ഹിഡിംബിയെന്ന രാക്ഷസിയുടെ മനോവ്യാപാരങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് വെണ്ണല മോഹന്‍ ഹിഡിംബി എന്ന നോവലിലൂടെ. രാക്ഷസീയ ചോദനകളും മൃദുലവികാരങ്ങള്‍ക്ക് അടിപ്പെടുമെന്നതിന്റെ വ്യാഖ്യാനമാണ് അമ്പത്താറു പേജു വരുന്ന പുസ്തകത്തിലുള്ളത്.
രാക്ഷസീയം, രാക്ഷസശക്തി, രാക്ഷസവിചാരം എന്നതൊക്കെ മനുഷ്യന് ഭയക്കുന്ന, ഭയക്കേണ്ടതാണെന്ന പൊതുഭാവനയെ ഉല്ലംഘിക്കുന്ന ഭാവനയുടെ സ്വപ്നസദൃശമായ വ്യാഖ്യാനമാണ് നോവലിലങ്ങിങ്ങോളം ഉറവപൊട്ടുന്നത്. ചോരച്ചൂരല്ല, സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും ദലമര്മരമാണ് അതില്‍ കേള്‍ക്കാനാവുന്നത്. അരമണിക്കൂര്‍കൊണ്ട് നോവല്‍ വായിച്ചു തീരുമെങ്കിലും അനേകകാലം ഹിഡിംബിയെന്ന ലോലമനസ്കയുടെ വൈകാരിക തലം നമ്മെ പിന്തുടരുകതന്നെ ചെയ്യും. അത്ര വിദഗ്ധമായ ക്രാഫ്റ്റാണ് കൃതഹസ്തനായ വെണ്ണല മോഹന്റേത്.
പ്രണയത്തിന്റെ അതിലോലവും മൃദുവുമായ ഭാവം ഒരു രാക്ഷസിയെപ്പോലും എങ്ങനെ തരളിതയാക്കുന്നു എന്ന് അറിയാനാവുന്നു. ഭര്‍ത്താവിനെയും സൗകര്യങ്ങളെയും മകനെയും നഷ്ടപ്പെട്ട ഹതഭാഗ്യയായ ഹിഡിംബി വായനക്കാരില്‍ വല്ലാത്തൊരു നൊമ്പരമാണുണ്ടാക്കുന്നത്. പല സന്ദര്‍ഭങ്ങളിലും അറിയാതെ മിഴി നിറഞ്ഞുപോകും. അനര്‍ഹമായ സ്ഥലത്ത് എത്തിപ്പെടാനേ തനിക്ക് കഴിയൂ എന്ന ഹിഡിംബിയുടെ ചിന്ത നമ്മുടെ സാംസ്കാരിക കെട്ടുകാഴ്ചയുടെ ചില്ലു മാളികയിലേക്ക് എറിയുന്ന കല്ലാവുകയാണ്. ഭീമന് തന്നോട് സ്നേഹവും ആസക്തിയും ഉണ്ടെങ്കിലും അത് ധൈര്യസമേതം പ്രകടിപ്പിക്കാനാവുന്നില്ലല്ലോ എന്ന സങ്കടം ഹിഡിംബിയെ ഒട്ടൊന്നുമല്ല മുറിപ്പെടുത്തുന്നത്. തന്റെ സുഖസൗകര്യങ്ങള്‍ക്ക് വശംവദനാവാത്ത ഭീമനു വേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവച്ച അവള് സമൂഹത്തിലെ പരശ്ശതം സ്ത്രീകളുടെ പ്രതിനിധിയല്ലേ എന്ന തോന്നല്‍ മനസ്സില്‍ നിന്നുയര്‍ന്നു വരും. എല്ലാം സമര്‍പ്പിക്കുന്ന ഒരു പാവം സ്ത്രീയുടെ മനസ്സ് അറിഞ്ഞവതരിപ്പിക്കാന്‍ മോഹന്‍ സാധിച്ചിട്ടുണ്ട്.
മറ്റുള്ളവര്‍ക്കായി സകലതും സമര്‍പ്പിക്കുന്ന ഹിഡിംബി ഒടുവില്‍ സമൂഹത്തില്‍ ആരായിമാറുകയാണ് എന്ന പൊതുപ്രസ്താവനയോടെയാണ് നോവല്‍ അവസാനിക്കുന്നത്. അത് ഇങ്ങനെയാണ്: ”ഹിഡിംബി അലയുകയാണ്. വന്യമായ ഈ അലച്ചില്‍ യുഗയുഗാന്തരങ്ങള്‍ കഴിഞ്ഞും സ്ത്രീയുടെ, കീഴാളരുടെ, ഇരയുടെ അലച്ചിലായി മാറുന്നു. ധര്‍മശാസ്ത്രവും നീതിബോധവും താന്‍പോരിമയ്ക്കും തന്ജയത്തിനുമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഹിഡിംബി അലയുന്നു ഇപ്പോഴും… മനസ്സിലെ വനാന്തരങ്ങളിലൂടെ…”
അതെ, അതൊരു അലച്ചിലാണ്. മറ്റുള്ളവരുടെ സുഖ സൗകര്യങ്ങള്‍ക്കു വേണ്ടി സ്വന്തം ജീവിതം ഹോമിച്ച ഹിഡിംബി മനസ്സുള്ള ഒരുപാട് മനുഷ്യ ജീവിതങ്ങളുടെ നൊമ്പരപ്പെടുത്തുന്ന അലച്ചില്‍.
വെണ്ണല മോഹന്റെ: നമ്പര്‍ 8848621313
കെ.മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: