തൃശൂര്‍: എമര്‍ജന്‍സി ഷട്ടര്‍ മുക്കാല്‍ ഭാഗത്തിലേറെ അടച്ചിട്ടും പീച്ചി ഡാമിനടിയിലെ സ്ലൂയിസ് വാള്‍വിലെ ചോര്‍ച്ച പരിഹരിക്കാനായില്ല. ഷട്ടറിന്റെ അടിയില്‍ വശങ്ങളിലുള്ള ചങ്ങലയുടെ അലൈന്റ്മെന്റ് തെറ്റിയത് വിദഗ്ധ സംഘം ശരിയാക്കി. തുടര്‍ന്ന് ഷട്ടര്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വെള്ളത്തിനടയിലിറങ്ങി നേവി സംഘം നടത്തിയ പരിശോധയില്‍ ഷട്ടറിന്റെ നടുഭാഗത്തുള്ള റബ്ബര്‍ ബീഡിങ് ഉരയുന്നത് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഷട്ടറിന്റെ രണ്ടു വശങ്ങളിലും കഷ്ണങ്ങള്‍ വെച്ചുപിടിപ്പിച്ച് ഇറക്കി നോക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. ഷട്ടര്‍ മുക്കാല്‍ ഭാഗത്തിലേറെ ഇറക്കാനായിട്ടുണ്ടെങ്കിലും പൂര്‍ണമായി അടക്കാനായിട്ടില്ല. ഷട്ടറിന്റെ മുകളില്‍ ഇരുമ്പു ഭാരം കയറ്റി ജാക്കി വെച്ച് താഴ്ത്താനുള്ള തീരുമാനത്തിലാണ് വിദഗ്ധ സംഘം.
ജാക്കി നേരിട്ട് ഷട്ടറിലേക്ക് അടിക്കാന്‍ പറ്റില്ല. ഇതിനായി പ്രത്യേകം പൈപ്പ് വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് ഇതിന്റെയുള്ളിലൂടെയാണ് ജാക്കി വെച്ച് താഴ്ത്തുക. ഇതിനുള്ള പെപ്പ് എത്തിച്ച് വെല്‍ഡിങ് പൂര്‍ത്തിയാക്കി ഷട്ടറില്‍ ഘടിപ്പിച്ചു. വൈദ്യുത ഉല്പാദന കേന്ദ്രത്തിലേക്കും വലതുകര കനാലിലേക്കും വെള്ളമെത്തിക്കുന്ന ടണലിലെ സ്ലൂയിസ് വാള്‍വു തിങ്കളാഴ്ചയാണു തകര്‍ന്നത്. കെട്ടിടം മുഴുവന്‍ വെള്ളം നിറഞ്ഞ് സമീപത്തുള്ള വൈദ്യുതി ഉത്പാദന പ്ലാന്റിന് ഭീഷണിയാകുന്നതരത്തില്‍ ഇപ്പോഴും പുറത്തേക്ക് ഒഴുകുകയാണ്. കെട്ടിടത്തിനുള്ളില്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഷട്ടര്‍ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കെഎസ്ഇബി ഓഫിസ് കെട്ടിടം ഒഴുക്കിന്റെ ശക്തിയില്‍ തകരാതിരിക്കാന്‍ വെള്ളം തിരിച്ചു വിടാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 1.6 മീറ്റര്‍ വിസ്തീര്‍ണമുള്ള ലോഹം ഷട്ടറാണ് സ്ലൂയീസിനു മുന്നിലുള്ളത്. സ്ലൂസിനു മുന്നിലെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ഒഴുക്കു തടഞ്ഞതിനു ശേഷം വാള്‍വു മാറ്റാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.
1.2 മീറ്റര്‍ വ്യാസമുള്ളതാണു സ്ലൂയിസ്് വാള്‍വ്. എന്നാല്‍ എമര്‍ജന്‍സി ഷട്ടര്‍ അടച്ചിട്ടും ഡാമിനടിയിലെ വാള്‍വു തകര്‍ന്ന ടണലിലൂടെ വെള്ളം വരുന്നതു തടയാനായില്ല. ജല നിരപ്പില്‍ നിന്നു 22 മീറ്റര്‍ താഴെയാണ് ടണല്‍ സ്ഥാപിച്ചിട്ടുള്ളത്. ഷട്ടര്‍ അടച്ച് കെഎസ്ഇബിയുടെ പവര്‍ ഹൗസിലേക്കുള്ള പൈപ്പിലെ വെള്ളം നിയന്ത്രിച്ചാലേ സ്ലൂയിസ് വാല്‍വിന്റെ തകരാര്‍ പരിഹരിക്കാനാവൂ. കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനാ വിദഗ്ധരും ഡൈവിങ് ടീമും ഇറിഗേഷന്‍ വകുപ്പിലെ മെക്കാനിക്കല്‍ ടീമുമാണ് തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളത്തിന്റെ മര്‍ദ്ദം കാരണം അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്താന്‍ കഴിയാത്തതിനാല്‍ എമര്‍ജന്‍സി ഷട്ടര്‍ പൂര്‍ണമായും അടക്കാനായിട്ടില്ല. എമര്‍ജന്‍സി ഷട്ടറിന്റെ തകരാര്‍ പരിഹരിക്കണമെങ്കില്‍ റിസര്‍വോയറില്‍ ഇറങ്ങിയ ശേഷമേ സാധ്യമാകൂമെന്നതിനാലാണ് മുങ്ങല്‍ വിദഗ്ധരുള്‍പ്പെടയുള്ള സംഘം സ്ഥലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: