തൃശൂര്‍: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന് അഴിമതിക്കേസില്‍ തെളിവുകള്‍ ശക്തമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ധനകാര്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കൈമാറും. കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയെന്നും എന്‍ഫോഴ്സ്െമന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു.
അന്വേഷണം നടത്തിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ഇതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥര്‍ ധനകാര്യമന്ത്രാലയത്തിന്് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ അന്വേഷണം സംബന്ധിച്ച് ആഭ്യന്തര വകുപ്പാണ് തീരുമാനമെടുക്കുകയെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയാണുള്ളതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അഴിമതി, നികുതി വെട്ടിച്ച് കള്ളപ്പണം കടത്ത്, അനുമതിയില്ലാതെ വിദേശ ഫണ്ട് കൈപ്പറ്റല്‍ എന്നീ ഗുരുതര കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ഇടപാടുകള്‍ക്ക് പിന്നിലുള്ളത് വന്‍ സ്വാധീനമുള്ളവരാണ്.
റെഡ്ക്രസന്റിന് പുറമേ മറ്റ് സ്വകാര്യ ഏജന്‍സികളില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും അന്വേഷണം വേണം. സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് സൂചിപ്പിച്ചിട്ടുണ്ട്, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ അന്വേഷണ ഏജന്‍സികളുടേയും സഹായം വേണം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ റവന്യൂ വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ അന്വേഷണത്തിന് പരിമിതികളുണ്ട്.
ഇ.ഡി.യുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതിന് പിന്നാലെ തിരക്കിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആശങ്കയോട് പ്രതികരിക്കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ തയാറായില്ല. എത്ര അട്ടിമറിക്കാന്‍ ശ്രമിച്ചാലും പ്രതികള്‍ക്ക് രക്ഷപ്പെടാനാവാത്തവിധം ശക്തമാണ് രേഖകളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അന്വേഷണത്തിന്റെ പേരില്‍ വിജിലന്‍സിന് ഫയലുകളും തെളിവുകളും ശേഖരിക്കാനും പരിശോധിക്കാനുമാകും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചാലും ഫയലുകള്‍ കൈമാറാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും കഴിയും. സിപിഎമ്മുകാര്‍ പ്രതികളായ പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ ആവശ്യപ്പെട്ടിട്ടും ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: