പ്രിയപ്പെട്ടവര്‍ എന്നെയോര്‍ത്ത് ആശങ്കപ്പെടേണ്ട. നേരിയ ജലദോഷം മാത്രമാണുള്ളത്. രണ്ട് ദിവസത്തിനകം ആശുപത്രി വിടും…
എത്ര കഠിന സ്വരങ്ങളും തെല്ലും ആയാസമില്ലാതെ പാടി ഫലിപ്പിക്കുന്ന ദൈവിക ഗായകന്റെ കണ്ഠമിടറുന്നതും ശ്വാസം മുറിയുന്നതും ആദ്യമായി ആരാധകര്‍ കേട്ടത് ഈ വാക്കുകളിലാണ്്.
ഏറ്റവുമൊടുവില്‍ ആശുപത്രി ചുവരുകള്‍ക്കുള്ളില്‍ നിന്ന് വീഡിയോ സന്ദേശം വഴി ആരാധകരോട് സംസാരിക്കുമ്പോഴും തിരികെ വരാനാകുമെന്ന പൂര്‍ണ വിശ്വാസം ആ മഹാഗായകനുണ്ടായിരുന്നു. എന്നാല്‍, ആരാധകരില്‍ വീണ്ടും ശങ്കരാഭരണം പെയ്യിക്കാന്‍ ആ ഗാന ചക്രവര്‍ത്തി ഇനിയില്ല. ലോകത്തെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട മഹാമാരിയുടെ ഒടുവിലത്തെ ക്രൂരത.
1946 ജൂണ്‍ നാലിന് ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഹരികഥാ കലാകാരനും നാടകനടനുമായ എസ്.പി. സംബമൂര്‍ത്തിയുടെയും ശകുന്തളഅമ്മയുടെയും മകനായായിരുന്നു ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. ഗായിക എസ്.പി. ഷൈലജയുള്‍പ്പെടെ ഏഴ് സഹോദരങ്ങള്‍.
കലയും സംഗീതവും മാത്രം നിറഞ്ഞു നിന്ന കുട്ടിക്കാലം. എന്നാല്‍ മകന് ഒരു എഞ്ചിനീയറായി കാണണമെന്ന ആഗ്രഹത്തില്‍ അച്ഛന് എസ്പിബിയെ അനന്തപൂരിലെ ജെഎന്‍ടിയു എഞ്ചിനീയറിങ് കോളേജില്‍ ചേര്‍ത്തു. പക്ഷെ ടൈഫോയ്ഡ് അതു മുടക്കി. പിന്നീട് ചെന്നൈയില്‍ വീണ്ടും എഞ്ചിനീയറിങ്ങിന് ചേര്‍ന്നെങ്കിലും അപ്പോഴേക്കും സംഗീതത്തോടുള്ള തീവ്ര പ്രണയം മനസ്സില്‍ കയറിക്കൂടി.
ഇളയരാജ, ഗംഗൈ അമരന് തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം ലളിതഗാന സംഘമുണ്ടാക്കി. പല മത്സരങ്ങളിലും മികച്ച ഗായകനായി. ഒടുവില്‍ 1966 ഡിസംബര്‍ 15ന് എസ്.പി. കോദണ്ഡപാണിയുടെ സംഗീതത്തില്‍ ശ്രീശ്രീ മര്യാദ രമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. കാലങ്ങള്‍ക്കിപ്പുറം സ്വന്തമായി തുടങ്ങിയ റെക്കോഡിങ് സ്റ്റുഡിയോയ്ക്ക്് ജീവിതം മാറ്റിമറിച്ച കോദണ്ഡപാണിയുടെ പേരു തന്നെ നല്കി ഗുരുത്വമുള്ള ആ കലാകാരന്.
തുടക്കത്തില്‍ ഒന്നോ രണ്ടോ പാട്ടുകള്‍ പാടി കടന്നുപോകാമെന്നേ എസ്പിബി കരിതിയിരുന്നുള്ളൂ. ഖണ്ഡസാല, പി.ബി. ശ്രീനിവാസന് അടക്കം തെലുങ്കില്‍ നിറഞ്ഞു നിന്ന കാലം. ഇവരെ പോലെ കാലങ്ങളോളം സിനിമാ ഗായകനായി തുടരാന്‍ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത തനിക്ക് സാധിക്കുമോയെന്നായിരുന്നു സംശയം.
ചെന്നൈയില്‍ അയച്ച് പഠിപ്പിക്കുന്നതിലെ അച്ഛന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് തന്റെ വരുമാനം ഒരാശ്വാസമാകുമല്ലോ എന്ന് കരുതിയാണ് അന്ന് ഓരോ പാട്ടും പാടിയിരുന്നത്. പത്തോ പതിനഞ്ചോ പാട്ടു വരെ കിട്ടുമായിരിക്കും എന്ന് പ്രതീക്ഷ. എന്നാല്‍, തുടരെ ഇരുപതോളം പാട്ടുകള്‍ തേടിയെത്തിയപ്പോള്‍ തന്റെ ജന്മത്തിന് പിന്നില്‍ സവിശേഷമായ എന്തോ കാരണമുണ്ടെന്ന തോന്നല്‍ ഉടലെടുത്തു. ദൈവം പാടാനായി സൃഷ്ടിച്ചവനാണെന്ന് അന്നുമുതല്‍ ചിന്ത തുടങ്ങി.
സംഗീതമാണ് ജീവിതം എന്ന തിരിച്ചറിവില്‍ നിന്നങ്ങനെ നാല്‍പ്പതിനായിരം ഗാനങ്ങള്‍ പിറവികൊണ്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോഡ്. തെലുങ്കിലും തമിഴിലും കന്നഡയിലും ഒരേസമയം ഏറ്റവും തിരക്കുള്ള ഗായകന്. ആറുവട്ടം ദേശീയ പുരസ്കാരം, പദ്മശ്രീ, പദ്മവിഭൂഷണ്, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര അംഗീകാരങ്ങള്‍.സംഗീത സംവിധായകന്, അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ പല പല റോളുകള്‍.
കമല്‍ ഹാസനും സല്മാന് ഖാനും രജനികാന്തിനും തുടങ്ങി അനേകം കലാകാരന്മാര്ക്കാണ് മൊഴിമാറ്റ ചിത്രങ്ങളില്‍ അദ്ദേഹം ശബ്ദം നല്‍കിയത്. തിരക്കേറിയ ഗായകന്റെ അഹന്തകളൊന്നുമില്ലാതെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റാകാനും എസ്പിബി എന്ന മനുഷ്യന് മടികാണിച്ചില്ല. ഒരിക്കല്‍ ഒരു വേദിയില്‍ ഇളയനിലാ എന്ന ഗാനം എസ്പിബി പാടുന്നതിനിടെ പുല്ലാങ്കുഴല്‍ കലാകാരന് തെറ്റുപറ്റി. അന്ന് അദ്ദേഹത്തിന് അത് ശരിയായി വായിക്കാന്‍ വീണ്ടും അവസരം നല്കിയ ആ സന്ദര്‍ഭം വിവരിക്കും കലാകാരന്മാരോടും സഹജീവികളോടുമുള്ള ആ മനുഷ്യന്റെ സ്നേഹവും കരുതലും. ഗായകനെന്നതിലുപരി നല്ല മനുഷ്യ ജീവി എന്നാണ് നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ എന്നും വിശേഷിപ്പിക്കാറ്.
മണ്ണില്‍ ഇന്ത കാതല്‍, മലരേ മൗനമാ, സുന്ദരീ കണ്ണാല്‍ ഒരു സെയ്തി, കാതല്‍ റോജാവേ തുടങ്ങിയ ആയിരക്കണക്കിന് പ്രണയ ഗാനങ്ങളിലൂടെ… വന്തേണ്ടാ പാല്ക്കാരന്, നാന് ഓട്ടോക്കാരന്, ഒരുവന് ഒരുവന് മുതലാളി തുടങ്ങിയ നിരവധി അടിപൊളി ഗാനങ്ങളിലൂടെ… ദക്ഷിണേന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ബാലു എന്ന മനുഷ്യന് എന്നും നമ്മില്‍ നിറഞ്ഞു നില്ക്കും… ആ ശബ്ദം ഇനിയും നമ്മില്‍ പെയ്തിറങ്ങും കാലങ്ങളോളം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: