കാഞ്ഞങ്ങാട്: കൊറോണയുടെ പേര് പറഞ്ഞ് ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാവങ്ങളോടുളള ക്രൂരതയും, സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനുള്ള ഒത്തുകളിയാണെന്ന് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ജില്ലയുടെ പല സ്ഥലങ്ങളിലേക്ക് മാറ്റികൊണ്ട് ജില്ലാ ആശുപത്രിയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. കൊറോണ രോഗികളെ ചികിത്സിക്കാനെന്ന വ്യാജേന ജില്ലാ ആശുപത്രിയെ കൊറോണ ആശുപത്രിയാക്കുകയാണ്. പാവപ്പെട്ടവന്റെ അവസാന ആശ്രയമായിരുന്ന ഒരു ആതുരാലയത്തെയാണ് നശിപ്പിക്കുന്നത്.
ധര്മ്മാശുപത്രിയെന്നറിയപ്പെട്ടിരുന്ന സര്‍ക്കാര്‍ ആശുപത്രി നിത്യരോഗികളുടേയും പട്ടിണിക്കാരന്റേയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും ആശ്രയ കേന്ദ്രമായിരുന്നു. ഇതാണ് സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ജില്ലയ്ക്കായി ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കിയ 540 കിടക്കകളുളള അത്യാധുനിക സൗകര്യങ്ങളുള്ള കൊറോണാ ആശുപത്രി സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് രോഗികള്‍ക്ക് ഉപയോഗപ്പെടാതെ പോവുകയാണ്. അത് നല്ല രീതിയില്‍ ഉപയോഗിക്കുന്നതിന് പകരം കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും, കിഴക്കന്‍ മലയോര മേഖലയില്‍ ഉള്ളവര്‍ക്കും ഒരേയൊരു ആശ്രയകേന്ദ്രമായ ജില്ലാശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് ശ്രമമെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി യുവമോര്‍ച്ച രംഗത്തിറങ്ങുമെന്ന് രാഹുല്‍ പരപ്പ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: