തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച കരിങ്കുന്നത്തെ യുഡിഎഫ് വനിതാ ഗ്രാമപഞ്ചായത്തംഗത്തിന്റെ പ്രഥമ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പി.ജെ. ജോസഫ് എംഎല്‍എയോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് രോഗം സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച കരിങ്കുന്നത്ത് പി.ജെ. ജോസഫ് എംഎല്‍എ പങ്കെടുത്ത രണ്ട് പരിപാടികളിലും പഞ്ചായത്തംഗം സജീവമായി പങ്കെടുത്തിരുന്നു. ഒരു പരിപാടി ഈ അംഗത്തിന്റെ വാര്‍ഡിലായിരുന്നു. പഞ്ചായത്തംഗത്തിന്റെ പ്രഥമസമ്പര്ക്ക പട്ടികയില്‍ ഇതുവരെ അറുപതോളം പേരെ കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇനിയുമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പഞ്ചായത്തംഗം എത്തിയ ബാങ്കുകളും അണുവിമുക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസ് അടച്ചു
കരിങ്കുന്നം പഞ്ചായത്തംഗത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ പ്രഥമസമ്പര്ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, ഒരു ജീവനക്കാരി എന്നിവരും മുഴുവന്‍ പഞ്ചായത്തംഗങ്ങളും നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗം പിടിപെട്ട അംഗം കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇതോടെയാണ് മുഴുവന്‍ അംഗങ്ങളും നിരീക്ഷണത്തില്‍
പോകാന്‍ നിര്‍ദേശിച്ചത്. പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം അടച്ചു. ചൊവ്വാഴ്ച മുതല്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരന് കൊറോണ
തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരിലൊരാള്‍ക്ക് കൂടി കൊറോണ, ഇന്നലെ ഡിപ്പോയിലെ 98 ജീവനക്കാരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇതില്‍ പോയിന്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാരിലൊരാള്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന് നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകണമെന്ന് അറിയിച്ചതായി കെഎസ്ആര്‍ടിസി ഡി.ടി.ഒ ആര്. മനേഷ് അറിയിച്ചു. കഴിഞ്ഞദിവസം ഒരു കണ്ടക്ടര്‍ക്ക് കൊറോണ സ്ഥികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: