പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം.
2020 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 976.91 മീറ്റര്‍ ആണ്. കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ ജലനിരപ്പ് ഉയരുമ്പോഴാണ്. ഇന്ന് (സെപ്റ്റംബര്‍ 22, ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 975.63 മീറ്ററില്‍ എത്തിയിട്ടുണ്ട്.
റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, ഇന്ന് രാത്രി ഒന്‍പതു മണിക്ക് റിസര്‍വോയറിലെ ജലനിരപ്പ് 975.91 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യതയുള്ളതിനാലും കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. റിസര്‍വോയറിലെ ജലനിരപ്പ് 976.41 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ നാളെ രാവിലെ എട്ടു മണിക്ക് ശേഷം ജലം തുറന്നുവിടും.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: