തിരുപ്പതിയിലേയും കര്‍ണാടകത്തിലേയും ഐതിഹാസികമായ സ്ഥലങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ വിജയനഗര സാമ്രാജ്യത്തിന്റെ ഭഗ്നാവശിഷ്ടങ്ങള്‍ കാണുകയും അതിന്റെ കഥകള്‍ കേള്‍ക്കുകയും ചെയ്ത, ബാല്യം മുതലേ സാഹസിയും ധ്യേയവാദിയുമായ ശിവാജിയുടെ ഹൃദയത്തില്‍ ശത്രുക്കളെ നശിപ്പിക്കുക മാത്രമല്ല ആദര്‍ശഹിന്ദു സാമ്രാജ്യം സ്ഥാപിക്കണമെന്ന ദൃഢനിശ്ചയവുമുണ്ടായി.
ശിവാജി ബെംഗളൂരുവില്‍ വന്നിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. അപ്പോള്‍ ഒരിക്കല്‍ ശഹാജിക്ക് ബീജാപ്പൂരില്‍ പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെകൂടെ ശിവാജിയും ജീജാബായിയും ദാദാജിയും പുറപ്പെട്ടു. ആദ്യമായിട്ടാണ് ശിവാജി ബീജാപൂരില്‍ പോകുന്നത്. തലസ്ഥാന നഗരിയിലെ വലിയ കോട്ടകളും ആകാശംമുട്ടുന്ന ഗോപു
രങ്ങളും സമ്പന്നങ്ങളായ വീടുകളും വിപുലമായ കച്ചവട കേന്ദ്രങ്ങളും മനോഹരമായ ഉദ്യാനങ്ങളും ശിവാജിയെ അദ്ഭുതപ്പെടുത്തി. ആദില്‍ ശാഹിയുടെ അനുഗ്രഹത്തിനായി മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ മഹാരഥന്മാരായ മറാഠാ വീരന്മാരുമുണ്ടെന്ന് മനസ്സിലാക്കിയ ശിവാജി അദ്ഭുതപ്പെട്ടു. തന്റെ പിതാവായ ശഹാജിയും അക്കൂട്ടത്തിലുണ്ട് എന്നത് ശിവാജിയെ വളരെയധികം വേദനിപ്പിച്ചു.
ഒരിക്കല്‍ ശഹാജി മകനെ ബീജാപ്പൂര്‍ സുല്‍ത്താന്റെ ആസ്ഥാനത്തു കൊണ്ടുപോയി. അവിടുത്തെ വൈഭവവും സുല്‍ത്താന്റെ അഹങ്കാരവും വര്‍ണിക്കാന്‍ സാധിക്കാത്തത്രയുമായിരുന്നു. സുല്‍ത്താന്റെ അധീനതയിലുള്ള സര്‍ദാര്‍മാര്‍, സുബേദാര്‍മാര്‍, രാജാക്കന്മാര്, സൈന്യാധിപന്മാര് എല്ലാവരും സിംഹാസനത്തിനടുത്തുചെന്ന് കുനിഞ്ഞ് മൂന്നു തവണ നമസ്കരിച്ച് (കുര്നീസാത്) തങ്ങളുടെ സ്ഥാനത്തുപോയി ഇരിക്കുന്നുണ്ടായിരുന്നു.
ശഹാജിയുടെ ക്രമം വന്നപ്പോള്‍ അദ്ദേഹവും മറ്റുള്ളവര്‍ ചെയ്തപോലെ സുല്‍ത്താനെ നമസ്കരിച്ചു. അതിനുശേഷം ശഹാജി മകന്റെ കൈപിടിച്ച് സിംഹാസനത്തിന്റെ മുന്പില് കൊണ്ടുപോയി നിര്‍ത്തി. മകനോട് സുല്‍ത്താനെ നമസ്കരിക്കാന്‍ പറഞ്ഞു. ശിവാജിയെ കണ്ട സുല്‍ത്താന്‍ വളരെ സന്തോഷമായി. ശഹാജി വീണ്ടും മകനോട് സുല്‍ത്താനെ നമസ്കരിക്കാന്‍ പറഞ്ഞു. ഒരു ക്ഷണം, ജീജാമാതാവ് പറഞ്ഞുകൊടുത്ത ഭീമാര്ജുനന്മാരുടേയും അഭിമന്യുവിന്റെയും കഥകളോര്‍ത്തു. ശിവാജി തുലജാ ഭവാനി ദേവിയുടെ മുന്നില്‍, സ്വാതന്ത്ര്യദേവതയുടെ മുന്നില്‍ നമസ്കരിക്കും. സുല്‍ത്താന്റെ മുന്നിലോ അടിമത്തത്തിന്റെ മുന്നിലോ തലകുനിക്കാന്‍ തയ്യാറായിരുന്നില്ല. ശിവാജി പെട്ടെന്ന് രണ്ടു പദം പുറകോട്ടുവച്ചു. ശഹാജി വീണ്ടും സുല്‍ത്താനെ നമസ്കരിക്കാന്‍ മകനെ പ്രേരിപ്പിച്ചു. ശിവാജി അച്ഛനോട് പറഞ്ഞു ആവശ്യമെങ്കില്‍ ഞാന്‍ താങ്കളെ നമസ്കരിക്കാം. ഈശ്വരനേയോ അമ്മയേയോ സാഷ്ടാംഗം നമസ്കരിക്കാം. വൈദേശികനായ ഭരണാധികാരിയെ ഞാനെന്തിന് നമസ്കരിക്കണം? എന്നെക്കൊണ്ട് സാധ്യമല്ല. അപ്പോള്‍ സുല്‍ത്താന്‍ ശഹാജിയോട് പറഞ്ഞു, ബോധമില്ലാത്ത ബാലനോട് പറഞ്ഞിട്ടെന്ത് കാര്യം. അവനെ ഇവിടുന്നു കൊണ്ടുപോകൂ. തലകുനിക്കാതെ സിംഹത്തെപ്പോലെ പോകുന്ന ആ ബാലനെകണ്ട് അവിടെ കൂടിയിരുന്നവരെല്ലാം ആശ്ചര്യചകിതരായി.
മറ്റൊരവസരത്തില്‍ ശിവാജി ബീജാപ്പൂര്‍ നഗരത്തില്‍ ചുറ്റിനടക്കുകയായിരുന്നു. അപ്പോള്‍ വഴിയരികില്‍ ഒരു ഇറച്ചിവെട്ടുകാരന് പശുവിനെ കൊല്ലാനായി വാളുമായി നില്ക്കുന്നതുകണ്ട് അയാളുടെ അടുത്തേക്കുപോയി. ഇറച്ചിവെട്ടുകാരന് പശുവിനെ വെട്ടാനായി വാള് ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. ശിവാജി തന്റെ കൈയിലിരുന്ന വാളുകൊണ്ട് ഇറച്ചിവെട്ടുകാരന്റെ കൈ വെട്ടിക്കളഞ്ഞു. പശു രക്ഷപ്പെട്ടു. അമ്മ ജീജാബായി സൂര്യവംശരാജാവായ ദിലീപന് നന്ദിനി പശുവിനെ സിംഹത്തില്‍നിന്നും രക്ഷിച്ച കഥ ശിവാജിക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു.
ഈ സംഭവങ്ങള്‍ കാരണം ശഹാജി തീരുമാനിച്ചു. ഇനിയും ശിവാജിയെ ബീജാപ്പൂരില്‍ നിര്‍ത്തുന്നത് ഉചിതമായിരിക്കില്ല. എനിക്ക് സാധിക്കാത്ത സ്വരാജ്യസ്ഥാപനം സ്വാഭിമാനിയായ എന്റെ പുത്രന് നിര്‍വഹിക്കുകയാണെങ്കില്‍ അതാണ് ഉചിതം. മകനെ പൂണേയിലേക്ക് തിരിച്ചയയ്ക്കാന്‍ നിശ്ചയിച്ചു. ശിവാജിക്കും അതായിരുന്നു ഇഷ്ടം.
1643-ല്‍ ശിവാജിയെ പൂണേയുടെ ഭരണാധികാരിയായി നിശ്ചയിച്ചുകൊണ്ട് ശഹാജി ഒരു മന്ത്രിമണ്ഡലത്തോടൊപ്പം ശിവാജിയെ പൂണേക്കയച്ചു. ഈ മന്ത്രി മണ്ഡലത്തില്‍ ശ്യാമറാവു നീലകണ്ഠ പേര്‍ഷ്വാ, ബാലകൃഷ്ണപംത് മുജുംദാര്‍, ബാലാജിഹരി, രഘുനാഥ് ബല്ലാല്‍ കോരഡേ, സോനോപന്ത് ഡബീര്‍, രഘുനാഥ ബല്ലാല്‍ അത്രേ മുതലായവര്‍ ഉള്‍പ്പെട്ടിരുന്നു. ആനകളേയും കുതിരകളേയും ഭടന്മാരേയും ധ്വജവും ഛത്രവും ആവശ്യത്തിന് ധനവും നല്‍കിക്കൊണ്ടാണ് ശിവാജിയെ പൂണേക്ക് യാത്രയാക്കിയത്. യാത്രാവേളയില്‍ ബെംഗളൂരു നഗരത്തിന്റെയും ബീജാപ്പൂര്‍ നഗരത്തിന്റെയും പരസ്പര വിരുദ്ധങ്ങളായ ചിത്രം ശിവാജിയുടെ മനസ്സില്‍ തെളിഞ്ഞുവന്നു. ഒരിടത്ത് ഹിന്ദുസംസ്കൃതിയുടെ ഉദാത്തരൂപം, മറ്റൊരിടത്ത് വിധര്‍മികളുടെ അടിച്ചമര്‍ത്തലുകളുടെ ഘോരരൂപം. ഇവ പകലും രാവുംപോലെ വ്യത്യസ്തങ്ങളായിരുന്നു.
പൂണേ നഗരത്തിനു ചുറ്റുമുള്ള ബാരാമാവല്‍ (പന്ത്രണ്ട് ഗ്രാമങ്ങള്‍) ആയിരുന്നു ശിവാജിയുടെ പ്രവര്‍ത്തന കേന്ദ്രം. സക്ഷമമായ മന്ത്രിമണ്ഡലം ഈ പ്രദേശങ്ങളുടെ ഭരണനിര്‍വഹണം സുതാര്യമായി നടത്തിപ്പോന്നു. ശിവാജി വനങ്ങളിലും പര്‍വതങ്ങളിലും ചുറ്റിനടന്നു. എല്ലാ ദിവസവും ഏതെങ്കിലും ഒരു ഗ്രാമത്തില്‍ പോകും. അവിടത്തെ ഗ്രാമീണ ബാലകന്മാരുമായി കൂട്ടുകൂടി അവരുടെ സ്നേഹം സമ്പാദിച്ച് തന്നോടൊപ്പം ചേര്‍ക്കുമായിരുന്നു. ചിലപ്പോള്‍ സ്നേഹത്തോടെ, മറ്റു ചിലപ്പോള്‍ നയത്തോടെ, വേണ്ടിവന്നാല്‍ ഭയപ്പെടുത്തിയും സ്ഥാനീയരായ ദേശ്മുഖുമാരെയും ദേശ്പാണ്ഡെമാരെയും തന്റെ പക്ഷം ചേര്‍ത്തു. പ്രജകളില്‍ ഉണ്ടായിരുന്ന കലഹം, മത്സരം, കൊല, ഉപദ്രവം എന്നീ ദുര്‍ഗുണങ്ങളെ അദ്ദേഹം ദൂരീകരിച്ചുകൊണ്ടിരുന്നു. ഗ്രാമീണബാലന്മാരുമായുള്ള സ്നേഹബന്ധം ശക്തിപ്പെട്ടുകൊണ്ടിരുന്നു. സാഹസം, പരാക്രമം, നിഷ്ഠ എന്നീ ഗുണങ്ങളോടുകൂടിയ സംഘടിതരൂപമായി മാറി ഈ ബാലകവൃന്ദം.
പശ്ചിമ സമുദ്രതീരത്ത് ദുര്‍ഗമങ്ങളായ ശിഖരങ്ങളോടും നിബിഡമായ വനങ്ങളോടും കൂടിയ സഹ്യാദ്രി പര്‍വത ശൃംഖലകളിലെ ഓരോ ശിഖരങ്ങളിലും ഗുഹകളിലും ശിവാജി പ്രവേശിക്കുകയും, അതിന്റെ അകവും പുറവും മനസ്സിലാക്കുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ സഹ്യാദ്രി ശിവാജിക്ക് കരതലാമലകംപോലെയായിരുന്നു.
ബീജാപ്പൂരിന്റെ നായകന്മാരില് പ്രമുഖനായ ശഹാജിയുടെ മകന് സമാനനിലവാരമുള്ള ബാലന്മാരുടെ കൂടെയുള്ള സ്നേഹബന്ധം സമ്പാദിക്കുന്നതിനു പകരം അര്‍ദ്ധനഗ്നരും നിരക്ഷരരുമായ കര്‍ഷക ബാലന്മാരുടെ കൂട്ടുകൂടി അലഞ്ഞുനടക്കുന്നതു കണ്ട് മാവളയിലെ വൃദ്ധന്മാരും ദേശ്മുഖുമാരും ശിവാജി പിഴച്ചുപോയി എന്നുപറഞ്ഞ് ഉപഹസിക്കുമായിരുന്നു. ആദില്‍ശാഹിയുടെ ദാസവേല ചെയ്ത് തലനരച്ച ഇവര്‍ക്ക് ഇതില്‍ കൂടുതല്‍ ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല.
എന്നാല്‍ താഴ്ന്ന വിഭാഗക്കാരായ സഹയാത്രികരാണ് സ്വരാഷ്ട്രമന്ദിരത്തിന്റെ ശില്പികളായിരിക്കുക യെന്ന് ശിവാജി നിരീക്ഷിച്ചു. ഇവരെ ഓരോരുത്തരെയും ആത്മീയ മിത്രങ്ങളാക്കി സ്വാതന്ത്ര്യസമര യോദ്ധാക്കളാക്കി മാറ്റി. ഇവരില്‍പ്പെട്ടവരായിരുന്നു താനാജി മാളസൂരേ, സൂര്യാജി മാളസുരേ, ബാജി പാസല്‍കര്‍, യേസാജി കംക്, ബാജി ജേധേ, ചിമണാജി, ബാളാജി മുതലായവര്‍. ഭവാനി ദേവിയില്‍ ശിവാജിക്കുണ്ടായിരുന്ന അനന്യ ഭക്തി കാരണം നമ്മുടെ നേതാവിന്റെ കാര്യം ഈശ്വരീയ കാര്യമാണെന്ന് അവര്‍ മനസ്സിലാക്കി. കൈലാസത്തിലെ ശിവഭൂതഗണങ്ങളെപ്പോലെ ശിവാജിയുടെ ഭക്തന്മാരായിത്തീര്ന്നു ഇവര്‍. ശിവാജിയുടെ കൂടെ കളിച്ചുവളര്‍ന്ന ഈ ബാലന്മാരാണ് ദല്‍ഹിയുടെയും ബീജാപ്പൂരിന്റെയും വിശ്വവിഖ്യാതരായ സേനാനായകന്മാരെ പലവട്ടം പരാജയപ്പെടുത്തിയത്.
ഒരിക്കല്‍ അര്‍ദ്ധനഗ്നരായ ഗ്രാമീണ ബാലന്മാരുടെ കൂടെ ശിവാജി വനത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ രോഹിതേശ്വര ക്ഷേത്രത്തിന്റെ ഭഗ്നാവശിഷ്ടങ്ങള്‍ കാണാനിടയായി. പിന്നീടൊരിക്കല്‍ എല്ലാ കൂട്ടുകാരും ചേര്‍ന്ന് ആ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണം നടത്തി. ആ ക്ഷേത്രത്തിന്റെ മുന്നില്‍നിന്നാണ് ഗുരു ദാദാജി കൊണ്ഡദേവന്റെ സാന്നിദ്ധ്യത്തില്‍ 1645 ല്‍ മഹാദേവനെ സാക്ഷിയാക്കി ശിവാജിയും കൂട്ടരും ഹിംന്ദവി സ്വരാജ് സ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തത്.
ഇത് കേട്ടവര്‍ കേട്ടവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി: അഞ്ചുലക്ഷത്തിലേറെ വരുന്ന ദല്‍ഹിയിലെ മുഗുളഭരണകൂടത്തിന്റെ സൈന്യം, ലക്ഷത്തിലേറെ വരുന്ന ബീജാപ്പൂരിന്റെ ആദില്‍ശാഹി സൈന്യം, അത്രതന്നെ വരുന്ന ഭാഗ്യ നഗരത്തിന്റെ കുതുബുശാഹി സൈന്യം, പടിഞ്ഞാറന്‍ സമുദ്രതീരത്ത് നിരന്നുനില്ക്കുന്ന പോ
ര്ത്തുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഡച്ച് മുതലായവരുടെ യൂറോപ്യന്‍ സൈന്യം. ഇങ്ങനെയുള്ള പ്രബല ശത്രുക്കളുടെ അപാരമായ സൈനിക ശക്തിയെവിടെ, എവിടെയോ ഒരു മൂലയ്ക്ക് ആരുമറിയാത്ത ഒരു ബാലനും ഒരു വൃദ്ധനും കുറച്ചു വനവാസിക്കുട്ടികളും ചേര്‍ന്ന സംഘം എവിടെ! ഈ സംഘം ഹിംന്ദവി സ്വരാജ് സ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു!! കേട്ടവര്‍ കേട്ടവര്‍ പരിഹസിച്ചുതുടങ്ങി.
ചുറ്റുമുള്ള സ്വജനങ്ങളും ബന്ധുക്കളും ഇതിനെ അനുകൂലിച്ചിരുന്നില്ല. ആരുടെ കയ്യിലാണോ വാള്, രാജ്യം അയാളുടേത് എന്നതായിരുന്നു അന്നത്തെ സ്ഥിതി. സ്ഥാനീയ ഭരണകര്‍ത്താക്കളായിട്ടുള്ള ദേശമുഖുമാര്ക്കും ചെറിയ ചെറിയ സൈന്യം ഉണ്ടായിരുന്നു. അവര്‍ തമ്മിലും പരസ്പര ശത്രുതയും യുദ്ധവും. ആബാലവൃദ്ധം ജനങ്ങളെ കൊല്ലലും നിത്യേന നടന്നിരുന്നു. ഇതെല്ലാം അവിടെ സാധാരണമായിരുന്നു. ചെറിയ ചെറിയ വിഷയങ്ങളുടെ പേരില്‍ നടക്കുന്ന കലഹം കാരണം വംശം തന്നെ അറ്റുപോകുമായിരുന്നു. ശഹാജിയുടെ ബന്ധുക്കളും ഒരവസരത്തില്‍ ഇത്തരത്തിലൊരു കലഹത്തില്‍പ്പെട്ടു.
ഒരിക്കല്‍ മതംപൊട്ടിയ ഒരാനയെ കൊല്ലാനായി ജീജാബായിയുടെ ജ്യേഷ്ഠന് ദത്താജി വാളൂരിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. ആനയെ രക്ഷിക്കാനായി ശഹാജിയും അദ്ദേഹത്തിന്റെ ഒരു സഹോദരനും നിന്നു. ഈ കലഹത്തിനിടക്ക് ആന മറ്റൊരുവഴിക്ക് പോയി. എന്നാല്‍ കലഹത്തില്‍ ശഹാജിയുടെ സഹോദരന് സംഭാജിയും ജീജാബായിയുടെ ജ്യേഷ്ഠന് ദത്താജിയും കൊല്ലപ്പെട്ടു, ശഹാജി ബോധംകെട്ടു വീണു. ഗ്രാമംതോറും വീടുകള്‍ തോറും ഇത്തരം സംഭവങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ചുറ്റുമുള്ള ശത്രുക്കളെ അപേക്ഷിച്ച് സ്വജനങ്ങളുടെ ആത്മഹത്യാപരമായ നിലപാട് കൂടുതല്‍ അപകടകരമായിരുന്നു. ഈ സ്ഥിതിയില്‍ ശിവാജിയുടെ സ്വരാജ്യസ്ഥാപനമെന്ന ലക്ഷ്യം ഉപഹാസത്തിനു കാരണമായതില്‍ അദ്ഭുതമുണ്ടോ?
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: