തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ റോയും (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) മിലട്ടറി ഇന്റലിജന്‍സും അന്വേഷിക്കുന്നു. ഒന്‍പത് കേന്ദ്ര ഏജന്‍സികള്‍ അമ്പേഷിക്കുന്ന കേസായി നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു മാറും. മൂന്ന് സംസ്ഥാന ഏജന്‍സികളും അന്വേഷണം നടത്തുന്നു. ആകെ 12 ഏജന്‍സികള്‍.
കോവളത്തു നടന്ന ബഹിരാകാശ ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുക. ബഹിരാകാശ സാങ്കേതികവിദ്യയിലെ ഗവേഷണത്തിനുള്ള നിര്‍ദിഷ്ട സ്പേസ് പാര്‍ക്കുമായി ബന്ധപ്പെട്ടു നടത്തിയ ഉച്ചകോടിയുടെ സംഘാടകയും ഓപ്പറേഷന്‍സ് മാനേജരുമായിരുന്നു സ്വപ്ന. തിരുവനന്തപുരം സ്പേസ് നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ഈ ചടങ്ങിലാണ്. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിനു പുറമേ യുഎഇയില്‍ നിന്നുള്ള ചില സര്‍വകലാശാലാ പ്രതിനിധികളെയും ചടങ്ങില്‍ കൊണ്ടുവന്നതു സ്വപ്നയുടെ ബന്ധങ്ങള്‍ ഉപയോഗിച്ചായിരുന്നു. എയര്‍ബസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, നാസ, ഇഎസ്ആര്‍ഐ, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ തുടങ്ങി ബഹിരാകാശ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഉച്ചകോടിയുടെ മറവില്‍ രാജ്യദ്രോഹ പ്രവര്‍ത്തികള്‍ നടന്നിരുന്നോ എന്നാണ് അന്വേഷണം.
അഭിഭാഷക ദമ്പതികളും കസ്റ്റംസ് ഉദ്യോഗസ്ഥനും പ്രതിയായ തിരുവനന്തപുരത്ത് 25 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസ് ‘റോ’ അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ ഉള്‍പ്പെട്ട സെറീനയുടെ പാക്കിസ്ഥാന് ബന്ധം തെളിഞ്ഞതിനാലാണ് റോ ഇടപെട്ടത്. തുടര്‍ച്ച എന്ന നിലയില്‍ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തും അന്വേഷിക്കുക.
കസ്റ്റംസ്, എന്‍ഐഎ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ് എന്നിവയാണ് കേസ് അന്വേഷിക്കുന്ന മറ്റ് കേന്ദ്ര ഏജന്‍സികള്‍.
കേരള പൊലീസും സംസ്ഥാന വിജിലന്‍സും ക്രൈംബ്രാഞ്ചും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാം കൂടി ആകുമ്പോള്‍ 12 ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസായി നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു മാറും. യുഎഇ സര്‍ക്കാറിന്റെ അന്വേഷണം ഇതിനു പുറമെയുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് 13.5 കോടി വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം പിടിച്ചത് കസ്റ്റംസ ആണ്. സരിത്, സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ പ്രതികളായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഫൈസല്‍ ഫരീദ്, കെ.ടി. റമീസ് എന്നിവരുമായി ഇവര്‍ക്കുള്ള ബന്ധം പിന്നാലെ കണ്ടെത്തി.
സ്വര്‍ണക്കടത്ത് ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ഭീകര, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ എന്നാണ് അന്വേഷണത്തിന്റെ ഊന്നല്‍.
വിദേശ രാജ്യത്തു നിന്നുള്ള സ്വര്‍ണക്കടത്ത് നടത്താന്‍ സഹായം നല്‍കിയത് ആരൊക്കെയെന്ന് ഇന്റലിജന്‍സ് ബ്യൂറോ പ്രധാനമായി അന്വേഷിക്കുക. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണ പരിധിയിലാണ്.
ബെംഗളൂരു സിനിമാ ലഹരി മരുന്നു കേസിലെ പ്രതികള്‍ക്കു സ്വര്‍ണക്കടത്ത് ലോബിയുമായുള്ള ബന്ധം കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു. ബിനിഷിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ നടപടി എടുക്കുകയും ചെയ്തു.
സ്വപ്നയുടെയും കൂട്ടു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പിനു സാമ്പത്തിക കുറ്റവിചാരണക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. കുറ്റകൃത്യം തെളിഞ്ഞാല്‍ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ (ഫെമ) 8-ാം വകുപ്പു പ്രകാരമാണ് നടപടിയെടുക്കുക. ലൈഫ് മിഷന് അഴിമതിയും ഇഡി അന്വേഷിക്കുന്നുണ്ട്.
അവസാനമായി രംഗത്തു വന്ന ഏജന്‍സിയാണ് സിബിഐ. ലൈഫ് മിഷന് പദ്ധതിക്കു കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനാണ് സിബിഐ അന്വേഷണം തുടങ്ങിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ 4.25 കോടി രൂപ കമ്മിഷന് വാങ്ങിയത് ഉള്‍പ്പെടെ അന്വേഷണ വിഷയം. യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന് ഒന്നാം പ്രതി.
സ്വപ്ന സുരേഷിന്റെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചാണ് കേരള പൊലീസിന്റെ അന്വേഷണം. എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത ശേഷമായിരുന്നു പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു ബോധ്യപ്പെട്ടതോടെ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്സലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യക്ക് ശ്രമിച്ച കേസും പോലീസ് അന്വേഷണത്തിലാണ്
സ്വപ്ന എയര്‍പോര്‍ട്ട് അഥോററ്റി ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു തലേന്ന് സര്‍ക്കാര്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. വിജലന്‍സ് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തി രേഖകള്‍ എടുത്തുകൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: