പത്തനംതിട്ട: അതീവസുരക്ഷാ മേഖലയായ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി യുവാക്കള്‍. പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കാനനപാതയിലൂടെ ബൈക്ക് ഓടിച്ചുകയറ്റിയ യുവാക്കളെ പോലീസ് വെറുതെവിട്ടതില്‍ ദുരൂഹത തുടരുന്നു. പമ്പയിലെ വനംവകുപ്പിന്റെ രണ്ട് ചെക്ക്പോസ്റ്റുകളും ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം ഗാര്‍ഡ് റൂമും കടന്ന് അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തേക്ക് ബൈക്ക് കടന്നുപോയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന സംഭവം ഉണ്ടായത്. ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ (23) എന്നിവരാണ് സന്നിധാനത്തേക്ക് ബൈക്ക് ഓടിച്ച് പോലീസിന്റെ പിടിയിലായത്. ചിറ്റാറില്‍ നിന്നും തേക്കടിക്കു യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് എളുപ്പവഴി തേടുകയായിരുന്നു തങ്ങളെന്നാണ് യുവാക്കളുടെ വിശദീകരണം. എന്നാല്‍ ഇതില്‍ ദുരൂഹതകള്‍ ഏറെയാണ്. ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ശബരിമല സന്നിധാനത്തേക്കുള്ള കാനനപാത തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് വിശ്വസനീയമല്ലെന്ന് പോലീസും പറയുന്നു.
വനത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി കേസെടുത്തശേഷം ഇരുവരെയും വിട്ടയച്ചതോടെ പോലീസ് നടപടി ചുരുക്കി. എന്നാല്‍ ശബരിമല പോലെ അതീവ സുരക്ഷാ മേഖലയിലെ കടന്നുകയറ്റം നിസാരവല്‍ക്കരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ഇതോടെ വെളിവായിരിക്കുന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഘടിപ്പിച്ച ഫോണില്‍ ഗൂഗിള്‍ മാപ്പ് ഇവര്‍ സെറ്റ് ചെയ്തിരുന്നതായാണ് പറയുന്നത്.
ചിറ്റാറില്‍ നിന്ന് പമ്പയിലെത്തി ഗണപതികോവില്‍ കടന്നാണ് ഇവര്‍ സന്നിധാനത്തേക്ക് എത്തിയതെന്നത് അതീവ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. പമ്പയിലെയും സന്നിധാനം പാത തുടങ്ങുന്ന ഭാഗത്തെയും ചെക്ക് പോസ്റ്റുകളില്‍ ഒരു വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല എന്നത് ഇതോടെ വ്യക്തമായി.
തീര്‍ഥാടനകാലമല്ലാത്തതിനാല്‍ വനംവകുപ്പ് ജീവനക്കാരാണ് ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ബൈക്ക് ചെക്ക്പോസ്റ്റുകള്‍ കടന്ന് സ്വാമി അയ്യപ്പന് റോഡുവഴി മരക്കൂട്ടം വരെയെത്തി. പോലീസും വനപാലകരും ഇവിടെവച്ചാണ് യുവാക്കളെ തടഞ്ഞത്. വനമേഖലയിലെ ട്രക്കിംഗ് പാതയിലൂടെ തേക്കടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് യുവാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസനീയമല്ല. വനമേഖലയില്‍ നെറ്റ് വര്‍ക്ക് കവറേജ് പരിമിതമാണ്. ഇവര്‍ എങ്ങനെ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തു യാത്ര തുടര്‍ന്നുവെന്നത് സംശയം ജനിപ്പിക്കുന്നു. ഇതൊന്നും പരിശോധിക്കാതെയാണ് യുവാക്കളെ പോലീസ് വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: