മാഡ്രിഡ്: ബാഴ്സലോണ സൂപ്പര്‍ താരം ലൂയി സുവാരസ് ക്ലബ്ബ് വിട്ടു. ആറ് വര്‍ഷത്തെ ബാഴ്സ കരിയറിനാണ് ഉറുഗ്വേയുടെ മുന്നേറ്റ താരം അവസാനം കുറിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ ഗോള്‍ വേട്ടക്കാരനായ സുവാരസിന്റെ മടക്കം സ്പാനിഷ് ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലേക്കാണ്. 3.7 മില്യണ്‍ പൗണ്ടിനാണ് സുവാരസിനെ അത്ലറ്റികോ സ്വന്തമാക്കിയത്.
നേരത്തെ ടീമില്‍ നിന്ന് സുവാരസിനെ ഒഴിവാക്കുമെന്ന സൂചനകള്‍ ബാഴ്സ നല്‍കിയിരുന്നു. ഇതിനിടെ താരം ഇറ്റാലിയന്‍ ക്ലബ്ബായ യിവന്റസിലേക്കും ശ്രമം നടത്തിയിരുന്നു. എന്നാല്‍ അവസാന നമിഷമാണ് അത്ലറ്റികോയുമായി കരാറിലെത്തിയത്. ഇന്നലെ ബാഴ്സയിലെ സഹ താരങ്ങളോട് യാത്ര പറയാനായി സുവാരസ് ട്രെയ്നിങ് ക്യാമ്പിലെത്തിയിരുന്നു.
ലിവര്‍പൂളില്‍ നിന്ന് 2014ലാണ് താരം ബാഴ്സലോണയിലെത്തിയത്. 283 മത്സരങ്ങളില്‍ നിന്ന് 197 ഗോളുകള്‍ നേടി. അല്‍വാരോ മോറാട്ട യുവന്റസിലേക്ക് പോയതോടെയാണ് സുവാരസിനെ തേടി അത്ലറ്റികോയെത്തിയത്. നേരത്തെ ലയണല്‍ മെസി ക്ലബ് വിടുമെന്ന അഭ്യൂഹം പരന്നപ്പോള്‍ മെസിക്കൊപ്പം മാനേജ്മെന്റിനെ സുവാരസ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ നിന്ന് സുവാരസിനെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ മെസി ടീം വിടില്ലെന്ന് ഉറപ്പായതോടെ സുവാരസും ബാഴ്സയില്‍ തുടരാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പരിശീലകന് കൂമാന് സുവാരസിനെ നിലനിര്‍ത്താന്‍ തയാറായില്ല. സുവാരസിന് പുറമെ അര്‍തുറോ വിദാല്‍, ഇവാന് റാകിടിച്ച് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്സ വിട്ടിരുന്നു. ബാഴ്സയ്ക്കൊപ്പം നാല് ലാ ലിഗ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും സുവാരസ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: