മലപ്പുറം: പ്രവാസികള്‍ക്ക് വ്യാജ കൊറോണ സര്‍ട്ടിഫിക്കറ്റ് നല്കി മലപ്പുറം വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. പരാതിയില്‍ ലാബ് മാനേജര്‍ അറസ്റ്റിലായെങ്കിലും ഒരു പരാതി മാത്രമാണ് പോലീസ് അന്വേഷിക്കുന്നത്.
കരിപ്പൂര്‍, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ദുബായ്യിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് എന്ന ലാബടക്കം രാജ്യത്തെ നാല് ലാബുകളെ വിലക്കിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം എയര്‍ലൈന്‍സുകള്‍ക്ക് നോട്ടീസ് നല്കിയതിനാല് അവിടുത്തെ സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്കാണ് യാത്രാനുമതി നിഷേധിച്ചത്.
മൈക്രോ ലാബിന്റെ ഫ്രാഞ്ചൈസി ആയി പ്രവര്‍ത്തിക്കുന്ന മലപ്പുറം വളാഞ്ചേരിയിലെ അര്‍മ ലാബ് 2500 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. മൈക്രോ ലാബിന് അയച്ച് കൊടുത്തത് 490 പേരുടെ സാമ്പിള്‍ മാത്രം. ബാക്കിയുള്ളവരുടെ സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്റെ വ്യാജ ലെറ്റര്‍ പാഡില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ഇത്തരത്തില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരാള്‍ സൗദിയിലെത്തി നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയി.
ഇവരുടെ പരാതിയില്‍ അര്‍മ ലാബ് മാനേജരായ വളാഞ്ചേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ലാബ് ഉടമ ചെര്‍പ്പുളശ്ശേരി സ്വദേശി സുനില്‍ സാദത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഒരാളില്‍ നിന്ന് 2250 രൂപയാണ് അര്‍മ ലാബ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഇങ്ങനെ ആകെ തട്ടിയത് 45 ലക്ഷത്തിലേറെ രൂപയാണ്. സംസ്ഥാനത്താദ്യം കൊറോണ ടെസ്റ്റിന് ഐസിഎംആര്‍ അനുമതി കിട്ടിയ സ്വകാര്യ ലാബുകളിലൊന്നാണ് കോഴിക്കോട്ടെ മൈക്രോ ഹെല്‍ത്ത് ലാബ്. ഈ അനുമതിയുടെ മറവിലാണ് ഫ്രാഞ്ചൈസി വലിയ തട്ടിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: