മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ഗോളടി തുടങ്ങിയതോടെ, പുതിയ പരിശീലകന് റൊണാള്‍ഡ് കൂമാന്റെ കീഴില്‍ ബാഴ്സലോണ ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയത്തോടെ അരങ്ങേറി. പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ അവര്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് വിയാറയലിനെ തോല്‍പ്പിച്ചു. കൂമാന്റെ ശിക്ഷണത്തില്‍ ലാ ലിഗയില്‍ ബാഴ്സയുടെ ആദ്യ മത്സരമാണിത്.
കൗമാരതാരം അന്‍സു ഫാറ്റി രണ്ട് ഗോള്‍ നേടി. പതിനഞ്ചാം മിനിറ്റില്‍ ഫാറ്റിയും ജോര്‍ഡി അല്ബയും ചേര്‍ന്ന് നടത്തിയ നീക്കം ഗോളില്‍ കലാശിച്ചു. ഫാറ്റിയാണ് സ്കോര്‍ ചെയ്തത്. നാലു മിനിറ്റുകള്‍ക്ക് ശേഷം ഫാറ്റി വീണ്ടും ലക്ഷ്യം കണ്ടു. 35-ാം മിനിറ്റില്‍ മെസി ബാഴ്സയുടെ മൂന്നാം ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയാണ് ബാഴ്സ ക്യാപ്റ്റന്‍ സ്കോര്‍ ചെയ്തത്.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ വിയാറയലിന്റെ പ്രതിരോധതാരം പാവു ടോറസ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ബാഴ്സ 4-0 ന് മുന്നിലായി. രണ്ടാം പകുതിയിലും ബാഴസ ആധിപത്യം തുടര്‍ന്നെങ്കിലും ഗോള്‍ അടിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: