തിരുവനന്തപുരം: കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 125 വര്‍ഷം ചരിത്രമുള്ള വെള്ളായണി എംഎന്‍ എല്‍പിഎസ്സിലെ ക്ലാസ്മുറികള്‍ സ്മാര്‍ട്ട് ക്ലാസ്മുറികളായി മാറ്റുന്നു. ഇതിന്റെ ആദ്യപടിയായി പുതുതായി പണികഴിപ്പിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയലക്ഷ്മി നിര്‍വഹിച്ചു. ഇവിടത്തെ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ടാക്കുകയാണ് അടുത്ത ലക്ഷ്യം. അതിനു വേണ്ടുന്ന തയാറെടുപ്പുകള്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്നും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് റൂമുകള്‍ ആയിരിക്കും എന്ന് വാര്‍ഡ് മെമ്പര്‍ മനോജ് കെ. നായര്‍ അറിയിച്ചു.
സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ക്ക് പുറമേ കുട്ടികളെ ആകര്‍ഷിക്കുവാനും മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ക്ലാസ് മുറികളും പ്രൈമറി തലത്തില്‍ തയാറാക്കിയിട്ടുണ്ട്. വെള്ളായണി ദേവീ ക്ഷേത്രത്തിന്റെയും കായലിന്റെയും ചരിത്ര പശ്ചാത്തലത്തിലുള്ള ചുമര്‍ചിത്രങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതി ഫണ്ടുകള്‍ ഏകോപിപ്പിച്ച് 25 ലക്ഷത്തോളം രൂപ ചെലവാക്കി അടുക്കള, ഹാള്‍, ശുചിമുറി എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി. പത്മകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. സതീശന്‍, എം. വിനുകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് കെ. നായര്‍, ചന്തുകൃഷ്ണ, കൃഷ്ണകുമാരി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാര്‍, പ്രഥമാധ്യാപിക ബീനാ സരോജം, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: