കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനും ടി.കെ പൂക്കോയ തങ്ങളും പ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് സ്റ്റേഷനില്‍ ഇന്നലെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 55 ആയി. ചന്തേര പോലീസ്-39, കാസര്‍കോട്-10, പയ്യന്നൂര്‍ പോലീസ്-6. തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ അമ്മയും മകനുമാണ് പുതുതായി ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അതിനിടെ ഫാഷന്‍ ഗോള്‍ഡ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തുടക്കമിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ സി.എ. അബ്ദുല്‍റഹീം, എം.എ. മാത്യു, കെ. മധുസൂദനന് എന്നിവരുള്‍പ്പെടുന്ന 12 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ദിവസങ്ങളായെങ്കിലും രണ്ട് പോലീസുകാര്‍ക്കും ഡ്രൈവര്‍ക്കും കൊറോണ ബാധിച്ചതിനാല്‍ അന്വേഷണം വൈകുകയായിരുന്നു.
കേസന്വേഷിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശോധന നടത്തിയ ശേഷം ഇന്നലെ യോഗം ചേര്‍ന്നാണ് അന്വേഷണമാരംഭിക്കാനുള്ള തീരുമാനമെടുത്തത്. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പന്ത്രണ്ട് കേസുകളും കാസര്‍കോട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പത്തുകേസുകളില്‍ ഒന്നുമാണ് അന്വേഷിക്കുന്നത്. പതിമൂന്ന് കേസുകളിലായി 1.45 കോടി രൂപയുടെ നിക്ഷേപതട്ടിപ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണപരിധിയില്‍ വരുന്നത്. ഈ കേസുകളുടെ ഫയലുകള്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: