തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്രിമിനല്‍ ചട്ടപ്രകാരം പരാതി നല്‍കുന്നതോടൊപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചാണിത്.
സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. നയതന്ത്ര ചാനലിനെ മറയാക്കി നടന്ന സ്വര്‍ണക്കടത്ത് കേസിലെ ഫയലുകള്‍ അടക്കം ഇവിടെ ആയിരുന്നു. തീപിടിത്തത്തില്‍ നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ക്രിമിനല്‍ ചട്ടം സിആആര്പിസി 199(2) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്കി. ഫയല്‍ കത്തിച്ചെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി പിആര്‍ഡിയുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി അവ തെറ്റാണെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക ആയിരുന്നു പരിപാടി. എഡിജിപി മനോജ് എബ്രഹാമിനെ അടക്കം ചുമതലപ്പെടുത്തി. എന്നാല്‍, വിലപ്പോയില്ല. പിന്നാലെ ആണ് തീപിടിത്ത സംഭവത്തില്‍ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ഫയലുകള്‍ കത്തിച്ചതാണെന്ന് ഹൗസ് കീപ്പിങ് വിഭാഗം സെക്രട്ടറി പി. ഹണി ചില ചാനലുകളില്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല കൊറോണ മാനദണ്ഡപ്രകാരം മൂന്ന് ദിവസം അടച്ചിട്ട ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. മിനിട്ടുകള്‍ക്കുള്ളില്‍ ഫാനുരുകി തീപിടിച്ചതാണെന്ന് അവകാശപ്പെട്ട് മന്ത്രിമാരടക്കം രംഗത്തെത്തി. പരിശോധനകള്‍ക്ക് മുമ്പായിരുന്നു ഇത്. തീപിടിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്ന് മാധ്യമങ്ങളെ ചീഫ് സെക്രട്ടറി നേരിട്ട് എത്തി പുറത്താക്കി. ഇതെല്ലാം ദുരൂഹമായി തുടരവെയാണ് സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: