ഇടുക്കി: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വിടവാങ്ങല്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും കുറയും. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പുതുക്കിയ തിയതി പ്രകാരം 17ന് ആണ് വിടവാങ്ങല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ഇത് ഒന്നര ആഴ്ചയോളം വൈകുകയായിരുന്നു. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയുടെ അന്തരീക്ഷത്തില്‍ ഇതിനുള്ള സാഹചര്യം രൂപപ്പെട്ട് വരികയാണെന്ന് സ്വകാര്യ കാലവസ്ഥ നിരീക്ഷകരും വ്യക്തമാക്കുന്നു.
ദക്ഷിണ ചൈനാ കടലിന് സമീപം ഉടലെടുത്ത നൗള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയതും തുടര്‍ച്ചായി ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടതുമാണ് കാലവര്‍ഷം വിടവാങ്ങല്‍ പ്രക്രിയ വൈകിപ്പിച്ചത്. അവസാനമുണ്ടായ ന്യൂനമര്‍ദം തെക്കേ ഇന്ത്യയിലേക്ക് പ്രവേശിച്ചതോടെ രാജ്യത്ത് മഴ ശക്തമായിരുന്നു. പിന്നാലെ ചക്രവാത ചുഴികള്‍ രൂപപ്പെട്ടത് ആദ്യം വിടവാങ്ങേണ്ട രാജസ്ഥാനിലടക്കം മഴ തുടരാന്‍ കാരണമായി.
നിലവില്‍ അന്തരീക്ഷ സ്ഥിതി മാറി വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും മണ്‍സൂണ്‍ പിന്മാറ്റം വൈകിയിരുന്നു. സാധാരണ സെപ്തംബര്‍ ആദ്യവാരം എന്നത് ഇതോടെ 15ലേക്ക് എത്തി. ഈ വര്‍ഷം അത് അവസാനത്തേക്കും. പഴയപോലെ തന്നെ പൂര്‍ണ്ണമായും വിടവാങ്ങുക ഒക്ടോബര്‍ പാതിയോടെയാകും. ഇത് പ്രകാരം സംസ്ഥാനത്ത് നിന്നും ഒക്ടോബര്‍ 15നകം കാലവര്‍ഷം വിടവാങ്ങും. പിന്നാലെ ഏറെ വൈകാതെ തുലാമഴയുമെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതുവരെ 221 സെ.മീ. മഴയാണ് കാലവര്‍ഷത്തില്‍ കേരളത്തില്‍ ശരാശരി ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഇത് എല്ലാ ജില്ലകളിലും തിമിര്‍ത്ത് പെയ്തു എന്നതും പ്രത്യേകതയാണ്. ഒരു ജില്ലയിലും ഇതോടെ മഴയില്‍ കുറവുമില്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: