ഓരോ പേമാരിയും
അന്നത്തെ
പേറ്റുനോവിന്റെ
തടവറകള്‍ ഭേദിച്ച്
ഇന്നും ആര്‍ത്തലയ്‌ക്കുന്നുണ്ട് !
കാണാക്കിനാവുകളിലേയ്‌ക്കും
കാരാഗൃഹങ്ങള്‍ക്കപ്പുറത്തേയ്‌ക്കും!
ഓരോ കാളിന്ദിയും
അന്നത്തെപ്പോലെ
ഏതു മലവെള്ളപ്പാച്ചിലിലും
നിന്റെ വരവു കാണുമ്പോ
വഴി മാറാറുണ്ട് !
ഇന്നുമീ കണ്ണുനീരിന്റെ
കൂലം കുത്തിയ ഒഴുക്കിലും
ചുടുനിശ്വാസത്തിന്റെ
ഹൂംകാരാവത്തിലും !
ഓരോ തവണയും
സഹസ്രജിഹ്വകളൊതുക്കി
ഏത് അനന്തനും
കുട പിടിക്കാറുണ്ട് !
ഇനിയുമടങ്ങാത്ത
വേപഥുവിനു തണലായും
സങ്കടപ്പെരുമഴപ്പെയ്‌ത്തിനും !
ഓരോ തോരാമഴയും
നിര്‍ത്താതെ കരയാറുണ്ട്
വെറുമൊരു
ചെറുവിരലാല്‍
ഏതൊരു ഗോവര്‍ദ്ധനത്തെയും
ഉയര്‍ത്തുന്നതിന്!
അന്നത്തെപ്പോലെയാ
പുല്ലാങ്കുഴല്‍ നാദത്തില്‍
മയക്കി
ഏതൊക്കെയോ വ്യര്‍ത്ഥ
പൂജകള്‍ക്കുമപ്പുറത്ത് !
ഓരോ കാളിയനും ഒടുവില്‍
അഹങ്കാരമുന്മത്തമായ
പത്തികള്‍ കുനിഞ്ഞു
നമിക്കാറുണ്ട്!
ചിറകടിച്ചാര്‍ക്കുമേതോ
കൂര്‍ത്ത
നഖങ്ങള്‍ കോറുന്ന
ഗരുഡന്റെ
ചിറകടിയില്‍ നിന്ന് !
ഓരോ കാതുകളും
സശ്രദ്ധം
കൂര്‍പ്പിക്കാറുണ്ട്
അന്നത്തെപ്പോലെ
വിഷാദ യോഗത്തിന്റെ
ജാഡ്യത്തില്‍
നിന്നുമുയിര്‍ത്ത്
എന്നും മുഴങ്ങും
ഗീതാ ശ്രവണത്തിന്!
പ്രിയമെഴുന്നോര്‍ ചൂഴും
സേനാ വ്യൂഹങ്ങള്‍ക്കും
തകര്‍ന്ന തേര്‍ത്തട്ടിനുമിടയില്‍ നിന്ന്!
ഓരോ ആര്‍ത്തനാദവും
കാത്തുവെക്കുന്നുണ്ട്
അന്നത്തെപ്പോലോടിയെത്തി
മാനാഭിമാനങ്ങള്‍ക്കുമീടുവെപ്പായ
ചേലകള്‍ പെയ്‌തൊഴിയുന്നതിന് !
ചൂതാട്ടങ്ങള്‍ക്കും
കള്ളക്കളികള്‍ക്കും
രാജനീതികള്‍ക്കുമപ്പുറത്തു നിന്ന് !
ഓരോ പ്രളയവും
കാത്തു വെയ്‌ക്കുന്നുണ്ട്!
നിറവോടെയന്നത്തെ
കാല്‍വിരലുണ്ണുമുണ്ണിക്കു
മെത്തയായ് മനസ്സൊരു
അരയാലിലയായ് ഇന്നും
പൊന്തിക്കിടക്കുന്നതിന്!
ചിരംജീവിക്കുമീ
നിര്‍മ്മമതയുടെ
സാക്ഷ്യപ്പെടുത്തലുകളില്‍ നിന്നും!
ഓരോ നിമിഷവും
കാത്തു കാത്തിരിക്കുന്നുണ്ട്
പാഴായിപ്പോയോരോ
വിഫല പുത്രസൗഭാഗ്യങ്ങള്‍ക്കപ്പുറത്ത്
മേഘ ശ്യാമളനായി
നീയെത്തുന്നതും കാത്ത്!
ഏതു തടവറയുടെ
താഴുകള്‍ ഭേദിച്ചും
കൂച്ചുവിലങ്ങുകള്‍ തകര്‍ത്തും
മേഘ ശ്യാമള നായി
നീയെത്തുന്നതും കാത്ത് !
ഒടുവില്‍ നീയെത്തുന്നതും കാത്ത് !
കണ്ണ്ണ്ണാ…
ഒടുവില്‍
ഒടുവില്‍
നീയെത്തുന്നതും
കാത്തു കാത്ത്…
അഡ്വ. ലിഷ ജയനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: