ക്ലീവ്ലാന്‍ഡ്: അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്റെ പട്ടിക്കുട്ടിയെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. ക്ലീവ്ലാന്‍ഡ് കേസ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തിലായിരുന്നു ബൈഡന്റെ ആരോപണം. സംസാരിക്കുന്നതിനിടെ തുടര്‍ച്ചയായി ഇടപെടലുകള്‍ നടത്തിയ ട്രംപിനെ കോമാളിയെന്നും ബൈഡന് പരിഹസിച്ചു.
വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് ആദ്യ സംവാദം പൂര്‍ത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണു ട്രംപെന്നു പറഞ്ഞ ജോ ബൈഡന്, കോവിഡ് വാക്സിനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ടു. താന്‍ പുടിനോടു മുട്ടിനിന്നു, അദ്ദേഹത്തിനു കാര്യങ്ങള്‍ മനസിലാക്കി കൊടുത്തു എന്ന തരത്തിലുള്ള ട്രംപിന്റെ വാദങ്ങള്‍ ആരും സ്വീകരിക്കില്ലെന്നും ട്രംപ് പുടിന്റെ പട്ടിക്കുട്ടിയാണെന്നുമാണു ബൈഡന് പറഞ്ഞത്.
താന്‍ നികുതി വെട്ടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് പൂര്‍ണമായും തള്ളി. വലതുപക്ഷമല്ല തീവ്ര ഇടതുനിലപാടുകാരാണു വംശീയ അതിക്രമങ്ങളുടെ ഉത്തരവാദികളെന്നും ട്രംപ് പറഞ്ഞു. ഇരുവരുടെയും ഇടപെടലുകള്‍ പരസ്പരം അതിരുവിട്ടപ്പോള്‍ അവതാരകന് ക്രിസ് വാലസിനു പലവട്ടം ഇടപെടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: