ന്യൂദല്‍ഹി : ഓക്‌സ്ഫഡുമായി സഹകരിച്ച് ഇന്ത്യയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി വന്ന കൊറോണ വാക്‌സിന്‍ പരീക്ഷണം വീണ്ടും പുനരാരംഭിച്ചു. വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണ് പുനരാരംഭിച്ചിരിക്കുന്നത്. അസ്ട്ര സെനക കമ്പനിയുമായി ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഡ്രഗ് കണ്‍ട്രോളിന്റെ അനുമതിയോടെയാണ് പരീക്ഷണം പുനരാരംഭിച്ചിരിക്കുന്നത്.
മൂന്നാംഘട്ടത്തില്‍ 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അസ്ട്ര സെനേക വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ ഒരാഴ്ച മുമ്പ് വീണ്ടും തുടങ്ങിയിരുന്നു. രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന സംശയത്താലാണ് ഇത് നിര്‍ത്തിവെച്ചത്. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിട്ടി അസ്ട്രാ സെനകയ്‌ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതോടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.
ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ ഓക്‌സ്ഫഡുമായി സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: