ബംഗ്ലാദേശിന്റെ സാക്ഷാത്കരത്തിനു വഴിതെളിച്ച 1971 ലെ പോരാട്ടത്തിന്റെ ആസൂത്രകനുംഅതിനെ പൂര്ണ്ണവിജയത്തിലെത്തിച്ച സമരതന്ത്രജ്ഞനുമായിരുന്ന ലെഫ്.ജന. ജെ.എഫ്. റാഫേല്‍ ജേക്കബി (പരമവിശിഷ്ട സേവാമെഡല്‍)ന്റെ ആത്മകഥ ഈയിടെ വായിക്കാനിടയായി. ആ സമയത്ത് ഭാരതസൈന്യത്തിലും, പശ്ചിമ ബംഗാളിലും, കേന്ദ്രത്തിലും അധികാരമാളിയ ഒട്ടേറെ വന്‍ തോക്കുകളുടെ തനിനിറം അതിലൂടെ അറിയാന്‍ കഴിഞ്ഞു. തനിത്തങ്കമെന്ന് അനുയായികളായ വൈതാളികരെക്കൊണ്ട് വാഴ്ത്തിപ്പാടപ്പെട്ട ഒട്ടേറെപ്പേര്‍ കാക്കപ്പൊന്നുകൊണ്ടു തട്ടിക്കൂട്ടപ്പെട്ടവരായിരുന്നുവെന്ന് നമ്മേ ബോധ്യപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വേണ്ടി പടവെട്ടാനായി മുക്തിബാഹിനിയെ പരിശീലിപ്പിച്ചതും അവരെ സമരസജ്ജരാക്കി തന്ത്രപ്രധാന സ്ഥലങ്ങളിലേക്ക് അയച്ചതും അതിനായി ഭാരതസൈന്യം വഹിച്ച പങ്കും അതില്‍ വിവരിക്കുന്നു. എല്ലാ രാഷ്ട്രീയകക്ഷികളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഓരോ ആളെയും സൂക്ഷ്മനിരീക്ഷണം നടത്തുന്ന കൂര്‍മ്മബുദ്ധിയാണ് ലെഫ്.ജന. ജേക്കബ് എന്ന് നമുക്ക് മനസ്സിലാകും. കൂട്ടത്തില്‍ ആര്‍എസ്എസും ബിജെപിയും പരാമര്‍ശിക്കപ്പെടുന്നുണ്ട്. യുദ്ധം കൂടാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് ഏതാണ്ട് വ്യക്തമായി വരികയായിരുന്നു. അങ്ങിനെയൊരു ദിവസം ഫോര്ട്ട്വില്മിലെ സൈനികാസ്ഥാനത്ത് ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണാനെത്തി. അവരുടെ പേര് പരാമര്‍ശിച്ചിട്ടില്ല. പുറത്തെ പരിതസ്ഥിതികളെപ്പറ്റി സംസാരിച്ച് സൈനിക നീക്കത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണവര്‍ മടങ്ങിയത്. ആക്രമണം ആരംഭിച്ചപ്പോള്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തകര്‍ സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങളും എത്തിച്ചുകൊടുത്തുവെന്ന് അദ്ദേഹം പറയുന്നു. അവര്‍ ആരായിരുന്നുവെന്നോ അവര്‍ നല്കിയ സാധനങ്ങള്‍ എന്തായിരുന്നുവെന്നോ അദ്ദേഹം വെളിപ്പെടുത്തുന്നില്ല.
യുദ്ധമൊക്കെ വിജയകരമായി സമാപിച്ച് മിന്നല്‍ വേഗത്തില്‍ താന്‍ കിപാക് അധികൃതര്‍ക്ക് സന്ദേശമയച്ച് ധാക്കയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം എത്തിയപ്പോള്‍ സുരക്ഷിതമായ അകമ്പടിപോലുമില്ലായിരുന്നെന്നും അവിടത്തെ സൈന്യാധിപന് ജനറല്‍ നിയാസിയെ കീഴടങ്ങലിന് സമ്മതിപ്പിച്ചത് ധാക്കയിലെ ജനങ്ങളുടെ രോഷമായിരുന്നുവെന്നും ഭാരതസേന 16 കി.മീ അകലെവരെയേ എത്തിയിരുന്നുള്ളുവെന്നും ജേക്കബ് പറയുന്നു. പിറ്റേന്ന് ജന. അറോറയ്ക്ക് മുന്നില്‍ ധാക്കയിലുണ്ടായിരുന്ന പാക് സൈനികരെക്കൊണ്ട് തങ്ങളുടെ ആയുധങ്ങളും മറ്റും സമര്‍പ്പിക്കുന്ന ചടങ്ങും വിവരിക്കുന്നു.
ബംഗ്ലാദേശ് വിമോചനം കഴിഞ്ഞ് സംഘത്തിന്റെ സഹസര്‍കാര്യവാഹ് ആയിരുന്ന ഭാവു റാവു ദേവറസിന്റെ കേരള സന്ദര്‍ശനവേളയില്‍ കോഴിക്കോട്ടുവന്നിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഒന്നുരണ്ടു ദിവസങ്ങള്‍ ചെലവിടാന്‍ അവസരമുണ്ടായി. കാര്യകര്‍ത്താക്കന്മാരുമായി സംവദിക്കുമ്പോഴത്തെ ദ്വിഭാഷിയുടെ പങ്കാണ് ഞാന്‍ വഹിച്ചത്. സാംഘിക്കുകളില്‍ ബൗദ്ധിക്കുകള്‍ പരിഭാഷപ്പെടുത്തലും. ഇടവേളകളില്‍ ബംഗ്ലാദേശയുദ്ധകാലത്ത് സ്വയംസേവകര്‍ ചെയ്ത കൃത്യങ്ങളെപ്പറ്റിയും അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കി. സേനാഘടകങ്ങളോടൊപ്പം തന്നെ അവര്‍ പോകുകയും സൈനികര്‍ക്ക് വേണ്ട സാധന സാമഗ്രികള്‍ നല്‍കുകയും ചെയ്തു. പലയിടങ്ങളിലും ശാഖകള്‍ നടത്തി. ധാക്കയില്‍, ഭാരതവിഭജനത്തിന് മുമ്പത്തെ സംഘസ്ഥാനില്‍ പ്രാര്‍ത്ഥന ചൊല്ലാനം സാധിച്ചുവത്രെ.
യുദ്ധമൊക്കെകഴിഞ്ഞ് ലെഫ്.ജന. ജേക്കബ് വീണ്ടും സൈനിക നേതൃത്വത്തില്‍ തുടര്‍ന്നു. രാഷ്ട്രീയനേതാക്കളുടെ കുതന്ത്രങ്ങള്‍ക്ക് തലകുനിക്കാത്തതിനാല് പലരും തന്നെ മറികടന്ന് അത്യുന്ന പദവികള്‍ നേടിയതും നിസ്സംഗതയോടെ പരാമര്‍ശിച്ചു. കേന്ദ്രത്തില്‍ അടല്‍ജിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം വരുമെന്ന അന്തരീക്ഷം രൂപപ്പെട്ടപ്പോള്‍ പല നേതാക്കന്മാരും അദ്ദേഹത്തെ കാണാനെത്തിയിരുന്നു. മനോഹര്‍ ലാല്‍ സോന്ധി ഒരിക്കല്‍ അദ്ദേഹത്തെ സമീപിച്ചു വളരെ നേരം സംസാരിച്ചു. ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചു. അതേപ്പറ്റി മൂന്നുമാസം അലോചിച്ചതിന് ശേഷം അനുകൂലതീരുമാനമെടുത്തു. അതിനിടെ എല്‍.കെ. അദ്വാനിയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. വിവിധ രംഗങ്ങളിലെ പ്രശസ്തരും വിദഗ്ദ്ധരുമായ ഒട്ടേറെ സുപ്രധാന വ്യക്തികളെ ഉപദേഷ്ടാക്കളായി പാര്‍ട്ടിയില്‍ അംഗങ്ങളാക്കുക എന്ന നയം പാര്‍ട്ടിക്കുണ്ടായിരുന്നു. പ്രതിരോധം, വിദേശബന്ധങ്ങള്‍ എന്നീക്കാര്യങ്ങളില്‍ സര്‍ക്കാരിന് വിദഗദ്ധോപദേശം നല്‍കുക എന്നതായിരുന്നു ലെഫ്. ജന. ജേക്കബിന് നല്കിയ വിശേഷാല്‍ ചുമതലകള്‍. താന്‍ ബന്ധപ്പെട്ട ഒട്ടേറെ നേതാക്കന്മാരെക്കുറിച്ച് ചെറിയ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ കുശഭാവു ഠാക്കറെ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഏതാനും വാക്കുകളില്‍, അര്‍ത്ഥഗര്‍ഭമായ വാല്യങ്ങള്‍ തന്നെ ഉള്‍ക്കൊള്ളുന്ന ആ ഖണ്ഡിക ഇങ്ങനെയാണ്.
Upright simple man, when he was dying of cancer in a tiny cubicle at the out house quarters of 11 ashoka road, died after a long battle with cancer. The Posseession he left behind were four sets of Kurtha Pyjamas and two pairs of slippers. രാജ്യം ഭരിക്കുന്ന ദേശീയ അധ്യക്ഷനെക്കുറിച്ച് ഇതിലും ഉജ്ജ്വലമായ ഒരു ചമരക്കുറിപ്പ് ആര്‍ക്കെഴുതാന്‍ കഴിയും. വിവര്‍ത്തനം ഇങ്ങനെയാണ്: സത്യസന്ധനായ ലളിത മനുഷ്യന്. അദ്ദേഹം 11 അശോക റോഡിന്റെ പുറംഭവനത്തില് അര്ബ്ബുദവുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷം അന്തരിച്ചു. അദ്ദേഹം അവശേഷിപ്പിച്ചു പോയത്, നാലുസെറ്റ് കുര്‍ത്ത പൈജാമയും, രണ്ട് ജോഡി വള്ളിച്ചെരിപ്പുമായിരുന്നു. ഞാന്‍ ആദരിച്ച എന്നും അവിസ്മരണീയ വ്യക്തിയായിരുന്നു അദ്ദേഹം.
ലെഫ്. ജനറല്‍ എഴുതിയ ഓരോ അക്ഷരവും പരമാര്ത്ഥമായിരുന്നുവെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് പറയാന്‍ കഴിയും. ജനസംഘ കാലത്തു കേരളം സന്ദര്‍ശിച്ചപ്പോള്‍ രണ്ടു തവണ അദ്ദേഹത്തെ അനുഗമിക്കാന്‍ എനിക്കവസരമുണ്ടായി. കോഴിക്കോട് പാളയം റോഡിലെ ജനസംഘകാര്യാലയത്തിലെ നാലാം നിലയിലുള്ള മുറിയിലാണ് താമസിച്ചത്. മുകളിലെ ടെറസ്സില്‍ നടന്ന പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്തതിന് ശേഷം അവരില്‍ നിന്നും ലഭിച്ച ഉത്തരങ്ങളില്‍ നിന്ന് ജനസംഘത്തിന് കിട്ടാവുന്ന വോട്ടുകള്‍ അദ്ദേഹം കൃത്യമായി പ്രവചിച്ചു. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോകാന്‍ കാര്‍ ഉണ്ടായിരുന്നില്ല. അന്ന് ഒരു ജീപ്പ് ഉണ്ടായിരുന്നു. അതുമതി ടാക്സി എടുക്കേണ്ട എന്നു ശഠിച്ചു. അന്ന് കോഴിക്കോട്-പാലക്കാട് ട്രങ്കുറോഡ് ശോചനീയാവസ്ഥയില്‍ ആയിരുന്നു. തന്റെ മധ്യപ്രദേശത്തെ റോഡുകള്‍ നോക്കുമ്പോള്‍ ഇവ സുന്ദരമാണെന്നഭിപ്രായപ്പെട്ടു. ആലുവായിലെ ഒരു വീട്ടിലാണ് ഒ.ജി. തങ്കപ്പന് അത്താഴം ഏര്‍പ്പെടുത്തിയത്. അദ്ദേഹത്തിന് ചപ്പാത്തിയും കിഴങ്ങ് കറിയും തയ്യാറാക്കിയിരുന്നു. ഗൃഹനാഥനോടും ഇരിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ചെണ്ടമുറിയന്‍ കപ്പയും കാന്താരിച്ചട്ണിയുമാണ് കഴിച്ചത്. അപ്പോള്‍ അതിനെക്കുറിച്ചന്വേഷിച്ചു. കേരളത്തിലെ സാധാരണക്കാരന്റെ സ്റ്റാപ്പിള്‍ ഫുഡ് ആണെന്ന് പറഞ്ഞപ്പോള്‍ ഇതുവരെ എന്തുകൊണ്ട് തനിക്ക് തന്നില്ല എന്നായി. തിരുവനന്തപുരത്ത് പട്ടം ജി. ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനിടെ പട്ടംജി തന്നെക്കാള്‍ നല്ലഹിന്ദി സംസാരിക്കുന്നല്ലോ എന്നഭിനന്ദിച്ചു. മധ്യപ്രദേശില്‍ കേരളീയനായ ബാലചന്ദ്രവാര്യര്‍ (പനച്ചിക്കാട്ടുകാരന്) ഹിന്ദികോളേജിന്റെ പ്രിന്‍സിപ്പാളായി ഉണ്ടെന്നദ്ദേഹം ഓര്‍ത്തു.
ബിജെപി അധ്യക്ഷനെന്ന നിലയ്ക്ക് കേരളത്തില്‍ വന്നപ്പോള്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് സാമാന്യം കഴിയാനുള്ള വക തുകയായി കൊടുക്കാന്‍ വ്യവസ്ഥയുണ്ടാക്കി.
1997 ഏപ്രില്‍ ആദ്യം ബിജെപിയുടെ ഭാരതീയ പ്രതിനിധിസഭ (ദേശീയ കൗണ്‍സില്‍) തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ചിരുന്നു. അതിന്റെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ച് ഏതാനും മാസം തിരുവനന്തപുരത്ത് താമസിച്ചു. തൈക്കാട്ട് മാരാര്‍ജിഭവനിലെ ഒരു മുറിയിലായിരുന്നു താമസം. സാധാരണ കാര്യകര്ത്താവില് നിന്നും മികച്ച യാതൊരു സൗകര്യവും കൂടാതെയാണദ്ദേഹം അവിടെ കഴിഞ്ഞത് എന്ന് കാര്യാലയ ചുമതലവഹിച്ച പി. രാഘവന് അനുസ്മരിച്ചു. അദ്ദേഹന്റെ വസ്ത്രങ്ങള്‍ മറ്റാരെക്കൊണ്ടും അലക്കിക്കാതെ തന്നത്താന്‍ അലക്കി. അദ്ദേഹം നേതാവാണെന്ന് അവിടെവന്നുപോയ നൂറുകണക്കിനാളുകളില്‍ ആര്‍ക്കും തോന്നിയില്ല.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം 3000 പേര്‍ക്കുവേണ്ടി സജ്ജീകരിച്ചു. ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂജനീയ സര്‍സംഘചാലക് ബാബ സാഹിബ് ദേവറസ് പങ്കെടുത്ത ഹിന്ദു മഹാസംഗമത്തിന് വേണ്ടി ശുചിയാക്കിയശേഷം ആദ്യമായിരുന്നു സമഗ്ര ശുചീകരണം.
പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു തുടങ്ങുകയും പാചകശാലയില്‍ തിരികത്തിക്കുകയും സമ്മേളന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തപ്പോള്‍ മാര്‍ച്ച് 30ന് കേന്ദ്രത്തിലെ ദേവഗൗഡ സര്‍ക്കാര്‍ നിലം പതിച്ചു. രാജ്യം രാഷ്ട്രീയാനിശ്ചിതത്വത്തിലാണ്ടു. ഈ ഘട്ടത്തില്‍ ദേശീയ സമ്മേളനം ഉപേക്ഷിക്കാനുള്ള അന്തിമതീരുമാനം കൈക്കൊള്ളേണ്ട ചുമതല കുശഭാവുവിനായിരുന്നു. താനൊറ്റയ്ക്കു തിരുവനന്തപുരത്തും മറ്റു നേതാക്കള്‍ വഴിയിലും, വിമാനത്തിലുമൊക്കെയായിരിക്കുമ്പോള് എത്രയും നിസ്സംഗതതോടെ അതു പ്രഖ്യാപിക്കാന്‍ കഴിഞ്ഞ കുശാഭാവു ഠാക്കറെയാണ് ലക്ഷാവധി ശത്രുഭടന്മാരെ അടിയറവയ്പ്പിക്കാന്‍ കളമൊരുക്കിയ ജേക്കബ് നേരത്തെ സൂചിപ്പിച്ച രണ്ടു വചകത്തില്‍ അനുസ്മരിച്ചത്. ഡോ. ഹെഗ്ഡേവാറിന്റെ കാലത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ചേര്‍ന്ന കുരുന്നുകളില്‍ ഒരാളായിരുന്നു ഠാക്കറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: