പൈതൃകപ്രോക്തമായ ഗുരുപരമ്പരയുടെ പ്രൗഢോജ്വലമായ നിരയാണ് പഞ്ചാബിന്റെ പഞ്ചാനന മുദ്രയായത്. ഭക്തി ജീവനവും മുക്തി ജീവിതവുമായി അത് ഭാരതീയ സംസ്കൃതിയുടെ ധമനികളില്‍ ഊര്‍ജം പകരുകയായിരുന്നു. പീറുകളും ഫക്കീറുകളും ചേര്‍ന്ന ഭരണസംവിധാനങ്ങള്‍ സാമ്പ്രദായിക ഹൈന്ദവധര്മങ്ങളെ ഇരുട്ടിലാഴ്ത്തിയത് ചരിത്രമാണ്. പതിനഞ്ച്, പതിനാറ് നൂറ്റാണ്ട് ധര്‍മ നവസരംചനയുടെ കാലമായിരുന്നു. ഗുരുനാനാക്കിന്റെ സിക്കുമതമാണ് ഇതിന് ആദിവെളിച്ചം പകര്‍ന്നത്.
സാമൂഹിക സഹവര്‍ത്തിത്വവും സഹിഷ്ണുതയും സ്നേഹലാവണ്യവും ഉപാസിച്ച മനുഷ്യസ്നേഹത്തിന്റെ ആചാര്യപദവിയാണ് ഗുരു നാനാക്ക്. വൈയക്തികമായ ആന്തരിക ദര്‍ശനവും വിശ്വവിശാലമായ കാഴ്ചപ്പാടുമായി ഗുരുനാനാക്കിന്റെ ചിന്താപദ്ധതി വികസിതമായി. ഇതിന്റെ ഫലമായാണ് ആത്മദര്‍ശനങ്ങളുടെ സമ്പുടമായി സിക്കുമതം സ്ഥാപിതമാകുന്നത്. ലാഹോറിനടുത്ത തല്വണ്ടിയാണ് നാനാക്കിന്റെ ജന്മഗ്രാമം. തൃപ്തയ്ക്കും കാലൂചന്ദിനും 1469 ല്‍ പിറന്ന നാനാക്ക് ശൈശവത്തില്‍ തന്നെ അസാമാന്യമായ ധിഷണാവൈഭവമാണ് പ്രദര്‍ശിപ്പിച്ചത്. സുഹൃത്തും വഴികാട്ടിയുമായി മുന്നില്‍ നടന്നത് ജ്യേഷ്ഠസഹോദരി നാനയാണ്. വിദ്യ തേടാനും നേടാനും നാനാക്ക് കാണിച്ച ശുഷ്കാന്തി പ്രശംസനീയമായിരുന്നു. പഞ്ചാബി, ഹിന്ദി, സംസ്കൃതം, പാര്‍സി തുടങ്ങി വിവിധഭാഷകളില്‍ അഗാധമായ പാണ്ഡിത്യമാണ് നാനാക്ക് നേടിയെടുത്തത്. ഭൗതിക ജീവിതത്തില്‍ പൊതുവേ വിമുഖനായിരുന്നെങ്കിലും വിവാഹിതനാകാന്‍ നിര്‍ബന്ധിതനായി. ധര്‍മപത്നിയായ സുഖലനീദേവിയില് പിറന്ന പുത്രന്മാരാണ് ശ്രീചന്ദും ലക്ഷ്മീചന്ദും.
നിസ്സംഗത്വത്തിന്റെ വഴിയില്‍ ജോലിയും കുടുംബവുമുപേക്ഷിച്ച് നാനാക്ക് തീര്‍ഥാടനം തുടങ്ങി. ഉത്തരഭാരതത്തിലെ സുപ്രധാന കേന്ദ്രങ്ങളില്‍ പരിവ്രാജകനായി ഗുരുനാനാക്ക് സഞ്ചരിച്ചു. കാശ്മീര്‍, ദില്ലി, ഹരിദ്വാര്‍, കാശി, പുരി, ഭൂട്ടാന് തുടങ്ങിയ സ്ഥലങ്ങളില്‍ അറിവും അനുഭൂതിയും തേടിയായിരുന്നു യാത്ര. ബാബര്‍ കൊള്ളയടിച്ച് നാശം വിതറി, പഠാണികളുടെ സങ്കേതമായിത്തീര്‍ന്ന എംനാബാദിലെത്തിയപ്പോള്, ഗുരുവിന് ലഭിച്ചത് വന്‍ സ്വീകരണമാണ്. തുടര്‍ന്നുള്ള യാത്രാപഥങ്ങളില്‍ സിക്കുമതത്തിന്റെ ദര്‍ശന ചിന്തയും പ്രായോഗിക പദ്ധതികളുമാണ് നാനാക്ക് ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. ഈ മതത്തിന്റെ സൈദ്ധാന്തികമായ മൂലമന്ത്രമാണ് ‘വാഹിഗുരുസ്മരണ്’. ഇതിന്റെ അഗ്നിവാഹകരായി ബഹുസഹസ്രം അനുയായികളും ശിഷ്യപരമ്പരയും ഗുരുസമര്പ്പണത്തിനായി അണിചേര്‍ന്നു. ‘സിക്കുകാര്‍’ എന്ന നാമം ഇവര്‍ക്ക് അചിരേണ വന്നു ചേരുകയായിരുന്നു.
കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മഹിമയും സങ്കീര്‍ത്തനത്തിന്റെ സാഫല്യവും ധ്യാനത്തിന്റെ ധന്യതയും ഏകീകരിച്ചായിരുന്നു ഗുരുവിന്റെ മുന്നേറ്റം. മതാതീതമായ മനുഷ്യസങ്കല്പവും വിശുദ്ധിയാര്‍ന്ന ജീവിത ദര്‍ശനവും ഗുരുവിനെ സര്വസ്വീകാര്യനാക്കുകയായിരുന്നു. സിക്കുകാരുടെ വേദഗ്രന്ഥമായ ‘ഗ്രന്ഥ്സാഹിബില്’ നാനാക്കിന്റെയും ഗുരുപരമ്പരയുടെയും മഹിതരചനകള് ഇടം പിടിക്കുന്നു. പിന്‍ഗാമിയായി നാനാക്ക് അവരോധിച്ചത് പ്രമുഖ ശിഷ്യന് ‘ലഹണാ’ എന്ന അംഗദിനെയാണ്. 1538 ല്‍ സമാധിപദം പൂകിയ ഗുരുനാനാക്കിന്റെ ദര്‍ശന സമസ്യ ഭാരതീയാധ്യാത്മ വിദ്യയുടെ പ്രായോഗിക പദ്ധതിയായി യാത്രാപഥത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: