ദുബായ്: ഇന്ത്യയിലെ നാല് ലാബുകളിൽനിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിക്കില്ലെന്ന് ദുബായ്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്.
ജയ്‌പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെൽത്ത് ലാബ്, ദൽഹിയിലെ ഡോ.പി.ഭാസിൻ പാത്ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ആർ.ടി-പി.സി.ആർ പരിശോധനാ ഫലത്തിനാണ് ദുബായിൽ അംഗീകാരമില്ലാത്തത്. ഇവിടങ്ങളിൽ നിന്നുള്ള കോവിഡ് പരിശോധനാഫലങ്ങൾ അസാധുവായി കണക്കാക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.
ദുബായിലേക്ക് വരുന്നവർ അതോറിറ്റി നിർദേശങ്ങൾ പാലിച്ച് അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം സമർപ്പിക്കണം. ഫ്ളൈ ദുബായ് എയർലൈനും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പ്യുവർ ഹെൽത്ത് അംഗീകരിച്ച ലാബുകളിൽ നിന്നുള്ള കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കൂവെന്ന് ദുബായ് സിവിൽ അതോറിറ്റി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയർഇന്ത്യാ വിമാനങ്ങൾക്ക് ദുബായ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വ്യോമയാനമന്ത്രാലയങ്ങൾ നടത്തിയ ചർച്ചക്കൊടുവിൽ വീണ്ടും സർവീസ് പുനരാരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: