തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേസില്‍ നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കുടുംബത്തിനാണ് ലൈഫ് മിഷനില്‍ പദ്ധതിയുടെ കമ്മിഷന് ലഭിച്ചതെന്ന ആരോപണം നിലനില്‍ക്കേ അദ്ദേഹം തന്നെ നേരിട്ട് ഇടപെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണ്. റെഡ്ക്രസന്റുമായുള്ള കരാര്‍ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്രസര്‍ക്കാര്‍ അറിയാതെയാണ്. അപ്പോള്‍ ഈ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകളൊന്നും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ല. വിജിലന്‍സിനെ ഉപയോഗിച്ച് ഈ രേഖകള്‍ നശിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ തീവെച്ച് നശിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫാസിസമാണെന്നും സുരേന്ദ്രന് പറഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമങ്ങളെ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ച് പുറത്താക്കിയതിന്റെ തുടര്‍ച്ചയാണിത്. വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ട് പോവുകയാണ്. കേരളത്തെ ഉത്തരകൊറിയയാക്കാനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ ജനാധിപത്യ രീതിയില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: