അഥര്‍വവേദത്തിന് ഇതരവേദങ്ങള്‍ക്കൊപ്പം മഹത്വം കല്‍പ്പിക്കാറില്ലെങ്കിലും അഥര്‍വവേദീയ ഉപനിഷത്തുകള്‍ക്ക് ശ്രേഷ്ഠ പദവിയാണുള്ളത്. ഈ ഉപനിഷത്തുകളുടെ ശാന്തിപാഠം ആശയത്തിന്റെ അഴകും ആഴവുംകൊണ്ട് ഉദാത്തമായിരിക്കുന്നു.
ഓം ഭദ്രം കര്‍ണേഭി ശ്രുണുയാമ
ദേവാഃ, ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടുവാം
സസ്തന്തഭിര്വശ്യേമയോ ദേവഹിതം
യദായുഃ സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ
സ്വസ്തി നഃ പൂഷാവിശ്വവേദാഃ സ്വസ്തിന
സ്താര്ക്ഷ്യോ അരിഷ്ടനേമിഃ,
സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു
അര്‍ത്ഥം: അല്ലയോ ദേവകളേ, ഞങ്ങള്‍ ചെവികൊണ്ട് മംഗളകരമായതുമാത്രം കേള്‍ക്കട്ടെ. കണ്ണുകൊണ്ട് മംഗളകരമായതുമാത്രം കാണട്ടെ. ബലിഷ്ഠങ്ങളായ അവയവങ്ങളെക്കൊണ്ട് ഈശ്വരസ്തുതിയോടുകൂടി ജീവിതം നയിക്കുന്നവരാകട്ടെ, യശസ്വിയായ ഇന്ദ്രനും സര്‍വജ്ഞനായ സൂര്യനും ആപന്നാ ശകനായ ഗരുഡനും ബൃഹസ്പതിയും ഞങ്ങള്ക്കുമംഗളം നല്കട്ടെ!
പ്രശ്നോപനിഷത്തിലെ പിപ്പലാദന്‍ ആചാര്യത്വത്തിന്റെ ആര്ഷമുഖംതന്നെ. സത്യാന്വേഷികളായെത്തിയ ജിജ്ഞാസുക്കളായ ശിഷ്യരുടെ ബുദ്ധിയെ പ്രപഞ്ച ജീവിതത്തിന്റെ ഗൂഢരഹസ്യങ്ങളിലേക്ക് ഗുരു കൂട്ടിക്കൊണ്ടുപോകുന്നു. ചിജ്ജഡങ്ങളുടെ സംഘര്‍ഷവേദിയായ പ്രപഞ്ചത്തിന്റെ ആദ്ധ്യാത്മിക വ്യാഖ്യാനമാണ് പ്രശ്നോപനിഷത്ത് നല്‍കുന്നത്. ഉപനിഷത്തുകള്‍ക്ക് മുന്പില് തൊഴുകൈക്കുമ്പിളുമായി നിന്നവരിവിടെ എത്രയെത്ര. വിവേകാനന്ദന്, രവീന്ദ്രനാഥ ടാഗോര്‍, അരവിന്ദഘോഷ്, മഹാത്മാഗാന്ധി, ഡോ. എസ്. രാധാകൃഷ്ണന്….
ഡോ. എസ് രാധാകൃഷ്ണന്റെ വിശ്രുതഗ്രന്ഥമാണ് ഉപനിഷത്തുകളുടെ തത്വശാസ്ത്രം. (The Philosophy of the Upanishads) അവതാരികയില്‍ ഇന്ത്യയുടെ ദേശീയകവി രവീന്ദ്രനാഥ ടാഗോര്‍ ഇങ്ങനെ എഴുതുന്നു. ‘ഏതെങ്കിലുമൊരു മഹാപുരുഷന്റെ ആത്മീയാനുഭൂതിയുടെ മാത്രമല്ല, ഒരു മഹത്തായ യുഗത്തിന്റെ സങ്കീര്‍ണവും സംയുക്തവുമായ പ്രകാശനത്തിന്റെ പ്രതിനിധി കൂടിയാണ് ഉപനിഷത്ത്. അത് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പോലെയാണ്. ഉപനിഷത്തിന് ഒരുജ്ജ്വല നിര്‍വചനം ഗാന്ധിജി നവല്കിയിട്ടുണ്ട്. പാരമാര്‍ത്ഥികമായ മനുഷ്യാനുഭൂതിയുടെ പരിഛേദങ്ങളാണ് ഉപനിഷത്തുകള്‍.
‘ഹിന്ദുമതം നശിക്കുന്നുണ്ടെങ്കില്‍, ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ലെന്നുള്ള വേദോപനിഷത്തുകളുടെ മഹാസന്ദേശം – മഹാവാക്യം നാം ജീവിതത്തില്‍ നടപ്പാക്കാത്തതുകൊണ്ടായിരിക്കും.’ മഹാത്മാവിന് വേണ്ടിയെങ്കിലും നാം ഉപനിഷത്തുകളില്‍നിന്ന് അകലാതിരിക്കുക. വിശിഷ്യാ, പ്രശ്നോപനിഷത്തില്നിന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: