ന്യൂദല്‍ഹി: കാര്‍ഷികബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ നടപടി ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷക സമൂഹത്തിന് അഭിനന്ദനം. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനത്തിനും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുന്നതിനും ബില്ലുകള്‍ സഹായിക്കും, മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ കര്‍ഷക സമൂഹം പരിമിതികളുടെ ബന്ധനത്തിലും ഇടനിലക്കാരുടെ ഭീഷണിയിലുമാണ് പതിറ്റാണ്ടുകളായി കഴിയുന്നത്. ഇരുസഭകളും പാസാക്കിയ ഈ ബില്ലുകളിലൂടെ കര്‍ഷകരെ അത്തരം ഭീഷണികളില്‍ നിന്ന് മോചിപ്പിച്ചിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും അവര്‍ക്ക് അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് പ്രേരണയായി പുതിയ നിയമനിര്മ്മാണംമാറുമെന്നും മോദി പറഞ്ഞു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ ആവശ്യകത കഠിനാധ്വാനികളായ കര്‍ഷകര്‍ക്കുണ്ട്. പുതിയ ബില്ലുകള്‍ വഴി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം കര്‍ഷകര്‍ക്ക് ലഭ്യമാകും. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഒരിക്കല്‍ കൂടി പറയുന്നതായും മോദി ഉറപ്പുനല്‍കി.
കാര്‍ഷിക മേഖലയുടെ ശാക്തീകരണം ലക്ഷ്യമിടുന്ന നിയമ നിര്‍മാണം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അറിയിച്ചു. രാജ്യത്തെ കര്‍ഷകസഹോദരങ്ങള്‍ക്കും നദ്ദ അഭിനന്ദനങ്ങള്‍ നേര്‍ന്നു. കഴിഞ്ഞ എഴുപത് വര്‍ഷമായി തുടര്‍ന്ന അനീതിയാണ് മോദി സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ താങ്ങുവില ഭാവിയിലും തുടരുമെന്ന ഉറപ്പും ജെ.പി നദ്ദ നല്കി.
ബില്ലിനെതിരായി രംഗത്ത് വന്നവര്‍ കര്‍ഷക വിരുദ്ധരാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സഭയില്‍ പ്രതിഷേധിച്ച അംഗങ്ങളുടെ നടപടിയില്‍ അതൃപ്തിരേഖപ്പെടുത്തുന്നതായും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: