തിരുവനന്തപുരം : ലൈഫ് മിഷന് അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കെന്ന്് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങുമെന്ന ഉറപ്പുകൊണ്ടാണ് സിപിഎം അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന സിപിഎമ്മിന്റെ വാദം തടിതപ്പാനുള്ള ശ്രമമാണ്. ഇത് നിലനില്‍ക്കില്ല. ആരോപണം മുഖ്യമന്ത്രിയിലേക്ക് നീളു്ന്നത് കൊണ്ടാണ് അന്വേഷണത്തെ എതിര്‍ക്കുന്നത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമാണ് താന്‍ ഇത് സംബന്ധിച്ചു പരസ്യ പ്രതികരണം നടത്തുന്നത്. 24ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, 25നാണ് താന്‍ ഇതിനെ പറ്റി പറയുന്നത്. മധ്യമപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു താന്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചതെന്നും സുരേന്ദ്രന് അറിയിച്ചു.
സിബിഐ വരുമെന്ന് ഉറപ്പായപ്പോള്‍ ആണ് വിജിലന്‍സ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. സിബിഐ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഒരിക്കലും സെക്രട്ടേറിയറ്റില്‍ നിന്ന് ഫയലുകള്‍ വിജിലസിന് ശേഖരിക്കാനാവില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് പച്ചക്കള്ളമാണ്. പാര്‍ട്ടിയും അതിനെ ന്യായീകരിക്കുകയാണ്. ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയും തന്നെ അംഗീകരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശിവശങ്കരനും സ്വപ്നയും വിദേശ യാത്ര നടത്തിയതിന് ശേഷം കേരളത്തിലേക്ക് പണം ഒഴുകിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്ക് വേണ്ടി പണം വന്ന ബാങ്ക് അക്കൗണ്ടിലേക്ക് വേറെ പണവും വന്നിട്ടുണ്ട്. അഴിമതി പണത്തിന്റെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം.
മകന് എതിരായ കേസില്‍ മറുപടി പറയാന്‍ കോടിയേരി ബാലകൃഷ്ണന് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു ശ്രമവും ഇല്ല. പക്ഷേ യു വി ജോസിനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ പാടില്ല. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ചട്ടുകം ആകരുത്.
യു.വി. ജോസിനെ സംരക്ഷിക്കാനുള്ള നടപടികള്‍ പാടില്ല. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് സമാന നടപടി ഉണ്ടായിട്ടുണ്ട്. വുഡ് ആന്‍ഡ് ആഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണമാകാമെന്നും നിലപാടെടുത്തത് പിണറായി സര്‍ക്കാരാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: