കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചയാളെ മര്‍ദ്ദിച്ച വനിതകളെ അനുമോദിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തന്നെ വേശ്യയെന്ന് വിളിച്ച് പോസ്റ്ററൊട്ടിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പല്ലടിച്ച് കൊഴിച്ചാല്‍ പിന്തുണ തരുമോയെന്ന ചോദ്യവുമായി ചിത്രലേഖ. സ്ത്രീകളോടും ദളിത് സമൂഹത്തോടും കാലങ്ങളായി സിപിഎം പിന്തുടരുന്ന അസഹിഷ്ണുതയുടെ ജീവിക്കുന്ന ഇരയാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖ.
പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണികാരണം ഉപജീവന മാര്‍ഗ്ഗമായ തൊഴില്‍ ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന യുവതി. ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ ചിത്രലേഖ തയ്യാറാവുകയായിരുന്നു. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയംവച്ച് പിഎംആര്‍വൈ സ്കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനക്ക് ഭൂരിപക്ഷമുളള എടാട്ടെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.
കീഴ്ജാതിക്കാരിയായതുകൊണ്ട് പാര്ട്ടിക്കാര് ഓട്ടോ സ്റ്റാന്റിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. ഓട്ടോസ്റ്റാന്റില്‍ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. മൂന്നു മാസത്തോളം ഓട്ടോസ്റ്റാന്റില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കുവാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയായിരുന്നു. ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര് ചേര്‍ന്ന് നശിപ്പിക്കുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. പരാതി നല്കിയപ്പോള് ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച് സിപിഎം പ്രതികാരം ചെയ്തു. ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന് എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി.
മാസങ്ങള്‍ നീണ്ടുനിന്ന സത്യഗ്രഹ സമരങ്ങളെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം നല്കിയ 5 ലക്ഷം രൂപയും നല്കിയ ഭൂമിയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ റദ്ദ് ചെയ്യുകയായിരുന്നു. എടാട്ട് താമസിക്കുമ്പോഴാണ് ചിത്രലേഖയെ വേശ്യയെന്ന് വിളിച്ചുകൊണ്ട് സിപിഎമ്മുകാര്‍ പോസ്റ്ററെഴുതി ഒട്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: