കൊച്ചി: ആലുവ എടത്തലയില്‍ ഞായറാഴ്ച വീശിയത് ചുഴലിക്കാറ്റല്ല, ഗസ്റ്റ് വിന്റെന്ന പ്രതിഭാസം. ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ മറിയുകയും വീടുകളുടെ മേല്‍ക്കൂര പറന്ന് പോവുകയും ചെയ്തിരുന്നു. സാധാരണയായി വേനല്‍മഴക്കൊപ്പം വീശിയടിച്ച് കൃഷിനാശം വരുത്തുന്ന കാറ്റ് തന്നെയാണ് ഇവിടേയും അപകടകാരിയായത്.
ഇത്തരം കാറ്റുകള്‍ ചുഴറ്റി വീശുന്ന കാറ്റായതിനാലാണ് ചുഴലിക്കാറ്റെന്ന് പേരില്‍ നാട്ടിലറിയപ്പെടുന്നതെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബീറ്റ് വെതര്‍ പറയുന്നു. ചുഴലിക്കാറ്റുകള്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സാധാരണയായി കടലില്‍ രൂപപ്പെടുന്നവയാണ്. ന്യൂനമര്‍ദം നാല് മടങ്ങ് ശക്തിപ്പെടുമ്പോഴാണ് ചുഴലിക്കാറ്റാകുക.
കാറ്റിന്റെ വേഗതയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം കാറ്റുകള്‍ക്ക് കാരണം. അതിനാല്‍ തന്നെ ഗസ്റ്റ് വിന്റെന്നാണ് ഇവ അറിയപ്പെടുക. പെട്ടെന്നുള്ള ശക്തമായ കാറ്റെന്ന് മലയാളത്തില്‍ പറയാം. കാറ്റിന്റെ വേഗത പെട്ടെന്ന് 16 നോട്ടിക്കല്‍ മൈല്‍ കവിഞ്ഞാലും വേഗത വ്യതിയാനം ഒമ്പത് നോട്ടിക്കല്‍ മൈല്‍ ഉണ്ടെങ്കിലും ഗസ്റ്റ് വിന്റെന്ന് പറയാം.
രണ്ട് മിനിറ്റ് വരെ ഇങ്ങനെ വേഗത കൂടിയും കുറഞ്ഞും ഇരിക്കും. 50-60 മൈല്‍ വരെ മണിക്കൂറില്‍ വേഗതയാര്‍ജിക്കുന്ന കാറ്റുകളാണ് നാശം വിതക്കുന്നത്. ചുഴലിക്കാറ്റ് സീസണ്, ശക്തമായ മണ്‍സൂണ്‍, വേനല്‍മഴ എന്നിങ്ങനെയുള്ളപ്പോഴാണ് ഇത്തരം കാറ്റുകള്‍ ഉണ്ടാകാറുള്ളതെന്നും മെറ്റ് ബീറ്റ് വെതര്‍ വ്യക്തമാക്കുന്നു. മേല്പറഞ്ഞ സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഇത്തരം കാറ്റുകള്‍ വീശാമെന്നും ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും കാലാവസ്ഥ നിരീക്ഷകരും പറയുന്നു. കരയില്‍ ശക്തിയേറിയ കാറ്റിന് സാധ്യതയുള്ളതായി നേരത്തെ തന്നെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രവും അറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: