കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ മലയോരത്ത് ഉരുള്‍പൊട്ടുകയും വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വെള്ളം കയറി ഒറ്റപ്പെട്ട മധൂര്‍ പട്ട്ള വില്ലേജിലുള്ള മൂന്ന് കുടുംബത്തിലെ 16 പേരെ ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ റോഡിലെത്തിച്ചു ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ 10 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 121.64 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി രേഖപ്പെടുത്തിയത് 3708.02 മില്ലിമീറ്റര്‍ മഴയാണ്.
മലയോര പഞ്ചായത്തുകളില്‍ ശക്തമായി മഴ തുടരുകയാണ്.
വെള്ളരിക്കുണ്ട് താലൂക്കില്‍ നേരത്തേ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ നിന്ന് മുന്‍കരുതലായി ബളാലില്‍ 12 കുടുംബങ്ങളെയിം മാലോത്ത് ഒരു കുടുംബത്തെയും പാറകല്ല് വീഴുമെന്ന ഭീഷണിയുള്ളതിനാല്‍ കള്ളാര്‍ വില്ലേജിലെ രണ്ട് കുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന് അറിയിച്ചു. കോട്ടഞ്ചേരി വനമേഖലയില്‍ മഴ കുറവാണ്. ആളാപായമില്ല. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. റവന്യു ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
ചിറ്റാരിക്കാല്‍ വില്ലേജില്‍ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ നല്ലോമ്പുഴ ഷാജു പി.ജി പാലിയത്ത് എന്നവരും കുടുംബവും താമസിയ്ക്കുന്ന ഷീറ്റ് ഇട്ട വീടിന് മുകളിലേയ്ക്ക് താന്നിമരം കടപുഴകി വീണ് ഭാഗീകമായി തകര്‍ന്നു. 50000 രൂപയുടെ നാശനഷ്ടം ഉണ്ടായി.
കളളാര്‍ വില്ലേജില്‍ ഓട്ടക്കണ്ടത്തെ കൂറ്റന്‍ പാറ അപകടാവസ്ഥയിലായതിനാല്‍ പ്രദേശത്തെ മൂന്ന് കൂടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ബെള്ളൂര്‍ വില്ലേജിലെ മൊടഗ്രാമം അഞ്ചാം വയല്‍ എ.വി.നാരായണന്റെ കിണര്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞു ഉപയോഗശൂന്യമായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
മഞ്ചേശ്വരത്ത് ദേശീയപാതയില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കൂറ്റന്‍ മരത്തിന്റെ ഒരു ഭാഗം ദേശീയ പാതയ്ക്ക് കുറുകെ പൊട്ടിവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാര്‍ ചേര്‍ന്ന് ഒടിഞ്ഞുവീണ മരം മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപ്പിച്ചത്. ഓമഞ്ചൂര്‍-ബങ്കര-മഞ്ചേശ്വരം പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് 75 ഏക്കറോളം കൃഷിയിടങ്ങള്‍ വെള്ളം കയറി നഷിച്ചു. കൂള്ളൂര്‍, മജ്ജിവയല്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. നിരവധി തെങ്ങുകളും കവുങ്ങുകളും കടപുഴകി. മറ്റു കൃഷികള്‍ക്കും നാശമുണ്ടായി.
ബേഡഡുക്ക: മലയോരത്ത് രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ കാഞ്ഞിരത്തിങ്കാല്‍ കുട്ട്യാനത്ത് ഉരുള്‍പൊട്ടി. കാഞ്ഞിരത്തിങ്കാല്‍-വാവടുക്കം റോഡിന്റെ താഴെവശത്താണ് മണ്ണും കല്ലും വെള്ളവും ഉള്‍പ്പെടെ ഒലിച്ചിറങ്ങിയത്. ചെങ്കുത്തായ മലയുടെ അടിവാരമാണിവിടം. റോഡ് ടാറിട്ടതിന്റെ തൊട്ടടുത്തുവെച്ചാണ് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. നൂറുമീറ്ററോളം താഴ്ചയിലേക്ക് മണ്ണ് ഒലിച്ചെത്തി. കാസര്‍കോട് കളക്ടറേറ്റിലെ സര്‍വേയര്‍ കാഞ്ഞിരത്തിങ്കാല്‍ മീത്തല്‍ ചേരിപ്പാടിയിലെ വൈഷ്ണവത്തില്‍ എം.കുഞ്ഞിരാമന് നായരുടെ ഭാര്യ വസന്തയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഉരുള്‍ പൊട്ടിയത്. ഇവരുടെ താമസസ്ഥലത്തിന് എതിര്‍വശത്തുള്ള കുന്നിന്റെ മധ്യഭാഗത്തായാണ് അപകടം. തെങ്ങിന്‍തോപ്പാണിവിടം. താഴെ വീടുകള്‍ ഇല്ലാത്തതിനാല്‍ ആളപായമില്ല. കൃഷിയിടം, തോട്, കുളം എന്നിവ മണ്ണുമൂടി.
റോഡിന് മുകള്ഭാഗം പാറക്കല്ലുകളാണ്. ഇവിടെ റോഡ് കുറുകെ താഴ്ത്തി കോണ്‍ക്രീറ്റ് ചെയ്താണ് മഴക്കാലത്ത് വെള്ളം ഒഴുകുന്നതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനു സമീപത്താണ് മണ്ണ് നിരങ്ങിയത്. കലുങ്ക് നിര്‍മിക്കാതെ റോഡ് കുറുകെ താഴ്ത്തി കോണ്‍ക്രീറ്റ് ചെയ്തത് നിര്‍മാണത്തിലെ പോരായ്മയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കുഞ്ഞിരാമന് കൃഷിയിടത്തില്‍ ജലസേചനത്തിനായി മൂന്നരലക്ഷം രൂപ ചെലവില്‍ കഴിഞ്ഞവര്‍ഷമാണ് കുളം നിര്‍മിച്ചത്. കുളവും കൃഷിയിടവും പൂര്‍ണമായും മണ്ണിനടിയിലായി.
ഉദുമ: രണ്ട് ദിവസമായി തകര്‍ത്തുപെയ്യുന്ന മഴ ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലെ കൊയ്ത്തുതുടങ്ങിയതും കൊയ്യാന്‍ പാകമായതുമായ 40 ഏക്കറിലധികം സ്ഥലത്തെ നെല്‍ക്കൃഷി വെള്ളത്തിലായിട്ടുണ്ട്. പള്ളിക്കരയിലെ അരവത്ത് പാടശേഖരത്തില്‍ ഏക്കര്‍ കണക്കിന് നെല്ല് വെള്ളത്തിലാണ്. ജയ, മനോരത്ന, ശ്രേയസ്, ഉമ, മുണ്ടക്കയ്മ തുടങ്ങിയവയാണ് നട്ടിരുന്നത്. ഇതില്‍ ജയ കൃഷി ചെയ്തതവര്‍ കൊയ്ത്ത് തുടങ്ങിയിരുന്നു. മറ്റുചിലര്‍ കൊയ്യാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനിടയിലാണ് ശനിയാഴ്ച വൈകീട്ടോടെ വയലുകള്‍ വെള്ളത്തിലായത്. പാക്കം കരുവാക്കോട് പാടശേഖരത്തില്‍ 10 ഏക്കറോളം വയല്‍ വെള്ളത്തിലാണ്. ഇവിടെയും കൊയ്ത്തുതുടങ്ങിയിരുന്നു. ഇ.വി.കുഞ്ഞിരാമന്, അമ്പുഞ്ഞി പാലത്തിങ്കല്‍, കുഞ്ഞിക്കണ്ണന് പാലത്തിങ്കല്‍, മയൂരി ഗോവിന്ദന്, പി.സി.പ്രമീള, പി.ഗംഗാധരന്, ടി.കുഞ്ഞിക്കണ്ണന് നായര്‍ തുടങ്ങിയ കര്‍ഷകര്‍ക്കെല്ലാം കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഉദുമയിലെ ബാര, മുദിയക്കാല്‍ പാടശേഖരങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: