കൊല്ലം: മുന്‍ മേയറുടെ പിടിവാശി മൂലം അമ്പതോളം കുടുംബങ്ങള്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ ദുരിതത്തിലായി. ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനില്‍ കരാളത്ത് ദേവീക്ഷേത്ര പരിസരത്താണ് മഴക്കാലത്ത് കഴിഞ്ഞ മൂന്നുവര്‍ഷമായി ദുരിതമനുഭവിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന ഓട കെട്ടിയടച്ചത് മൂലമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ മഴയത്ത് അഞ്ചോളം വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. മറ്റ് വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലുമായി. ഇതിനെതിരെ നിരവധി തവണ പരാതിയുമായി നാട്ടുകാര്‍ സമീപിച്ചെങ്കിലും കോര്പ്പറേഷന് അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് ഉണ്ടായത്. വെള്ളക്കെട്ട് മൂലം വാഹനം എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് രോഗി മരിച്ചിരുന്നു.
ഇപ്പോഴത്തെ മേയറെ കണ്ട് പരാതി ഉന്നയിച്ചപ്പോള്‍ മുന്‍ മേയര്‍ ഇതില്‍ ഇടപെടരുത് എന്ന നിര്‍ദ്ദേശിച്ചതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. കോര്‍പ്പറേഷന്റെ ഈ അവഗണനയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പരാതിയെ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ്, മണ്ഡലം സെക്രട്ടറി ഷിബു കടപ്പാക്കട, ഏരിയ പ്രസിഡന്റ് ടി.ആര്. അഭിലാഷ്, അശോകന്, സനല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: