ഷാർജ: ആറുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ തുറക്കുന്നു. സെപ്റ്റംബർ 27 മുതൽ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് ഷാർജയിലെ സ്കൂളുകൾ അടച്ചത്.
നിലവിൽ ദേശീയ ദുരന്തനിവാരണ വകുപ്പിന്റെ കൂടെ സഹകരണത്തോടെയാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഘട്ടം ഘട്ടമായി ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. ആ സാഹചര്യത്തിൽ ആദ്യപടിയായി എല്ലാ കുട്ടികളും ഒരുമിച്ച് സ്കൂളുകളിലേക്കെത്തില്ലെന്നാണ് സൂചന. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ SPEA അധികൃതർ സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
സ്കൂളുകളെല്ലാം തന്നെ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന. ഈ പരിശോധനകളെല്ലാം തൃപ്തികരമായി പൂർത്തിയായ സാഹചര്യത്തിലാണ് അടുത്തയാഴ്ച മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.
യുഎഇയിലെ മറ്റ് ചില എമിറേറ്റുകളിൽ ആഗസ്റ്റ് 31ന് സ്കൂളുകൾ തുറന്നിരുന്നു. ഷാര്‍ജയിലും അന്നു തന്നെ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഓൺലൈൻ ക്ലാസുകള്‍ കുറച്ചു നാൾ കൂടി തുടരാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബർ 13ന് തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വീണ്ടും രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. ഷാര്‍ജയിലെ ആരോഗ്യസാഹചര്യം കണക്കിലെടുത്താണ് രണ്ട് തവണയും സ്കൂൾ തുറക്കൽ നീട്ടിയതെന്നാണ് SPEA അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: