ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്. ബിജെപി മുതിര്‍ന്ന നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായി എല്‍.കെ. അദ്വാനി സ്വവസതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി പ്രസ്താവം കേട്ടത്. വിധി കേട്ടയുടന്‍ തൊഴുകൈകളോടെയാണ് അതിനെ അദ്ദേഹം സ്വീകരിച്ചത്. അതേസസമയം, കോടതി വിധി ചരിത്രപരമായ ഒന്നെന്ന് മുരളി മനോഹര്‍ ജോഷി പ്രതികരിച്ചു. അയോധ്യയില്‍ റാലികള്‍ സംഘടിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്, തര്‍ക്ക മന്ദിരം തകര്‍ത്തതില്‍ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞതില്‍ സന്തോഷം. ഇനി രാമക്ഷേത്ര നിര്‍മാണത്തില്‍ എല്ലാവരും ആവേശഭരിതരാകും എന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയെല്ലാം വെറുതെ വിട്ടു. മന്ദിരം തകര്‍ത്തത് ആസൂത്രിതമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിലെ 32 കുറ്റാരോപിതരേയും കുറ്റവിമുക്തരാക്കി കോടതി അറിയിച്ചു.
198/1992 ഗൂഢാലോചനക്കേസിലാണ് ഇപ്പോള്‍ വിധി പ്രസ്താവന നടത്തിയിരിക്കുന്നത്. 2000 പേജുള്ളതാണ് വിധി. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയില്‍ അടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പേരാണ് ആരോപണ വിധേയരായി പട്ടികയിലുള്ളത്. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിധി പുറപ്പെടുവിച്ചത്.
മുന്‍ ഉപ പ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ ആരോപണ വിധേയരായിട്ടുള്ളത്. ഇവരോട് കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 26 പേര്‍ കോടതിയില്‍ ഹാജരായി.
എന്നാല്‍, പ്രായവും കോവിഡ് സാഹചര്യവും പരിഗണിച്ച് അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി, നിത്യഗോപാല്‍ ദാസ് എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. എന്നാല്‍, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വീഡിയോ കോണ്‍ഫറന്‍സ് വഴി വിധി പ്രഖ്യപനത്തില്‍ പങ്കെടുക്കാനുള്ള അഭിഭാഷകര്‍ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉമാ ഭാരതി എയിംസില്‍ കോവിഡ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: