ഇന്ന് നമ്മുടെ രാഷ്ട്രീയനേതാക്കള്‍ സ്വയംപര്യാപ്തതയ്ക്ക് ഊന്നല്‍ കൊടുക്കേണ്ടതിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാകണമെന്നാണ് അവര്‍ പറയുന്നത്. എന്നുവച്ചാല്‍ ജീവിതച്ചെലവിനുള്ള ജോലി കണ്ടെത്താന്‍ അന്യനാടുകളിലേക്കോ അന്യരാജ്യങ്ങളിലേക്കോ പോകാതിരിക്കാനുള്ള തൊഴില്‍-വേതന-സംവിധാനം. ഈ തൊഴിലുണ്ടാകുന്നത് കൃഷിയിലൂടെയാകാം, വ്യവസായത്തിലൂടെയാകാം. ഈ സ്വാശ്രയസങ്കല്പം ഇക്കാലത്ത് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. കാരണം, ലോകം ആഗോളഗ്രാമമെന്ന അവസ്ഥയില്‍നിന്നു മാറി ആഗോളഗൃഹമാകാന് പോകുന്ന അവസ്ഥയായിരിക്കുന്നു. മനുഷ്യമനസ്സ് എപ്പോഴും ജലംപോലെ താഴോട്ടൊഴുകാന്‍, അതായത് വ്യക്തിത്വവികസനത്തിലേക്കെന്നതിലേറെ വ്യക്തിത്വാധഃപതനത്തിലേക്കു വഴുതിവീഴാന്‍ പ്രവണമായിരിക്കുന്നതിനാല്, അവന് മറ്റു സംസ്കാരങ്ങളില്‍നിന്നു നല്ലതിനേക്കാള്‍ ചീത്തവ സ്വാംശീകരിക്കാന്‍ സാധ്യതയുള്ളതിനാലും, അതുമൂലം വ്യക്തിയും സമൂഹവും നന്നാകുന്നതിലേറെ ചീത്തയാകാന്‍ സാധ്യതയുള്ളതിനാലും, സ്വന്തം രാജ്യത്തുതന്നെ പഠിക്കാനും സ്വന്തം രാജ്യത്തുതന്നെ തൊഴില്‍ കണ്ടെത്താനും സ്വന്തം രാജ്യത്തു കഴിയാനും ശ്രമിക്കാനും, അത്യാവശ്യംകൊണ്ടല്ലാതെ പണത്തിനുള്ള ആര്ത്തികൊണ്ടുമാത്രം വിദേശത്തു ജോലി ചെയ്യാ
നും സ്ഥിരതാമസമാക്കാനുമുള്ള പ്രവണത ചെറുക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യക്തിവികാസത്തെ സംബന്ധിച്ചിടത്തോളം ത്യാഗഭൂമിയാണോ ഭോഗഭൂമിയാണോ സ്വീകാര്യമാകേണ്ടത് എന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്. ത്യാഗബുദ്ധികൊണ്ട് സാമ്പത്തികപുരോഗതി വലിയ തോതില്‍ ഉണ്ടാകില്ലെങ്കിലും വ്യക്തിത്വപുരോഗതിയുണ്ടാകും. ഭോഗബുദ്ധിയാല് പണത്തിന്റെ ആധിക്യംകൊണ്ടുണ്ടാകുന്ന അഹങ്കാരവും ധൂര്‍ത്തും ആര്‍ഭാടവും അധര്‍മ്മവും അതുകൊണ്ടുണ്ടാകുന്ന പാപവും വേണമോ, ത്യാഗബുദ്ധികൊണ്ടുണ്ടാകുന്ന പരസ്പരസ്നേഹവും സഹായവും ദാനവും ധര്‍മ്മവും അതുകൊണ്ടുണ്ടാകുന്ന പുണ്യവും വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട സമയമായിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: