മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിന് സ്പുട്നിക്-അഞ്ച് മോസ്കോ നഗരത്തില്‍ വിതരണം ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നിരവധി സുരക്ഷാ പരിശോധനകള്‍ വിജയം കണ്ടതിനെ തുടര്‍ന്നാണ് വാക്സിന് പൊതുവിതരണത്തിനായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
വിതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വാക്സിന് കൂടുതലായി നിര്‍മിക്കാന്‍ റഷ്യ ആരംഭിച്ചതായാണ് സൂചനകള്‍. ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍ഡ് മൈക്രോബയോളജി ലാബിലാണ് സ്പുട്നിക്-അഞ്ച് എന്ന കൊവിഡ് വാക്സിന് വികസിപ്പിച്ചെടുത്തത്. കൊവിഡ് വാക്സിനുകള്‍ പൊതുവിതരണത്തിനായി നിര്‍മിക്കുന്നുണ്ടെന്നും വെെകാതെ രാജ്യത്തെ എല്ല സ്ഥലങ്ങളിലേക്കും ഇതെത്തിക്കുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് തന്റെ മകളില്‍ തന്നെ ആദ്യ വാക്സിന് പരീക്ഷണം നടത്തിയിരുന്നു.13 ലക്ഷത്തിലേറെ പേര്‍ക്കാണ് റഷ്യയില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 19,948 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് വാക്സിന് പൊതുവിതരണം ചെയ്യാന്‍ റഷ്യ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: