ഞങ്ങള്‍ മലയാളികള്‍ അങ്ങിനെയാണ്. വയലില്‍ പണിചെയ്താല്‍ കൂലി വരമ്പത്താണ്. പ്രത്യയശാസ്ത്ര പിന്‍ബലമുള്ളതിനാല്‍ തല്ലാം, പുലഭ്യം വിളമ്പാം. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണെന്ന് വിളിച്ച് ശീലമുള്ളതിനാല്‍ പരാതി പരിഗണിച്ചില്ലെങ്കില്‍ പോലീസിന്റെ പണിയും ഞങ്ങള്‍ക്ക് പഥ്യം. എല്ലാം കേരള മോഡല്‍.
സ്ത്രീകളെ ആര് ആക്ഷേപിച്ചാലും അവഹേളിച്ചാലും സഹിക്കാന്‍ പറ്റില്ല. പക്ഷേ അത് ആളും തരവും നോക്കിയേ ഞങ്ങള്‍ പ്രതികരിക്കൂ. വാളയാറില്‍ രണ്ട് പെണ്മക്കളെ ആത്മഹത്യയിലേക്ക് നയിച്ചത് ഹൃദയമുള്ളവര്‍ക്കെല്ലാം വേദനയുണ്ടാക്കിയതാണ്. കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയെ 14 മണിക്കൂര്‍ അനാഥമാക്കി കിടത്തിയപ്പോഴും, അടിക്കടി ഒപ്പമുണ്ടെന്ന് പറയുന്നവരുടെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ആശുപത്രിയില്‍ മോര്ച്ചറിയില്ലാത്തതിനാലാണ് ചികിത്സിച്ച വാര്‍ഡില്‍ തന്നെ മൃതദേഹം കിടത്തിയതത്രേ. ആശുപത്രി അധികൃതരും വര്‍ക്കല നഗരസഭാ അധികൃതരും തര്ക്കിച്ചുകളഞ്ഞത് 14 മണിക്കൂര്‍. ഒടുവില്‍ നഗരസഭ തന്നെ മൃതദേഹം നീക്കി സംസ്കരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും വിട്ടയച്ച രോഗിയുടെ അവസ്ഥ വര്‍ണിക്കാനേ ഇനിപറ്റില്ല. ദയനീയമായിരുന്നു അത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും പറഞ്ഞുവിട്ട പൂര്‍ണഗര്‍ഭിണിയുടെ അവസ്ഥയും ലോകം അറിഞ്ഞു. ഗര്‍ഭപാത്രത്തിലെ രണ്ടുകുഞ്ഞുങ്ങളും ഭൂമികാണാതെ പോയി. എന്നിട്ടും കരുതലിന്റെ പേരുപറഞ്ഞ് മേനിനടിക്കും. ഇതിന്റെയൊക്കെ നടുവിലാണ് നാടിനെ നടുക്കിയ (?) യുട്യൂബ് വിവാദം.
സ്ത്രീകളെ അധിക്ഷേപിച്ചും അവഹേളിച്ചും വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെന്ന വില്ലന്‍ പോലീസ് പിടിയിലായി. അയാളുടെ കാര്യം ഇനി പോലീസ് നോക്കിക്കോളും. സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതുകേട്ട് കോള്‍മയിര്‍കൊള്ളുകയാണ് മഹിളാരത്നങ്ങള്‍. ഈ കരുതല്‍ ഇവിടെ മാത്രമെന്ന് ആശ്വസിക്കുകയാണ് അവര്‍. പക്ഷേ യുട്യൂബില്‍ അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന പരാതിക്ക് പുല്ലുവില പോലും നല്കാന് കൂട്ടാക്കത്തപ്പോഴാണ് കരിയോയിലിനെ ആശ്രയിക്കേണ്ടിവന്നത് എന്നത് മറക്കരുത്.
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിലും, പോസ്റ്റ് ചെയ്ത ആളെ കരിഓയില്‍ ഒഴിച്ച സംഭവത്തിലുമായി തിരുവനന്തപുരം സിറ്റി പോലീസ് മൂന്ന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളെ അപമാനിച്ച് വിജയ് പി. നായര്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് ആക്ടിവിസ്റ്റ് ശാസ്തമംഗലം സ്വദേശി ശ്രീലക്ഷ്മി അറയ്ക്കല്‍ നല്കിയ പരാതിയിലാണ് വിജയ് പി. നായര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ യുട്യൂബ് ചാനലിലെ വീഡിയോ സംബന്ധിച്ച് ചോദിക്കാന്‍ ചെന്ന തങ്ങളെ വിജയ് പി. നായര്‍ അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു.യുട്യൂബിലൂടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെയും മറ്റും ആക്ഷേപിച്ചതിന് പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടത്തിയില്ല എന്ന സത്യവും പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് വിജയലക്ഷമിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് പി. നായര്‍ താമസിക്കുന്ന ഗാന്ധാരി അമ്മന്‍ കോവിലിനു സമീപത്തെ ലോഡ്ജിലെത്തി അയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച ശേഷം മര്‍ദ്ദിച്ചത്. പിന്നെ പൂരെതെറിയും കരണക്കുറ്റിക്കിട്ട് പ്രഹരവും.
ദേഹോപദ്രവം ഏല്‍പ്പിച്ച് ശേഷം ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടുപോയതായി കാണിച്ച് വിജയ് പി. നായര്‍ നല്കിയ പരാതിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുകൂട്ടര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിജയ് പി. നായര്‍ പിടിയിലായെങ്കിലും വനിതാരത്നങ്ങള്‍ പിടികൊടുത്തില്ല. അല്ലെങ്കില്‍ പിടിക്കപ്പെട്ടില്ല.
യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് എന്നയാള്‍ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് ഭാഗ്യലക്ഷ്മി സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ ഹൈടെക് സെല്‍ അന്വേഷണം നടത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ഭാഗ്യലക്ഷമിക്കെതിരെ കേസെടുത്തതിനെ എതിര്‍ത്ത് സിനിമാ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക രംഗത്ത് എത്തി. സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നാണ് വിജയ് പി. നായര്‍ പറഞ്ഞത്. തനിക്ക് പിഎച്ച്ഡി ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇത് രണ്ടും വ്യാജമാണെന്ന് കണ്ടെത്തി. അശ്ലീല വീഡിയോകളില്‍ വിജയ് തന്റെ വ്യാജബിരുദവും രേഖപ്പെടുത്തിയിയതായി പറയുന്നു. ഏതായാലും സംഭവം ഗുരുതരം തന്നെ. ഇത്തരത്തിലുള്ള കൊള്ളരുതായ്മകള്‍ എങ്ങനെ കണ്ടില്ലെന്ന് നടിക്കും. കാണണം. ഇതിനൊന്നും കരി ഓയില്‍ പരിഹാരമല്ല. പറ്റുമെങ്കില്‍ ആക്ഷേപിക്കപ്പെടാന്‍ ഇടയുണ്ടെന്ന് വിശ്വസിക്കുന്നവരെല്ലാം കുറഞ്ഞപക്ഷം ഒരു കൈത്തോക്കെങ്കിലും സ്വന്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: