തിരുവനന്തപുരം : ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജന ഹരീഷിന്റെ ദുരൂഹ മരണം ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നു. ഗോവയില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജനയുടെ മരണത്തില്‍ നക്സല്‍ നേതാവ് ഗാര്‍ഗി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മരണകാരണം ഉള്‍പ്പടെയുള്ളവ അന്വേഷിച്ച് കണ്ടെത്താന്‍ ആയിരുന്നില്ല.
അഞ്ജന ഹരീഷിന്റെ മരണത്തിന് പിന്നില്‍ ചില നിരോധിത സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഭീകര വിരുദ്ധ സ്ക്വാഡിന് കൈമാറിയിരിക്കുന്നത്. തിരുവനന്തപുരത്തെ പുതുമുഖ സംവിധായിക നയന സൂര്യന്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
കഴിഞ്ഞ മെയ് 12നാണ് അഞ്ജന ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇടത് തീവ്ര സംഘടനകളില്‍ ആകൃഷ്ടയായാണ് അഞ്ജന നാട് വിടുന്നത്. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന പരാതിയില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ അഞ്ജന ഗാര്‍ഗിക്കൊപ്പം പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗാര്‍ഗിയും എഴുതി നല്കി. സ്ക്രിപ്റ്റ് എഴുതാനെന്ന പേരിലാണ് ഗാര്‍ഗി അഞ്ജനയെ വിളിച്ചുകൊണ്ടുപോയതെന്നും ആരോപണമുണ്ട്. ഇവര്‍ ലഹരി വിമുക്ത കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നെന്നും പറയപ്പെടുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വരുന്നതായി അഞ്ജന അമ്മയെ ഫോണ്‍ വിളിച്ച് അറിയിച്ചതിന് പിറ്റേന്നാണ് തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തുന്നത്.
സംവിധായകന് ലെനില്‍ രാജേന്ദ്രന്റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ ദുരൂഹതയുണര്‍ത്തുന്ന മരണങ്ങള് തന്നൊണ് മറ്റ് രണ്ട് പേരുടേയും. ഈ നാലുപേരുടേയും മരണങ്ങളില്‍ നിരോധിത സംഘടനകള്‍ക്കും, ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരുടേയും കേസ് ഒരുമിച്ച് അന്വേഷിക്കുന്നത്.
അതേസമയം അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക മൊഴികളും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായും സൂചനയുണ്ട്. അഞ്ജനയും സുഹൃത്തുക്കളുമായുള്ള അവസാന ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ലഹരി മാഫിയയ്ക്കും ചില സ്വതന്ത്ര ലൈംഗിക സംഘടനകള്‍ക്കും ഈ മരണങ്ങളുമായി ബന്ധമുണ്ടെന്നാണ് നിഗമനം. വിഷാദ രോഗികള്‍ക്ക് മയക്കുമരുന്ന് നല്കുന്ന ഡോക്ടര്‍മാരും അന്വേഷണ പരിധിയിലുണ്ട്. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിലെ ഡേറ്റിങ് ഗ്രൂപ്പുകളിലേക്കും അന്വേഷണം നീളുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: