ലഖ്നൗ : ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശ്ശന നിലപാടുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസില്‍ അന്വേഷണത്തിനായി പ്രത്യേക മൂന്നംഗ സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
ഹത്രാസ് കേസ് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ആഭ്യന്തര സെക്രട്ടറി ഭഗവാന് സ്വരൂപ്, പോലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പിഎസി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ തുടര്‍വിചാരണകള്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തണമെന്നും യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹത്രാസ് ജില്ലയിലെ വീട്ടില്‍ നിന്ന് അമ്മയോടൊപ്പം പാടത്തേക്ക് പോയ പെണ്‍കുട്ടിയെ ആണ് നാലംഗസംഘം ക്രൂര പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെ കാണാതായതോടെ അന്വേഷണത്തിനൊടുവിലാണ് ഗുരുതരമായ പരിക്കുകളോട് പാടത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: