അഞ്ചല്‍: അഞ്ചല്‍ പഞ്ചായത്തിലെ വികസനമുരടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും സ്മാരകങ്ങളാണ് പട്ടണത്തിന്റെ ഒത്തനടുക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന തകര്‍ന്ന സിഗ്നല്‍ ലൈറ്റുകള്‍. കഴിഞ്ഞ പഞ്ചായത്തുസമിതിയുടെ കാലത്ത് സര്‍ക്കാര്‍ കെല്‍ട്രോണ്‍ പോലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാതെ സ്വകാര്യഏജന്‍സിയെ സിഗ്നല്‍ ലൈറ്റ് മെയിന്റനന്‍സ് ഏല്‍പ്പിച്ചത് വിവാദമായിരുന്നു.
വളരെക്കുറച്ച് നാളുകളൊഴിച്ച് കൂടുതല്‍ സമയവും കണ്ണടച്ചുനിന്ന ലൈറ്റുതൂണുകള് രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ ഏതോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചന്തമുക്കിലെയും ആര്‍ഓ ജംങ്ഷനിലെയും ആറുവീതം തൂണുകള്‍ക്കാണ് ഈ ഗതി വന്നത്. ഒടിച്ചിട്ട തൂണുകളില്‍ പലതും ആവശ്യക്കാര്‍ കൊണ്ടുപോയി. ലോറി ഇടിച്ചുതകര്‍ത്ത രണ്ടുതൂണുകള്‍ പട്ടണത്തിന്റെ ഒത്തനടുക്ക് ഉപേക്ഷിച്ചിരിക്കുകയാണ്. ഇവ വര്‍ഷങ്ങളായി ശാപമോക്ഷം കിട്ടാതെ കിടക്കുകയാണ്.
വലിച്ചെറിഞ്ഞ വലിയ ഉരുക്കുതൂണുകള്‍ എടുത്തു സൂക്ഷിക്കുകയോ സിഗ്നല്‍ ലൈറ്റ് പുനഃസ്ഥാപണ്ടിക്കുകയോ ചെയ്തിട്ടില്ല. ഗതാഗതം നിയന്ത്രിക്കാനാകാതെ പട്ടണം അനുദിനം കുരുക്കില്‍ പെടുമ്പോഴും പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ല. പട്ടണത്തിലെത്തുന്നവര്‍ക്ക് അപകടക്കെണിയൊരുക്കി തകര്‍ന്നു കിടക്കുന്ന ഉരുക്കുതൂണികള് പട്ടണമധ്യത്തില് നിന്നുമാറ്റാന്‍ ഇനി വരുന്ന പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് പൊതുജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: