ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ കരുത്തരായ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കും. ഈസ്റ്റ് ബംഗാളിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഉള്‍പ്പെടുത്തിയതായി ഐഎസ്എല്‍ സംഘാടക സമിതി അറിയിച്ചു.
ഈസ്റ്റ് ബംഗാളിന്റെ പുതിയ ഉടമകളായ ശ്രീ സിമന്റ് ലിമിറ്റഡിന്റെ അപേക്ഷ പരിഗണിച്ചാണ് ക്ലബ്ബിനെ ഐഎസ് എല്ലില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പതിനൊന്നാം ടീമാണ് ഈസ്റ്റ് ബംഗാള്‍.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഗോവയിലെ മൂന്ന് വേദികളിലയാണ് അരങ്ങേറുന്നത്. നവംബറില്‍ ഐഎസ്എല്‍ ആരംഭിക്കും.
ഈസ്റ്റ് ബംഗാളിനെയും അവരുടെ ലക്ഷകണക്കിനുള്ള ആരാധകരെയും ഐഎസ്എല്ലിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്പ്മെന്റ് ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ നിത അംബാനി പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിന്ന് ഐഎസ്എല്ലില്‍ എത്തുന്ന രണ്ടാമന്നെ ടീമാണ് ഈസ്റ്റ് ബംഗാള്‍. നേരത്തെ മോഹന്‍ ബഗാന് ഐഎസ്എല്‍ ടീമായ എടികെയില്‍ ലയിച്ചിരുന്നു. ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരാണ് എടികെ.
എടികെ മോഹന്‍ ബഗാന്, മുംബൈ സിറ്റി എഫ്സി, ഒഡീഷ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, എഫ്സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂര്‍ എഫ്സി, ഈസ്റ്റ് ബംഗാള്‍ എന്നിവയാണ് ഐഎസ്എല്‍ ഏഴാം സീസണില്‍ മത്സരിക്കുന്ന ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: