കൊച്ചി: കേരളത്തിലും ബംഗാളിലുമായി 12 കേന്ദ്രങ്ങളില്‍ എന്‍ഐഎ ഒരേസമയം നടത്തിയ റെയ്ഡുകളില് ഒന്‍പത് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍. മുര്‍ഷിദ് ഹസന്, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. അല്‍ ഖ്വയ്ദയുടെ പാക്കിസ്ഥാന് വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍.
മുര്‍ഷിദ് ഹസന് കളമശേരിക്കടുത്ത് ഏലൂര്‍ പാതാളത്തുനിന്നും മറ്റു രണ്ടുപേര്‍ പെരുമ്പാവൂരില്‍ നിന്നുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ആസൂത്രണം ചെയ്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡും അറസ്റ്റും. ദല്‍ഹി എന്‍ഐഎ സംഘമാണ് അറസ്റ്റിനെത്തിയത്. അറസ്റ്റിലായവരെ കൊച്ചി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ദല്‍ഹിക്ക് കൊണ്ടുപോയി. കൊച്ചി കപ്പല്‍ശാലയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി സംശയമുണ്ട്. നിരീക്ഷണത്തിലായിരുന്നവരാണ് പിടിയിലായത്.
നജമസ് സാക്കിബ്, അബുസൂഫിയാന്, മെയ്നുള്‍ മണ്ഡല്, ല്യൂ യീന്‍ അഹമ്മദ്, അല്‍ മാമൂണ്‍ കമല്‍, അതിതുര്‍ റഹ്മാന് എന്നിവരാണ് ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് പിടിയിലായത്. ഇവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സുപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്തി കൂട്ടക്കൊലകളിലൂടെ ജനങ്ങളില്‍ ഭീതി പരത്തുകയായിരുന്നു ലക്ഷ്യമെന്ന് എന്‍ഐഎ അറിയിച്ചു. ഇവരില്‍ നിന്ന് ജിഹാദി ലഘുലേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ചില രേഖകളും മുര്ച്ചയുള്ള ആയുധങ്ങളും നാടന്‍ തോക്കുകളും പടച്ചട്ടയും ബോംബു നിര്‍മ്മാണം സംബന്ധിച്ച കുറിപ്പുകളും പിടിച്ചെടുത്തു. പടക്കപ്പെട്ടികളും സ്വിച്ചുകളും ബാറ്ററികളുമാണ് മുര്‍ഷിദാബാദിലെ അബു സൂഫിയാന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. പടക്കങ്ങളില്‍ നിന്ന് പൊട്ടാസിയം ക്ലോറേറ്റ് ശേഖരിച്ച് അത് ഉപയോഗിച്ച് ബോംബുകള്‍ക്ക് തീവ്രത കൂട്ടാനായിരുന്നു പദ്ധതി.
പാക്കിസ്ഥാന് ആസ്ഥാനമായ അല്‍ ഖ്വായ്ദയുടെ പ്രചോദനത്താലാണ് ഇവര്‍ അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ മൊഡ്യൂള്‍ തുടങ്ങിയത്.
തകര്‍ത്തത് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതി
ന്യൂദല്‍ഹി: രാജ്യവ്യാപക റെയ്ഡില്‍ എന്‍ഐഎ ഒന്‍പതു ഭീകരരെ പിടിച്ചതോടെ പൊളിഞ്ഞത് രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള വന്‍പദ്ധതി.
തന്ത്രപ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കാനും ദല്‍ഹി അടക്കം പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ അഴിച്ചുവിടാനുമാണ് പാക് പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന അല്‍ഖ്വയ്ദ മൊഡ്യൂള്‍ പദ്ധതിയിട്ടിരുന്നത്. ഇവര്‍ ഇതിന് ഫണ്ടും ആയുധങ്ങളും ശേഖരിച്ചുവരികയായിരുന്നു. കേരളത്തിലും ബംഗാളിലുമായി അല്‍ഖ്വയ്ദ മൊഡ്യൂള്‍ പ്രവര്‍ത്തിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 11ന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ബംഗാളിലും കേരളത്തിലും പുലര്‍ച്ചെ ഒരേ സമയത്തായിരുന്നു റെയ്ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: