ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ചങ്ങാടത്തില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ പ്രദേശവാസികള്‍ തന്നെ സാഹസികമായി രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വലിയ ദുരന്തം ഒഴുവായത്, നാല് തവണ മലക്കം മറിഞ്ഞ ചങ്ങാടം ഒഴുകി പോയത് രണ്ട് കിലോ മീറ്ററോളം.
ഇന്നലെ രാവിലെ പൂന്തുറപ്പുഴയിലാണ് അപകടമുണ്ടായത്. സംഭവം പുറം ലോകമറിയുന്നത് ഉച്ചയോടെ. വനവാസികളായ മൂന്ന് കുടുംബത്തിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സ്തീകള്‍ ഇവരുടെ ഭര്ത്താക്കന്മാര്, കൂടാതെ മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. ശശി(50), ഭാര്യ കുമാരി(40), ശിവന് (40), ഭാര്യ ഓമന (30) ഇരുവരുടേയും മകള്‍ ശിവഗംഗ (അഞ്ച്), ശിവാനന്ദ്(35), ഭാര്യ ശിവ (20), അനന്ദു(6), അനുമോള്‍(4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശശി ഭാര്യ കുമാരി എന്നിവര്‍ക്കാണ് കൈയ്ക്ക് പരിക്കേറ്റത്.
കൂവ പറിച്ച് ഉണങ്ങിയ ശേഷം ഇവ ശേഖരിക്കാന്‍ വനത്തില്‍ പോയതായിരുന്നു കുടുംബങ്ങള്‍. സാധാരണയായി ആഴ്ചകളോളം ഇവര്‍ ഭക്ഷണവുമായി വനത്തില്‍ കഴിയാറുണ്ട്. ഇത്തരത്തില്‍ വന്ന ശേഷം മഴയില്‍ വെള്ളം ഉയര്‍ന്നതോടെ പുഴ മുറിച്ച് കടക്കുന്നത് ആദ്യം മാറ്റിവെച്ചു. പിന്നീട് വെള്ളം കുറഞ്ഞപ്പോഴാണ് മറുകരയ്ക്ക് കടക്കാന്‍ ശ്രമിച്ചത്്. ഈ സമയം കയര്പോട്ടി ചങ്ങാടം അപകടത്തില്‍പ്പെട്ടു. ഈ സ്ഥലം മൂന്ന് പുഴകളും ഒരു തോടും ചേരുന്നയിടമാണ്.
അപകടം നേരില്‍ കണ്ട ജെയ്മോന് എന്ന ഇവരുടെ ബന്ധുവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് രക്ഷക്കെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും ചങ്ങാടവും ഇവരാണ് ഒപ്പം നീന്തിയെത്തി കരക്കെത്തിച്ചത്. ബാക്കിയുള്ളവര്‍ സ്വയം നീന്തിക്കയറി. ചങ്ങാടത്തില്‍ നിന്ന് പിടിവിടാതെ മനധൈര്യം സംഭരിച്ച് പിടിച്ചുകിടന്നതാണ് ദുരന്തം ഒഴുവാക്കിയത്.
മാങ്കുളത്ത് നിന്ന് എട്ട് കിലോ മീറ്റര്‍ ദൂരയാണ് അപകടമുണ്ടായ സ്ഥലം. ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം എത്തുന്ന ഇവിടെ മൊബൈല്‍ ഫോണും വൈദ്യുതിയും അടക്കമുള്ളവ ലഭ്യമല്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നംപ്പിള്ളിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍പ്പെട്ടവരെ നേരില്‍ കണ്ട് സംസാരിച്ച ശേഷമാണ് ഇവര്‍ ഇന്നലെ രാത്രിയോടെ തിരിച്ച് മടങ്ങിയെത്തിയത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: