Categories: Agriculture

പുതിയ കാർഷിക ബില്ലുകളെയും നേട്ടങ്ങളെയും കുറിച്ച് അറിയേണ്ടതെല്ലാം

"പുതിയ കാർഷിക പരിഷ്കാരങ്ങൾ രാജ്യത്തെ കർഷകരുടെ ഉൽ‌പ്പന്നങ്ങൾക്ക് അതിനൂതനമായ വിപണന മാർഗങ്ങൾ തുറക്കും, അത് അവരുടെ ലാഭം വർദ്ധിപ്പിക്കുന്നതോടൊപ്പം കാർഷിക മേഖലയ്ക്ക് ആധുനിക സാങ്കേതികവിദ്യയുടെ ഗുണം സാധ്യമാക്കുകയും ചെയ്യും, അത് നമ്മുടെ കർഷകരെ ശാക്തീകരിക്കും" - പ്രധാനമന്ത്രി നരേന്ദ്ര മോദി

 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ വിശാലവും അസംഘടിതവുമായ ഇന്ത്യയിലെ കാർഷിക വിപണിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കാലോചിതമായ പരിവർത്തനങ്ങൾ വരുത്തുന്നതിനും വേണ്ടിയാണ് കാർഷിക മേഖലയിൽ പുതിയ നിയമനിർമ്മാണങ്ങളും ഘടനാപരമായ മാറ്റങ്ങളും വരുത്തി മോദി സർക്കാർ “കാർഷിക ബിൽ 2020” അവതരിപ്പിച്ചത്. കാര്യക്ഷമവും സുതാര്യവും ന്യൂതന സാങ്കേതിക യുക്തവും സുഗമവുമായ, അന്തർ-സംസ്ഥാന വ്യാപാരം, വാണിജ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മത്സരാധിഷ്ഠിത ബദൽ വ്യവഹാര മാർഗ്ഗങ്ങൾ വഴി കർഷകരുടെ പ്രതിഫലം വർധിപ്പിക്കുക, കർഷകരെ സർക്കാർ നിയന്ത്രണത്തിലുള്ള വിപണികളിൽ നിന്ന് സ്വതന്ത്രരാക്കുകയും അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് പൊതുവിപണിയോടൊപ്പം മറ്റു വിപണികൾ കണ്ടെത്തി മികച്ച വില ലഭ്യമാക്കുകയും ചെയ്യുക, എന്നിവ “കാർഷിക ബിൽ 2020” ലക്ഷ്യമിടുന്നു.

2020 ലെ പുതിയ കാർഷിക ആവാസവ്യവസ്ഥയിൽ, കർഷകർക്കും വ്യാപാരികൾക്കും അവരുടെ ഉൽ‌പ്പന്നങ്ങളുടെ വിൽ‌പനയും വാങ്ങലും വിപണിവിലയും കരാർ കൃഷിയും സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളാനുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇലക്‌ട്രോണിക് ട്രേഡിംഗിന്‌ സൗകര്യപ്രദമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതോടൊപ്പം,‌ കർഷകരുടെ ഉൽ‌പ്പന്നങ്ങൾ‌ വിപണികളുടെ ഭൗതിക പരിസരങ്ങളിൽ അഥവാ വിവിധ സംസ്ഥാന “കാർ‌ഷിക ഉൽ‌പന്ന വിപണന നിയമങ്ങൾ”‌ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടുന്ന മാർക്കറ്റുകൾ‌ക്ക് പുറത്ത്  രാജ്യത്തെ ഏത് മാർക്കറ്റിലും, അനുയോജ്യമായ വിലയിൽ വിൽക്കാനും സാധിക്കും. “കർഷകരുടെ ഉത്പാദനം വ്യാപാരവും വാണിജ്യവും;ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് 2020”, “കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) ന്യായ വില, കാർഷിക സേവന ബിൽ 2020”, “അവശ്യവസ്തുക്കളുടെ (ഭേദഗതി) ബിൽ 2020” എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കാർ‌ഷിക ബിൽ 2020 ൻറ്റെ ഭാഗമായി കേന്ദ്രം ആവിഷ്കരിച്ചത്. ആദ്യ രണ്ടെണ്ണം ലോക്സഭയിൽ വ്യാഴാഴ്ച ശബ്ദ വോട്ടോടെ  പാസാക്കിയപ്പോൾ മൂന്നാമത്തേത് ചൊവ്വാഴ്ച പാസായി.

1.     കർഷകരുടെ ഉത്പാദനം വ്യാപാരവും വാണിജ്യവും: ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ്, 2020 (The Farmers’ Produce Trade and Commerce (Promotion and Facilitation) Bill, 2020)

ഈ നിർദ്ദിഷ്ട നിയമനിർമ്മാണം കർഷകർക്കും വ്യാപാരികൾക്കും അവരുടെ ഉൽ‌പ്പന്നങ്ങൾ എപി‌എം‌സി(Agricultural Produce & Livestock Market കമ്മിറ്റി) വിപണികളുടെയും സംസ്ഥാന എപി‌എം‌സി നിയമപ്രകാരം വിജ്ഞാപനം ചെയ്ത മറ്റ് മാർക്കറ്റ് യാർഡുകൾക്ക് (മാൻഡിസ്) പുറത്ത് വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്നു. വിപണികളുടെ ഭൗതിക പരിധിക്കപ്പുറം കർഷകരുടെ ഉൽ‌പന്നങ്ങൾക്ക് അന്തർ സംസ്ഥാന വ്യാപാരം ഈ ബില്ലിലൂടെ സാധ്യമാകുന്നു. ഈ ബില്ലിനു കീഴിൽ, കർഷകർ, വ്യാപാരികൾ, ഇലക്‌ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവരിൽ നിന്ന് മാർക്കറ്റ് ഫീസ്, സെസ് അല്ലെങ്കിൽ ലെവി ഈടാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാരുകളെ ഒഴിവാക്കുന്നു.

നേട്ടങ്ങൾ: 

· ഇത് അന്തർസംസ്ഥാന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് കൂടുതൽ വിപണി കണ്ടെത്താനും സാധിക്കും.

 കാർഷിക വിപണന രംഗത്തെ ഗതാഗത ചെലവ് കുറയ്‌ക്കുകയും മികച്ച വില നേടാൻ സഹായിക്കുകയും ചെയ്യും

കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ നിർദിഷ്ട മാർക്കറ്റ് യാർഡുകൾക്ക് പുറത്ത് വിൽക്കുന്നതിന് സെസോ ലെവിയോ കൊടുക്കേണ്ടതില്ല.

 മിച്ച ഉൽ‌പ്പന്നങ്ങളുള്ള പ്രദേശങ്ങളിലെ കർഷകരെ മികച്ച വില ലഭിക്കുന്നതിന് ഇത് സഹായിക്കും.

ക്ഷാമമുള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്‌ക്ക് ഉത്പന്നങ്ങൾ ലഭിക്കുകയും ചെയ്യും.

കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) ന്യായ വില, കാർഷിക സേവന ബിൽ എന്നിവ സംബന്ധിച്ച കരാർ, 2020: The Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020

ഏതെങ്കിലും കാർഷിക ഉൽ‌പ്പന്നങ്ങൾ‌ ഉൽ‌പാദിപ്പിക്കുന്നതിനു മുൻപായി, ന്യൂതന സാങ്കേതിക മാർഗ്ഗങ്ങൾ അവലംബിച്ചു കൊണ്ട് കൃഷിക്കും ഉൽ‌പ്പന്നങ്ങളുടെ വിൽ‌പനയ്‌ക്കുമായി കാർഷിക വാണിജ്യ സ്ഥാപനങ്ങൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, മൊത്തക്കച്ചവടക്കാർ, കയറ്റുമതിക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരുമായി പ്രതിഫലം നിശ്ചയിച്ച് കരാറിൽ ഏർപ്പെടാൻ കർഷകരെ പ്രാപ്തരാക്കുന്ന ഒരു നയരേഖ  ബില്ലുകൾ വ്യവസ്ഥ ചെയ്യുന്നു. കരാർ അനുബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള അനുരഞ്ജന പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി അനുരഞ്ജന ബോർഡ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അപ്പീല്‍ അതോറിറ്റി എന്നിവരടങ്ങിയ ത്രിതല തർക്ക പരിഹാര സംവിധാനവും ബിൽ വിഭാവനം ചെയ്യുന്നു.

ദാൽവായ് കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള ബില്ലിൻറ്റെ നേട്ടങ്ങൾ: 

 ഇത് ഭാവിയിൽ കാർഷിക ഉൽ‌പന്നങ്ങൾ പരസ്പരം അംഗീകരിച്ച പ്രതിഫല തുകയ്‌ക്ക് വിൽക്കുന്നതിനും കർഷകരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും ശ്രമിക്കുന്നു.

 കൃഷി ഫാമുകളിലേയ്‌ക്ക് നിക്ഷേപം ഒഴുകുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ കരാർ കാർഷിക നിയമത്തിൻറ്റെ ലക്ഷ്യം.

 കരാർ കൃഷി മുഖ്യധാരയിലായിക്കഴിഞ്ഞാൽ, അഗ്രിബിസിനസ്സുകൾ കൃഷിക്കാരെ ഒരുമിച്ചുകൂട്ടുകയും അവരുടെ ഭൂമിയിൽ നിക്ഷേപിക്കുകയും അറിവും സാങ്കേതികവിദ്യയും നൽകുകയും ചെയ്യും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

 പ്രവചനാതീതമായ അപകടസാധ്യതയുണ്ടായാൽ വിപണി നഷ്ടം കർഷകരിൽ നിന്ന് സ്പോൺസർമാർക്ക് കൈമാറാൻ നിയമം അനുശാസിക്കുന്നു.

കാരാർ കൃഷിക്ക് നിയമ വ്യവസ്ഥ വ്യക്തമായി നിർവചിക്കുന്നതിലൂടെ, കർഷകരുടെയും കാർഷിക വ്യാപാരികളുടെയും ആത്മവിശ്വാസം വർധിക്കും

ചെറുകിട ഉടമകൾക്ക് അവരുടെ ഉൽപാദനത്തെ സംസ്കരണ പ്ലാൻറ്റുകളുടെ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കാൻ സാധിക്കും

  ഒരു കർഷകന് ഭാവിയിൽ പരസ്പര സമ്മതത്തോടെയുള്ള വിലയ്‌ക്ക് ഉൽ‌പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി രേഖാമൂലമുള്ള കരാറിൽ ഏർപ്പെടാം.

 കരാർ 1 മുതൽ 5 വർഷം വരെയാകാം. കരാറിൽ വില അല്ലെങ്കിൽ പ്രൈസ് ബാൻഡ് ഉൾപ്പെടുത്തണം.

· സമ്മതിച്ച വിലയ്‌ക്ക് മുകളിലുള്ള എന്തെങ്കിലും അധിക തുക നൽകണമെങ്കിൽ, എപി‌എം‌സി മാർക്കറ്റുകളിൽ നിലവിലുള്ള വില കണക്കാക്കും.

കാർഷിക വ്യാപാര സ്ഥാപനനത്തിൽ നിന്നാണ് ഫാമിൽ നിക്ഷേപം ലഭിക്കുക എന്നതാണ് കരാർ കൃഷിയുടെ മറ്റൊരു നേട്ടം 

ഇന്ത്യയിലെ കോഴി വ്യാപാരം(poultry farming) ഇതിനകം തന്നെ വിജയകരമായ കരാർ കൃഷി മാതൃകയിലാണ് പ്രവർത്തിക്കുന്നത്, ദൽ‌വായ് കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ കോഴി ഉൽപാദനത്തിന്റെ 66% കരാർ കൃഷിയിലാണ്.

അവശ്യവസ്തുക്കളുടെ (ഭേദഗതി) ബിൽ, 2020: The Essential Commodities (Amendment) Bill, 2020:

അസാധാരണമായ സാഹചര്യങ്ങളിൽ (യുദ്ധം, ക്ഷാമം എന്നിവ) മാത്രം ചില ഭക്ഷ്യവസ്തുക്കളുടെ വിതരണം(സ്റ്റോക്ക് ഹോൾഡിംഗ് പരിധി) നിയന്ത്രിക്കാൻ 2020 ലെ എസൻഷ്യൽ കമ്മോഡിറ്റീസ് (ഭേദഗതി) ഓർഡിനൻസ് അനുവദിക്കുന്നു. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ ചരക്കുകൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് നീക്കംചെയ്യാൻ പുതിയ നിയമം അനുശാസിക്കുന്നു. വർധിച്ച വിലക്കയറ്റം ഉണ്ടായാൽ മാത്രമേ കാർഷിക ഉൽ‌പന്നങ്ങൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കഴിയൂ എന്നും സർക്കാർ വ്യക്തമാക്കി. 

നേട്ടങ്ങൾ: കാർഷിക മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം / എഫ്ഡിഐ ആകർഷിക്കുക, വില സ്ഥിരത കൈവരിക്കുക എന്നിവയാണ് ഇതിൻറ്റെ  ലക്ഷ്യം.

ഈ പരിഷ്കാരങ്ങൾ ദേശീയ, ആഗോള വിപണികളിൽ കാർഷികോത്പന്നങ്ങൾ നിർമ്മിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപത്തിലൂടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ 86 % വരുന്ന  ചെറുകിട കർഷകരെയും കൃഷിസ്ഥലങ്ങളെയും ഉൽ‌പാദനക്ഷമമാക്കുന്നതിനും കാർഷിക വളർച്ച ത്വരിതപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി,  ഈ ബില്ലുകൾ (The minimum support price) എം‌എസ്‌പിയെ ഒരു തരത്തിലും  ബാധിക്കില്ലെന്നും അഞ്ച് ഹെക്ടറിൽ താഴെ ഭൂമി ഉള്ള ചെറുകിട, നാമമാത്ര കർഷകർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും കർഷകരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നും കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. മത്സരാധിഷ്ഠിത വിപണികളും ഭക്ഷ്യ വിതരണ ശൃംഖലയിലെ ഉയർന്ന സ്വകാര്യ നിക്ഷേപങ്ങളും ഫാം-ഗേറ്റ് വില മെച്ചപ്പെടുത്തുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts