എടത്വാ/മങ്കൊമ്പ്: കനത്തമഴയില്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍. നിരണം, കടപ്രാ, മുട്ടാര്‍, തലവടി, വീയപുരം, എടത്വാ, തകഴി, ആയാപറമ്പ്, കാരിച്ചാല്‍, പാണ്ടി പ്രദേശങ്ങളാണ് വെള്ളക്കെട്ടില്‍ മുങ്ങിയത്. മൂന്ന് ദിവസമായി പെയ്യുന്ന കനത്തമഴയും, കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തിപ്രാപിച്ചതോടെ അപ്പര്‍കുട്ടനാട്ടില്‍ വീണ്ടുമൊരു വെള്ളപ്പൊക്കത്തിന് സാധ്യത വര്‍ദ്ധിച്ചു. പമ്പാനദിയിലും, അച്ചകോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ ഡാമുകള്‍ തുറക്കാനും സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളും, ഗ്രാമീണ റോഡുകളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഒരുമാസത്തിന് മുന്‍പ് സമാന സാഹചര്യത്തില്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ ഗതാഗതം സ്തംഭിക്കുകയും, താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. മൂന്ന് ദിവസം കൂടി മഴ കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കുമ്പോള് 2019ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോയെന്ന് ആശങ്കയിലാണ് ജനങ്ങള്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്ന താമസക്കാരാണ് ഏറെ കരുതലോടെ രാത്രി തള്ളിനീക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ എടത്വാ പാണ്ടങ്കരി പ്രദേശത്തെ തുരുത്തില് താമസിച്ച വൃദ്ധമാതാപിതാക്കളേയും, രണ്ട് കുട്ടികളേയും, മാതാവിനേയും ഏറെ പണിപ്പെട്ടാണ് പോലീസുകര്‍ കരയ്ക്കെത്തിച്ചത്.
വെള്ളപ്പൊക്കം രൂക്ഷമായാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കാനും, ക്യാമ്പുകള്‍ തുറക്കാനും റവന്യുവകുപ്പിന്റെ ഏറെ പണിപ്പെടേണ്ടി വരും. തകഴി, എടത്വാ, തലവടി പ്രദേശങ്ങളില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ക്യാമ്പുകളില്‍ കഴിയാനും ജനങ്ങള്‍ താല്പര്യപ്പെടാറില്ല. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം ആരോഗ്യവകുപ്പും, പോലീസും, ഫയര്‍ഫോഴ്സും കിണഞ്ഞ് പരിശ്രമിച്ചാല്‍ മാത്രമേ ക്യാമ്പുകളുടെ പ്രവര്‍ത്തനം സജ്ജീവമാക്കാന്‍ സാധിക്കൂ.
കുട്ടനാട്ടിലെ പ്രധാന പാതയായ എസി റോഡില്‍ ഒന്നാംകര ഭാഗത്ത് ഉള്‍പ്പടെ വെള്ളംകയറി. മുട്ടാര്‍, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, കൈനകരി, ചമ്പക്കുളം, കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: