തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം അന്വേഷണത്തിനായി വടക്കാഞ്ചേരിയിലെത്തി. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരിയിലെത്തിയത്. നഗരസഭ ഓഫീസിലെത്തിയ സംഘം കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ചു.
നേരത്തെ ലഭിച്ച രേഖകളുടെ പകര്‍പ്പുകളുടെ സമാനതകളും പരിശോധിച്ചു. അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം ശേഖരിക്കുകയും ചെയ്തു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘവും നഗരസഭയില്‍ പരിശോധനക്കെത്തുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വിജിലന്‍സിന് നല്കിയ രേഖകള്‍ തന്നെയാണ് സിബിഐസംഘത്തിന് നല്‍കിയതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് പറഞ്ഞു.
കേസിലെ കരാറുകാരനായ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ പരിശോധനകളുടെ ഭാഗമായാണ് അന്വേഷണ സംഘം ഇന്നലെ വടക്കാഞ്ചേരിയില്‍ എത്തിയത്.
വിവാദത്തിലായ ഫ്ളാറ്റ് നിര്‍മ്മാണം നിര്‍ത്തി വച്ചതായി ഇന്നലെ യൂണിടാക് അറിയിച്ചു. നിര്‍മ്മാണ ജോലികളുടെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഇന്നലെ യൂണിടാക് പ്രതിനിധികളെത്തി പറഞ്ഞുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: