ജനങ്ങള്‍ എതിരാവുകയും, രാഷ്ട്രീയമായി ഒറ്റപ്പെടുകയും ചെയ്യുമ്പോഴൊക്കെ ഇസ്ലാമിക മതമൗലിക വാദത്തെ ആളിക്കത്തിച്ച് വര്‍ഗീയ ധ്രൂവീകരണത്തിലൂടെ മുതലെടുപ്പ് നടത്തുകയെന്നത് സിപിഎമ്മിന്റെ നയമാണ്. രാഷ്ട്രീയ സദാചാരമോ മതസൗഹാര്‍ദ്ദമോ ഇതിന് ഒരു തടസ്സമായി സിപിഎം കാണാറില്ല. ഭരണഘടനയോ നിയമവാഴ്ചയോ കണക്കിലെടുക്കാറില്ല. രാജ്യദ്രോഹവും കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസും, പ്രമുഖ സിപിഎം നേതാക്കളുടെ കുടുംബങ്ങളും വന്നിരിക്കുന്നതോടെ പച്ചയായ മത വര്‍ഗീയത പ്രചരിപ്പിച്ച് ഒരു വിഭാഗത്തിന്റെ പിന്തുണയുറപ്പിക്കാനാണ് സിപിഎമ്മും, പിണറായി വിജയന് നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരും ശ്രമിക്കുന്നത്.
രാജ്യദ്രോഹക്കേസില്‍ ആരോപണ വിധേയനാവുകയും, എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒന്നിലധികം തവണ ചോദ്യം ചെയ്യുകയും, പ്രതിപ്പട്ടികയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ കൂടി ചുമതലയുള്ള ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടങ്ങാത്ത ജനകീയ പ്രക്ഷോഭങ്ങളുടെ വേദിയായി കേരളം മാറിയിരിക്കുകയാണ്. ഈ പ്രതിഷേധാഗ്നിയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എരിഞ്ഞടങ്ങുമെന്ന് വ്യക്തമായതോടെയാണ് ആപല്‍ക്കരമായ വര്‍ഗീയ പ്രചാരണം സിപിഎം കെട്ടഴിച്ചുവിട്ടിരിക്കുന്നത്. ഭീകരവാദക്കേസുകളുടെ അന്വേഷണത്തിനായി രൂപംകൊടുത്ത എന്‍ഐഎ അതിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രിയായിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യുന്നത്. അത് കെ.ടി.ജലീലാണ്. അനഭിമതനായിരിക്കുന്ന ഈ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ വിശുദ്ധ ഖുറാനെ അവഹേളിക്കുകയാണെന്ന വിചിത്ര വാദമാണ് സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉന്നയിച്ചത്.
യുഎഇ കോണ്‍സുലേറ്റിലൂടെ വന്ന ഖുറാന് പാക്കറ്റുകള്‍ വഴി മന്ത്രി ജലീല്‍ സ്വര്‍ണ കള്ളക്കടത്ത് നടത്തിയെന്നാണ് ആരോപണം. താന്‍ കടത്തിയത് സ്വര്‍ണം തന്നെയാണെന്നും, അന്വേഷണ ഏജന്‍സികള്‍ അത് കണ്ടുപിടിക്കുമെന്നും ജലീലിന് നല്ലതുപോലെ അറിയാം. ഈ സാഹചര്യത്തില്‍ മതപരമായ രാഷ്ട്രീയ പിന്തുണ ഉറപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. സ്വര്‍ണമല്ല, ഖുറാനാണ് താന്‍ കൈപ്പറ്റിയതെന്ന് ആവര്‍ത്തിക്കുന്ന ജലീല്‍ കള്ളക്കടത്തിനും മതമുണ്ടെന്ന് സ്ഥാപിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്കിടയില്‍ ഖുറാനെ നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്നത് ജലീല്‍ തന്നെയാണ്. ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു വഴിയുമില്ലെന്ന് തിരിച്ചറിഞ്ഞ സിപിഎം, ജലീലിന്റെ ഇതേ അടവുനയം പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഴിമതിയുടെയും രാജ്യദ്രോഹത്തിന്റെയും പേരില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ ഖുറാനെതിരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്, ജലീലിന്റെ അരിവെപ്പുകാരനെപ്പോലെയാണ് പെരുമാറുന്നത്.
സിപിഎമ്മിന്റെ ചരിത്രവും പൈതൃകവും അറിയുന്നവര്‍ക്ക് ഇസ്ലാമിക മതമൗലികവാദവുമായുള്ള അവിശുദ്ധ സഖ്യത്തില്‍ അദ്ഭുതം തോന്നില്ല. ഖിലാഫത്തിന്റെ കാലത്ത് ഇന്ത്യയില്‍ താമസിക്കാനിഷ്ടമില്ലാതെ രാജ്യം വിട്ടവരെ താഷ്ക്കന്റില്‍ വിളിച്ചു ചേര്‍ത്താണല്ലോ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് മുസ്ലിംലീഗിനും മുഹമ്മദാലി ജിന്നയ്ക്കുമൊപ്പമാണ് പാര്‍ട്ടി നിന്നത്. 1967 ലെ സപ്തകക്ഷി മുന്നണിയില്‍ ലീഗിനെ ഉള്‍പ്പെടുത്തി മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ഐക്യ കേരളത്തിലെ ഇസ്ലാമികവല്‍ക്കരണത്തിന്റെ തുടക്കവും ഇതായിരുന്നു. 1990 കളുടെ തുടക്കത്തില്‍ കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സദ്ദാം ഹുസൈനെ ഉയര്‍ത്തിക്കാട്ടി മതധ്രുവീകരണത്തിലൂടെ വോട്ടു നേടി. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് അവശതകളില്ലെന്നായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. എന്നിട്ടും അതിന്റെ അടിസ്ഥാനത്തില്‍ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയുണ്ടാക്കി സിപിഎം വര്‍ഗീയപ്രീണനം നടത്തി. മത ഭീകരനായ മദനിയെ വെള്ളപൂശി മഹാത്മാവാക്കിയതും പിണറായിയുടെ സിപിഎമ്മാണ്. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ജലീലിന് മതത്തിന്റെ കവചമൊരുക്കാന്‍ സിപിഎമ്മും ഇടതുസര്‍ക്കാരും ശ്രമിക്കുന്നത്.
ഇന്ത്യയെ ഇസ്ലാമിലൂടെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കെ.ടി. ജലീലിന്റെ പാത പിന്തുടര്ന്ന് മാര്‍ക്സിനെ കയ്യൊഴിയുകയും, ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗലാന മൗദൂദിക്കു പിന്നില്‍ അണിനിരക്കുകയുമാണ് സിപിഎം. പക്ഷേ മതാധിപത്യമല്ല, ജനാധിപത്യമാണ് രാജ്യത്തെ ഭരണ സംവിധാനമെന്ന് പിണറായി വിജയന് മറന്നു പോകരുത്. ജനങ്ങളാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ആ പദവിയിലിരുന്ന് ഭരണഘടനാപരമായ അധികാരമാണ് കയ്യാളുന്നത്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നത് ദൈവഹിതമാണെന്നു വിശ്വസിക്കുന്ന ഒരു മലയാള മൗദൂദിയെ രക്ഷിക്കാന്‍ അധികാര ദുരുപയോഗം നടത്തുന്നത് ജനങ്ങള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുമെന്ന് മുഖ്യമന്ത്രി കരുതരുത്. അവര്‍ പ്രതികരിക്കും. ഇങ്ങനെ പ്രതികരിച്ച് അധികാരത്തിനു പുറത്തേക്ക് പഴന്തുണിക്കെട്ടുപോലെ വലിച്ചെറിയപ്പെട്ട ചരിത്രം സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ക്കുണ്ടെന്ന് പിണറായി തിരിച്ചറിയണം. അവിടേക്കു തന്നെയാണ് കേരളവും അതിവേഗം എത്തിച്ചേരുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് ഇന്നല്ലെങ്കില്‍ നാളെ അഴിയെണ്ണേണ്ടിവരുന്ന ഒരു മതതീവ്രവാദിയെ രക്ഷിക്കാന്‍ ഖുറാനെ മറയാക്കാമെന്ന് വിചാരിക്കുന്നത് മൗഢ്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: