മനോഹരം എന്ന വാക്കിന്റെ പര്യായമാണ് മൗറീഷ്യസ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അഗാധ നീലിമയില്‍ വെട്ടിത്തിളങ്ങുന്ന ഒരു ഹരിത ഭൂമി. നീലക്കടലും പച്ചഭൂമിയും പഞ്ചാര മണലും അന്തമില്ലാത്ത പവിഴപ്പുറ്റുകളുമാണ് ആകര്‍ഷണം. സഞ്ചാരികളുടെ സ്വര്‍ഗം. ആ സ്വര്‍ഗത്തിലെത്തുന്ന സഞ്ചാരികളാണ് ദ്വീപിന്റെ മുഖ്യ ഉപജീവന മാര്‍ഗവും.
സഞ്ചാരികളുടെ ആ സ്വര്‍ഗത്തിലേക്കാണ് കച്ചവട കപ്പലായ ‘വകാഷിയോ’ കട്ടുറുമ്പിനെപ്പോലെ കടന്നുവന്നത്. ദ്വീപിന്റെ തെക്ക്, കടലോര ഗ്രാമമായ മഹിബോര്‍ഗിനോട് അടുത്ത് അമൂല്യമായ പവിഴപ്പുറ്റ് ഉദ്യാനത്തിലേക്കാണ് വഴിതെറ്റിയെത്തിയ ‘വകാഷിയോ’ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം ഇരച്ചു കയറി. കപ്പലിലുണ്ടായിരുന്ന ആയിരത്തില്‍പ്പരം ടണ്‍ ഓയില്‍ ഓളപ്പരപ്പുകളിലേക്ക് കിനിഞ്ഞിറങ്ങി.
ഓയില്‍ പാളി കീലോമീറ്ററുകളോളം പരന്നൊഴുകി. തീരത്തേക്ക് അടുത്തപ്പോള്‍ ജലജീവികള്‍ ശ്വാസംമുട്ടി പിടഞ്ഞു. ഡോള്‍ഫിനുകള്‍ ചത്ത് കരക്കടിഞ്ഞു. ചതുപ്പുകളിലേക്കും കണ്ടല്കാടുകളിലേക്കും എണ്ണപ്പാളി പരന്നു കയറിയതോടെ അവിടത്തെ ജൈവ വൈവിധ്യം അമ്പേ അപകടത്തിലായി. മീനില്ലാതായതിന്റെ ഗൗരവം പരിഗണിച്ച് രാജ്യത്ത് ദേശീയ പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
ഇതാദ്യമായാണ് ഇത്ര ആപത്കരമായ ഒരു എണ്ണച്ചോര്‍ച്ചയെ ഈ ദ്വീപുരാജ്യം അഭിമുഖീകരിക്കുന്നത്. പക്ഷേ സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലായെന്നാണ് ആരോപണം. എണ്ണ വാരി കപ്പലുകളും ഹെലികോപ്ടറുകളും രാപകലന്യെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കടലില്‍ പരന്ന എണ്ണയെ പാടെ ഒഴിവാക്കുകയെന്നത് ക്ഷിപ്ര സാധ്യമല്ല. ഓയില്‍ ഒപ്പിയെടുക്കാനും കത്തിച്ചു കളയാനും രാസവസ്തുക്കള്‍ വിതറി ഓയിലിനെ വിഘടിപ്പിക്കാനുമൊക്കെ ശ്രമം നടക്കുന്നുണ്ട്. എങ്കിലും ജൂലൈയ് 25ന് സംഭവിച്ച ആ അപകടത്തിന്റെ അലയൊലികള്‍ ഇനിയും ശമിച്ചിട്ടില്ല.
അത്യപൂര്‍വമായ നിരവധി പവിഴപ്പുറ്റുകള്‍ എണ്ണച്ചതുപ്പില്പ്പെട്ട് പിടഞ്ഞുമരിക്കുമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു. പവിഴപ്പുറ്റുകളില്‍ ജീവിതം കണ്ടെത്തുന്ന കടലാമകളും ചെറുമത്സ്യങ്ങളും കടല്‍പക്ഷികളും ചത്തൊടുങ്ങാനും ഈ അപകടം വഴിതുറക്കും. കടലില്‍ പൂത്തുലഞ്ഞു നില്ക്കുന്ന 38 ഇനം പവിഴപ്പുറ്റുകളുണ്ടത്രേ അവിടെ. അവയില്‍ 72 ഇനം മത്സ്യങ്ങളും, രോമാവൃതമായ സസ്തനികളുടെ തണുപ്പില്‍നിന്ന് രക്ഷനേടാനുള്ള കഴിവും, ഈര്‍പ്പം ചെറുക്കാനുള്ള കടല്‍പ്പക്ഷികളുടെ ചിറകിന്റെ ശേഷിയും ഓയില്‍ പാട വല്ലാതെ കുറച്ചു കളയുമെന്നും ഭയപ്പെടുന്നു. നാട്ടുകാരുടെ മുഖ്യ ഉപജീവനമാര്‍ഗമായ മത്സ്യബന്ധനവും വിനോദസഞ്ചാരവും പ്രതിസന്ധിയിലായതും നാട്ടുകാരെ വല്ലാതെ കുഴയ്ക്കുന്നു. രാജ്യത്തെ 13 ലക്ഷം ജനങ്ങളാണ് വിനോദ സഞ്ചാര വ്യവസായത്തെ ആശ്രയിച്ചു കഴിയുന്നത്. ആ വകയില്‍ മൗറീഷ്യസിനു ലഭിക്കുന്ന പ്രതിവര്‍ഷ വരുമാനം 1.6 സഹസ്ര കോടി ഡോളര്‍ ആണെന്നു കൂടി ഓര്‍ക്കുക.
അതുകൊണ്ടാണ് എന്തു വില കൊടുത്തും എണ്ണപ്പാളികള്‍ പടരുന്നത് തടയാന്‍ നാട്ടുകാര്‍ അശ്രാന്ത ശ്രമം നടത്തുന്നത്. കരിമ്പുതോട്ടങ്ങളില്നിന്ന് വെട്ടിക്കൂട്ടുന്ന കച്ചിയും ചണ്ടിയും പഴയ തുണികളുമൊക്കെയായി അവര്‍ ഓയില്‍ പാളിക്ക് തടയിടാന്‍ ശ്രമിക്കുന്നു. അത് കടലോരത്തേക്ക് പടരാതെ ജാഗ്രത പാലിക്കുന്നു. രണ്ട് സമുദ്ര ആവാസ വ്യവസ്ഥകളും ബ്ലൂബേ മറൈന്‍ പാര്‍ക്ക് സംരക്ഷിതമേഖലയും അവര്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്. കടലാമകളുടെ വിഹാര കേന്ദ്രമാണ് മറൈന്‍ പാര്‍ക്ക്. ആയിരത്തിലേറെ ഏക്കര്‍ വിസ്തൃതിയുള്ള കണ്ടല്‍കാടുകള്‍ അപൂര്‍വ ജീവജാലങ്ങളുടെ അഭയ കേന്ദ്രമാണ്. എല്ലാം അന്താരാഷ്ട്ര തലത്തില്‍ ‘റംസാന് സൈറ്റ്’ പദവി ലഭിച്ചവ. പക്ഷേ അവിടെയെല്ലാം എണ്ണ നാശം വിതച്ചു കഴിഞ്ഞു.
ഓരോ ജീവജാലങ്ങളും നിലനില്‍പ്പിനുവേണ്ടി മല്ലിടുമ്പോള്‍ ഒരു ഓര്‍മത്തെറ്റുപോലെ മൗറീഷ്യസുകാര്‍ ഓര്‍ക്കുന്ന ഒരു പേരുണ്ട്-ഡോഡോ പക്ഷികള്‍. നിലത്ത് വീഴുന്ന പഴങ്ങള്‍ കൊത്തിത്തിന്ന് ജീവിച്ച പറക്കാനാവാത്ത പക്ഷികള്‍. 1505 ല്‍ അന്നാട്ടിലെത്തിയ പോര്‍ട്ടുഗീസുകാരും തുടര്‍ന്നെത്തിയ ഡച്ചുകാരും അവയെ മുഴുവന്‍ കൊന്നുതിന്നു. അവസാനത്തെ ഡോഡോ പക്ഷി 1681 ല്‍ മരിച്ചതോടെ ആ വംശം കുറ്റിയറ്റു. അതോടെ അവയെ ആശ്രയിച്ച് മുളച്ചുപൊന്തിയ കാല്വേരിയ മരങ്ങള്‍ അപ്രത്യക്ഷമായി. അവയുമായി ഒട്ടിച്ചേര്‍ന്ന് കഴിഞ്ഞ പറവകളെ കാണാതായി. അതിജീവനത്തിന്റെ അനന്തമായ യാത്രയില്‍ കേവലമൊരു കണ്ണീര്‍ത്തുള്ളിയായി ‘ഡോഡോ’ പക്ഷികള്‍ ഇന്ന് ഓര്‍മകളില്‍ ജീവിക്കുന്നു.
1991 ലെ ഗള്‍ഫ് യുദ്ധക്കാലത്ത് ഇറാക്ക് സൈന്യം ഗള്‍ഫ് കടലില്‍ ഒഴുക്കിവിട്ട 380 ദശലക്ഷം ഗ്യാലന് ഓയിലും 2010 ല്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ പരന്നൊഴുകിയ 40 ലക്ഷം ബാരല്‍ എണ്ണയുമൊക്കെയായി താരതമ്യപ്പെടുത്തിയാല്‍ ആയിരം ടണ്‍ ഓയില്‍ അപ്രസക്തമാണ്. ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ 2010 ഏപ്രില്‍ 20 മുതല്‍ 87 ദിവസക്കാലം നിയന്ത്രണം വിട്ട് കടലില്‍ ഒഴുകിയ ആ ഓയില്‍ ചോര്‍ച്ചയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഓയില്‍ ചോര്‍ച്ച അപകടമെന്ന് ഗണിക്കുന്നത്.
പക്ഷേ മൗറീഷ്യസിലെ അപകടം അവയുമായി താരതമ്യപ്പെടുത്താവുന്ന ഒന്നല്ല. അത് ബാധിക്കുന്നത് ഒരു കൊച്ചുദ്വീപിലെ പാവം മനുഷ്യരുടെയാകെ ജീവിതത്തെയാണ്. ദ്വീപിലും കടലിലുമായി പരന്നുകിടക്കുന്ന, അമൂല്യമായ ജൈവ വ്യവസ്ഥയെയാണ്. ‘വകാഷിയോ’ വിതറിയ വിനാശത്തിന്റെ വിഷ തുള്ളികളില്‍ നിന്ന് മൗറീഷ്യസ് വൈകാതെ മുക്തിനേടുമെന്ന് നാം പ്രതീക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: