അങ്ങനെ ജ്ഞാനപീഠം പുരസ്‌കൃതമായി. എത്രയോ നാളുകള്‍ക്ക് മുമ്പ് അക്കിത്തത്തിന് ലഭിക്കേണ്ടിയിരുന്ന അംഗീകാരം. നമ്മുടെ സാംസ്‌കാരിക, വൈചാരിക, അക്കാദമിക മേഖലയില്‍ നില നില്‍ക്കുന്ന മലിനമായ രാഷ്‌ട്രീയസ്വാധീനമാണ് മഹാകവി ഇത്രകാലവും അവഗണിക്കപ്പെടാന്‍ കാരണമായതെന്നതിന് സംശയമില്ല. ആദരിച്ചില്ലെന്നതോ പോകട്ടെ അവഹേളിക്കുന്നതിലായിരുന്നു അവര്‍ക്ക് വ്യഗ്രത പലപ്പോഴും. കവിത തിരുത്തിയും രാഷ്‌ട്രീയക്കളം തീര്‍ത്ത് പക്ഷം ചേര്‍ത്തും വര്‍ണവിദ്വേഷത്തിന്റെ വിശേഷണങ്ങള്‍ ചാര്‍ത്തിയും എത്രയോ തവണ അവര്‍ പരിഹസിക്കുകയും കുത്തിനോവിക്കുകയും ചെയ്തു. കുട്ടികള്‍ക്ക് പഠിക്കാന്‍ ചേര്‍ത്ത കവിതയില്‍ പോലും ഹൈന്ദവത കണ്ടുപിടിച്ച അവരാണ് മഹാകവിയുടെ കവിതയില്‍ നിന്ന് ‘അമ്പാടിക്കണ്ണന്റെ ചേലാണേ’ എന്ന വരികള്‍ വെട്ടി ‘ഞാവല്‍പ്പഴത്തിന്റെ ചേലാണേ’ എന്ന് മാറ്റിയെഴുതാന്‍ മാത്രം വികൃതവും വിചിത്രവുമായ മനോഭാവം കാണിച്ചത്.
അക്കിത്തം നിലകൊണ്ട ഭാരതീയതയുടെ മഹാദര്‍ശനത്തോടുള്ള ഭയമായിരുന്നു അവര്‍ക്ക്. സനാതനവും വിശാലവുമായ ദാര്‍ശനിക തലത്തിലാണ് അക്കിത്തം കവിതകളുടെ പിറവി. വര്‍ഗസംഘര്‍ഷവും അടങ്ങാത്ത പകയുമാണ് ആധാരമെന്ന് പണ്ടേ പ്രഖ്യാപിച്ച സ്റ്റാലിനിസ്റ്റ് രാഷ്‌ട്രീയത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ആത്മാവിലൂറുന്ന സ്‌നേഹത്തിന്റെ നിത്യനിര്‍മ്മലപൗര്‍ണമി എങ്ങനെ അനുഭവിക്കാനാകും! സമന്വയത്തിന്റെയും സര്‍വാശ്ലേഷിത്വത്തിന്റേതുമായ ആ കാഴ്ചപ്പാട് അംഗീകരിക്കാനാവാതെപോകുന്നതില്‍ അതിശയമില്ല. അതാകട്ടെ, അവരുടെ നിലനില്‍പിനെത്തന്നെ ഇല്ലാതാക്കുംവിധം ശക്തമായിരുന്നുതാനും അക്കിത്തത്തിന്റെ രചനകളില്‍. സംഘര്‍ഷമല്ല, സമന്വയമാണ് പുരോഗതിയുടെ അടിസ്ഥാനമെന്നും ദ്വന്ദ്വാത്മകതയേക്കാള്‍ ഏകാത്മകതയാണ് പ്രപഞ്ചചലനങ്ങള്‍ക്കും ആധാരമെന്നും അതിലാണ് പ്രപഞ്ചത്തിന്റെ നിലനില്‍പെന്നും അക്കിത്തം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അത് കാലത്തെ അതിജീവിച്ച തന്റെ വരികളിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. ആസ്തിക്യചിന്തയുടെയും ധര്‍മ്മബോധത്തിന്റെയും സത്യനിഷ്ഠയുടെയും സ്‌നേഹമാര്‍ഗത്തിന്റെയും ഗായകനാണ് മഹാകവി.
‘ധര്‍മ്മത്തെക്കാള്‍പ്പെരിയ പരമാ-നന്ദമെന്തുള്ളു വാഴ്‌വില്‍ കര്‍മ്മത്തെക്കാളരിയൊരു തപ-സ്സെന്തു ചെയ്യേണ്ടു ജീവന്‍’ (മുല്ലമംഗലം) എന്നത് അക്കിത്തം ഉയര്‍ത്തിയ ആര്‍ഷമായ ദര്‍ശനമാണ്.
‘കവിതയെ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കാന്‍ കവിയുടെ സമ്മതം വേണ്ടല്ലോ’ എന്നാണ് ഇന്നലെ പുരസ്‌കാരസമര്‍പ്പണവേളയില്‍ മുഖ്യമന്ത്രി സ്വയം ന്യായീകരിച്ചത്. ദര്‍ശനവൈഭവം കൊണ്ട് ഋഷിതുല്യനാണ് അക്കിത്തം എന്ന് നോക്കിവായിക്കുന്നതിനപ്പുറം, കവിതയിലേക്കും കവിയിലേക്കും തുറന്ന സമീപനത്തോടെ ഇപ്പോഴും കടന്നുചെല്ലാന്‍ ഭയമാണ് ഭരണകൂടത്തിനെന്നത് വിളിച്ചുപറയുന്നതാണ് ഈ തോന്നുംപോലെയുള്ള വ്യാഖ്യാനം. ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റയല്ലീ മഹാക്ഷേത്രവും മക്കളേ’ എന്നത് ഉല്പാദനോപാധികള്‍ നഷ്ടപ്പെട്ട തൊഴിലാളിവര്‍ഗത്തിന്റെ വേദനയായി കണ്ടാലെന്താണ് എന്നാണ് പിണറായിയുടെ ചോദ്യം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ല, സത്യാനന്തര ചിന്തയാണ് പ്രകടമാക്കുന്നതെന്ന’ പിണറായിയുടെ വിലയിരുത്തലിന്റെ ആധാരവും തോന്നുംപടി ചെയ്യാനുള്ള സ്വാതന്ത്ര്യം എന്ന വാദത്തിലുണ്ട്. ജ്ഞാനപീഠം സമര്‍പ്പിക്കാന്‍ ലഭിച്ച അവസരത്തിലെങ്കിലും കവിയെ അദ്ദേഹത്തിന്റെ ആദര്‍ശത്തോട് ചേര്‍ത്തുനിര്‍ത്തി സംസാരിക്കാനുള്ള സൗമനസ്യം മുഖ്യമന്ത്രിക്കുണ്ടാകേണ്ടിയിരുന്നു. പക്ഷേ മഹാകവിയുടെ ദര്‍ശനഗരിമ പിണറായിയെയും അദ്ദേഹത്തിന്റെ കാലത്തെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ടാകണം. അപ്പോള്‍പ്പിന്നെ കവിയുടെ സമ്മതം വേണ്ടല്ലോ എന്ന ന്യായത്തെ ശരണം പ്രാപിക്കുക തന്നെ വേണം.
ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം അക്കിത്തം തപസ്യക്ക് നായകനായി. പിന്നീടിത്ര കാലവും ആ സംഘടനയ്‌ക്ക് വഴികാട്ടിയായി മുന്നില്‍ നടക്കുന്നു. അടിയന്തരാവസ്ഥയുടെ ഇരുള്‍വഴികളില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം കുഴിച്ചുമൂടപ്പെട്ട നാളുകളിലാണ് കോഴിക്കോട് നിന്ന് തപസ്യ പിറന്നതെന്ന് ഓര്‍ക്കണം. ദേശീയതയുടെ സര്‍ഗപരവും സംഘടനാപരവുമായ ആ ആവിഷ്‌കാരത്തോട് ചേര്‍ന്ന് നടക്കുന്നതില്‍ എന്നും അഭിമാനിച്ച അക്കിത്തം അതുമൂലം തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നേരിട്ടതും ആര്‍ഷമായസാത്വികഭാവം കൊണ്ടായിരുന്നു. സഞ്ജയന്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയ പോലെ, ‘വിദ്വേഷപ്പട്ടടത്തീയില്‍ ആത്മാഹുതി ചെയ്യുവോരുടെ’ കള്ളികളില്‍ ഒതുങ്ങുന്നതായിരുന്നില്ല കവിയുടെ ഋഷിത്വം. അത് നിരുപാധികമായ സ്‌നേഹത്തെ ദര്‍ശനമാക്കിയ ഹൈന്ദവതയില്‍ അധിഷ്ഠിതമായതാണ്.
‘നിരുപാധികമാം സ്‌നേഹം
ബലമായ് വരും ക്രമാല്‍
അതാണഴകി,തേ സത്യം
ഇതു, ശീലിക്കല്‍ ധര്‍മ്മവും’ എന്ന് ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കവി തിരുത്താന്‍ ശ്രമിച്ചത് മറ്റാരെയെങ്കിലുമാണെന്ന് കരുതേണ്ടതില്ല. അതൊരു വിമര്‍ശനമായി കാണുന്നതിലെന്താണ് തെറ്റെന്ന മുഖ്യമന്ത്രിയുടെ അത്യപൂര്‍വമായ സൗമ്യതയിലുണ്ട് ഇതിഹാസം കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ല എന്ന പൂര്‍വവാദത്തിന്റെ പൊള്ളത്തരം.
രാഷ്‌ട്രീയ സ്വയംസേവകസംഘത്തെ മഹാകവി കണ്ടത് എത്ര ഉന്നതമായ തലത്തിലാണ്. തപസ്യ സാധകരുടെ സംഘമാവണമെന്ന ദര്‍ശനം എക്കാലവും മുന്നോട്ടുവെച്ച അക്കിത്തം തന്നെയാണ് രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ചുരുക്കെഴുത്തായ രാസ്വസം എന്നതിനെ സ്വരസം എന്ന് മാറ്റിപ്പറഞ്ഞത്. പൂജനീയ ഡോക്ടര്‍ജി ജന്മശതാബ്ദി ആഘോഷസമിതി അദ്ധ്യക്ഷനായിരിക്കെ നടത്തിയ ഉദ്‌ബോധനങ്ങളിലൊന്നിലാണ് സ്വരസം എന്ന സ്വയംസേവക രാഷ്‌ട്രീയ സംഘം രാഷ്‌ട്രത്തിന്റെ ‘സ്വ രസ’മാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അത്രമേല്‍ അറിഞ്ഞുസ്വീകരിച്ചതാണ് അദ്ദേഹം ആ ‘സംഘബന്ധുത്വം’ എന്ന് സാരം. മറച്ചുപിടിച്ചതല്ല മഹാകവിയുടെ വ്യക്തിത്വം. ഭയമില്ലാതെ വിളിച്ചുപറയുകയും മുന്നില്‍ നടക്കേണ്ടിടത്ത് മുന്നില്‍ നടക്കുകയും ചെയ്തുതന്നെയാണ് മഹാകവി ജ്ഞാനപീഠമേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: