കൊല്ലം: പ്രതിശ്രുതവരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസാണ് ഡിജിപി സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൂടത്തായി കൂട്ടക്കൊല അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത എസ്പി കെ.ജി. സൈമണിനാണ് അന്വേഷണച്ചുമതല. സെപ്തംബര്‍ മൂന്നിന് കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കടുത്ത് ചിറവിള പുത്തന്‍വീട്ടില്‍ റംസിയാണ് തൂങ്ങിമരിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതിശ്രുതവരന് ഹാരിസ് മുഹമ്മദ് റിമാന്‍ഡിലാണ്. എന്നാല്‍, തുടരന്വേഷണം ലോക്കല്‍ പോലീസ് ഉഴപ്പുകയാണെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഹാരിസിന്റെ മാതാവിനെയും സീരിയല്‍ നടിയായ ജ്യേഷ്ഠഭാര്യ ലക്ഷ്മി പ്രമോദിനെയും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് റംസിയുടെ മാതാപിതാക്കള്‍ കൊല്ലം സിറ്റിപോലീസ് കമ്മീഷണന് ടി. നാരായണന് പരാതി നല്‍കിയിരുന്നു.
അവരുടെ ആവശ്യപ്രകാരമാണ് കമ്മീഷണര്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. റംസി ആത്മഹത്യ ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും ആരോപണവിധേയര്‍ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്.
സീരിയല്‍ താരം ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി
തിരുവനന്തപുരം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറുദീനും മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു.
ഇതോടെ ആത്മഹത്യാ പ്രേരണാ കേസിന്റെ കേസ് ഡയറി ഫയലും അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടും സെപ്റ്റംബര്‍ 28ന് ഹാജരാക്കാനും ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. റംസിയെ ഗര്‍ഭഛിദ്രം നടത്തിയതിന് അറസ്റ്റ് ഭയന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. തങ്ങള്‍ നിരപരാധികളാണ്. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ജാമ്യമില്ലാ വകുപ്പില്‍ ഉള്‍പ്പെടുത്തി പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും അതിനാല്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: